കൊച്ചി: കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചന സംബന്ധിച്ച അന്വേഷണം എങ്ങുമെത്താതെ നീണ്ടുപോകുന്നു. സിനിമാ രംഗത്തെ പ്രമുഖർ അടക്കമുള്ളവരെ അരസ്റ്റു ചെയ്യുമെന്ന വിധത്തിലേക്ക് കാര്യങ്ങൾ എത്തിയിരുന്നെങ്കിലും ഇപ്പോൾ അന്വേഷണം മറ്റൊരു ദിശയിലാണ് നീങ്ങുന്നതെന്നാണ് സൂചന. സിനിമാതാരം ദിലീപിന് എതിരെ യാതൊരു തെളിവും ലഭിച്ചിട്ടില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ ഇപ്പോഴും പറയുന്നത്. പൾസർ സുനിയുടെയും മറ്റുള്ളവരുടെയും മൊഴികളിലെ വൈരുദ്ധ്യം അന്വേഷണ ഉദ്യോഗസ്ഥരെ ശരിക്കു്ം വട്ടംകറക്കുന്നുണ്ട്.

നടിയെ ആക്രമിച്ച കേസിൽ സാഹചര്യങ്ങളും തെളിവുകളും കൂട്ടിയോജിപ്പിക്കാനാകാത്ത അവസ്ഥയിലാണ് അന്വേഷണ സംഘം. ഒട്ടേറെ വിവരങ്ങൾ ശേഖരിച്ചിട്ടുണ്ടെങ്കിലും ഇവ പരസ്പരം യോജിക്കാത്തതിനാൽ അറസ്റ്റ് വൈകുകയാണ്. കേസുമായി ബന്ധപ്പെട്ട് കാവ്യ മാധവനെ അടുത്ത ദിവസങ്ങലിൽ തന്നെ ചോദ്യം ചെയ്‌തേക്കും. മൊഴിയെടുത്ത ശേഷം കേസ് ഇലയ്ക്കും മുള്ളിനും കേടില്ലാതെ അവസാനിപ്പിക്കാനാണ് ഇപ്പോഴത്തെ പൊലീസ് നീക്കമെന്നാണ് സൂചന.

നേരത്തെ ആക്രമിക്കപ്പെട്ട നടിയുടെ മൊഴി രണ്ടാമതും രേഖപ്പെടുത്തിയശേഷം മഞ്ജുവാര്യരുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. രണ്ടാഴ്ചമുമ്പായിരുന്നു ഇത്. കേസിനെ ബാധിക്കുമെന്നതിനാൽ ഇത് പൊലീസ് അതീവരഹസ്യമായിവെച്ചിരിക്കുകയാണ്. ആക്രമിക്കപ്പെട്ട നടി നൽകിയ മൊഴിയിലെ വിശദാംശങ്ങളിൽ വ്യക്തത വരുത്താൻ വേണ്ടിയാണ് അന്വേഷണ സംഘം മഞ്ജുവിൽ നിന്നും മൊഴിയെടുത്തത്. ദിലീപും മഞ്ജുവുമായി സൗഹൃദമുള്ള മറ്റ് സിനിമാക്കാരിൽ നിന്നും പൊലീസ് വിവരം തേടുന്നുണ്ട്. എന്നാൽ, ദിലീപിന് എതിരെയോ നാദിർഷാക്ക് എതിരെയോ കേസ് എടുക്കേണ്ട സാഹചര്യം നിലവിൽ ഇല്ലെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. അടുത്തദിവസങ്ങളിൽ കൂടുതൽപ്പേരെ ചോദ്യംചെയ്യുമെന്നാണ് സൂചന.

ഇതിനിടെ, പൊലീസ് കസ്റ്റഡിയിൽ അഞ്ചുദിവസത്തേക്ക് വിട്ടുകൊടുത്തത് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതി പൾസർ സുനിയുടെ അഭിഭാഷകൻ കോടതിയിൽ നൽകിയ ഹർജി തള്ളി. പൊലീസ് മർദിക്കുന്നുവെന്നാരോപിച്ചാണ് ഹർജി നൽകിയിരുന്നത്. ജയിലിലെ ഫോൺവിളി സംബന്ധിച്ച് മൊഴിയെടുക്കുന്നതിനു പകരം നടിയെ ആക്രമിച്ച കേസിൽ ചോദ്യംചെയ്യുന്നുവെന്നും സുനി പറഞ്ഞിരുന്നു. ഗൂഢാലോചനയിലെ പങ്കാളിത്തം ആരോപിക്കപ്പെട്ട കാവ്യയുടെ അമ്മയെയും പൊലീസ് ചോദ്യ ചെയ്‌തേക്കും.

ദിലീപിന്റെ മാനേജർ അപ്പുണ്ണിയും സുനിയും തമ്മിലെ സംഭാഷണമാണ് സുനിയെയും ദിലീപിനെയും ബന്ധപ്പെടുത്താൻ കഴിയുന്ന ഏക തെളിന്. എന്നാൽ, ഇതിൽ വലിയ കാര്യമില്ലെന്നാണ് പൊലീസ് നിഗമനം. പൾസർ സുനിയുടെ മൊഴി തെറ്റാണെന്ന് സ്ഥാപിക്കാനുള്ള നീക്കമാണ് ആലുവ പൊലീസ് ക്ലൂബ്ബ് കേന്ദ്രീകരിച്ച് നടക്കുന്നതെന്നും കേൾക്കുന്നു.

ഗൂഢാലോചനക്ക് പുറമേ റിയൽ എസ്റ്റേറ്റ് ബന്ധങ്ങൾ, സിനിമാ മേഖലയിലെ പടലപ്പിണക്കങ്ങൾ എന്നിവയിൽ വ്യക്തത തേടാനാണ് കാവ്യയേയും അമ്മയേയും ചോദ്യം ചെയ്യുക. നടിയെ ആക്രമിച്ച ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡ് കാവ്യാ മാധവന്റെ കാക്കനാട് മാവേലിപുരത്തുള്ള ഓൺലൈൻ ഷോപ്പ് 'ലക്ഷ്യ'യിൽ എത്തിച്ചെന്നാണ് പൾസർ സുനിയുടെ മൊഴി. ജയിലിൽ നിന്ന് ദിലീപിന് എഴുതിയ കത്തിൽ കാക്കനാട്ടെ ഷോപ്പിലെത്തിയെന്നും എല്ലാവരും ആലുവയിലാണെന്ന് അറിഞ്ഞെന്നും സുനി പരാമർശിക്കുന്നുണ്ട്. ദിലീപുമായുള്ള വിവാഹത്തിന് മുമ്പേ കാവ്യ തുടങ്ങിയതാണ് ഷോപ്പ്. സുനിയും കൂട്ടാളിയായ വിജീഷും എത്തിയെന്ന് പറയപ്പെടുന്ന സമയത്തുള്ള ജീവനക്കാർ ഇപ്പോൾ ഷോപ്പിൽ ജോലിയെടുക്കുന്നില്ലെന്നാണ് വിവരം. ഇവരെ കണ്ടെത്താൻ അന്വേഷണം നടക്കുന്നുണ്ട്.

കാക്കനാട് ജയിലിൽ കഴിയവേ മൊബെയിൽ ഫോൺ ഉപയോഗിച്ച കേസിൽ പൊലീസ് കസ്റ്റഡിയിലായ സുനിയെ പൊലീസ് വിശദമായി ചോദ്യം ചെയ്ത് വരികയാണ്.ബുധനാഴ്‌ച്ച കോടതിയിൽ ഹാജരാക്കിയ സുനിയെ അഞ്ചു ദിവസത്തേക്കാണ് കസ്റ്റഡിയിൽ വിട്ടുകൊടുത്തിട്ടുള്ളത്. കേസുമായി ബന്ധപ്പെട്ട് സുനി വെളിപ്പെടുത്തിയ ദിലീപ്, നാദിർഷ എന്നിവരെ സുനിക്കൊപ്പം ഇരുത്തിയുള്ള ചോദ്യം ചെയ്യലിനും അന്വേഷണ സംഘം തയ്യാറെടുക്കുന്നുണ്ട്. ഇന്നലെ സുനിയെ ചോദ്യം ചെയ്തെങ്കിലും നിലവിലെ മൊഴികളിൽ തന്നെ സുനി ഉറച്ചു നിൽക്കുകയായിരുന്നു. എന്നാൽ ദിലീപും നാദിർഷയുമായി ബന്ധമുള്ള ധർമജൻ ബോൾഗാട്ടി, ദിലീപിന്റെ സഹോദരൻ അനൂപ്, മിമിക്രി താരം കെ എസ് പ്രസാദ്, നിർമ്മാതാവ് ആന്റോ ജോസഫ് തുടങ്ങിയവരെ രണ്ടു ദിവസമായി പൊലീസ് ചോദ്യം ചെയ്തെങ്കിലും പൾസർ സുനിയുടെ ആരോപണങ്ങളുമായി ബന്ധപ്പെടുന്ന തരത്തിലുള്ള സൂചനകൾ ലഭിച്ചിട്ടില്ലെന്നാണ് അന്വേഷണ സംഘത്തിൽ നിന്നും വ്യക്തമാകുന്നത്.

പൾസർ സുനിയുമായി ദിലീപ് ഫോണിൽ സംസാരിക്കുന്നതിനു തെളിവ് കണ്ടെത്താൻ അന്വേഷണ സംഘത്തിനു ഇതുവരെ കഴിഞ്ഞിട്ടില്ല. ദിലീപിനു ക്ലീൻ ചിറ്റ് നൽകാനും അന്വേഷണ സംഘം തയാറായിട്ടില്ല. വരും ദിവസങ്ങളിലെ ചോദ്യം ചെയ്യലിൽ നിന്നും കേസിനു വ്യക്തത വരുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ.