കൊച്ചി: പൾസർ സുനി 30 ലക്ഷം രൂപ വാഗ്ദാനം ചെയ്തിട്ടാണ് തങ്ങൾ നടിയെ ആക്രമിച്ചതെന്ന് പിടിയിലായവർ അന്വേഷണ സംഘത്തോടു വെളിപ്പെടുത്തിയതായി റിപ്പോർട്ട്. കോയമ്പത്തൂരിൽനിന്നു പിടിയിലായ വടിവാൾ സലീം, കണ്ണൂർ സ്വദേശി പ്രദീപ് എന്നിവരെ കൊച്ചിയിലെത്തിച്ച് ചോദ്യംചെയ്യൽ തുടരുകയാണ്. ഇരുവരും കൊടും കുറ്റവാളികളാണ്. കോയമ്പത്തൂരിലെ ഒളിത്താവളത്തിൽനിന്ന് ആലുവ എസ്‌പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് രണ്ടുപേരെയും പിടികൂടിയത്.

പൾസർ സുനിയുടെ നിർദ്ദേശപ്രകാരമാണ് തങ്ങൾ നടിയെ ആക്രമിച്ചതെന്നാണ് പിടിയിലായവർ പറയുന്നത്. നടിയെ ബ്ലാക്മെയിൽ ചെയ്ത് പണം വാങ്ങാമെന്നായിരുന്നു പൾസർ സുനിയുടെ വാഗ്ദാനം. 30 ലക്ഷം വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും പൾസർ സുനി ഇത് നല്കിയില്ലെന്നും പിടിയിലായവർ പറഞ്ഞതായി റിപ്പോർട്ടുകൾ പുറത്തുവരുന്നു.

പിടികൂടാനുള്ള മൂന്നു പ്രതികളെക്കുറിച്ചും വിവരം ലഭിച്ചതായാണ് അന്വേഷണ സംഘം പറയുന്നത്. ആക്രമണത്തിനു ശേഷം രണ്ടു സംഘങ്ങളാണ് പ്രതികൾ രക്ഷപ്പെട്ടത്. ഇനി പിടികൂടപ്പെടാനുള്ളവർ കേരളം വിട്ടുപോയിട്ടില്ലെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം.

നടി നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചതിന്റെ സൂത്രധാരൻ പൾസർ സുനി എന്ന സുനിൽകുമാറാണ്. ഇയാളെ പിടികൂടാനുള്ള നീക്കങ്ങൾ അന്വേഷണ സംഘം ഊർജിതമാക്കിയിട്ടുണ്ട്. നടിയുടെ വാഹനം ഓടിച്ചിരുന്ന മാർട്ടിനെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.

ഇവരെ കൂടാതെ കൂടാതെ മണികണ്ഠൻ, ബിജീഷ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. ഏഴംഗ സംഘമാണ് കൃത്യം നടത്തിയതെങ്കിലും ആറു പേരുടെ വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. തമ്മനത്തെ ക്വട്ടേഷൻ സംഘത്തിലുള്ളവരാണ് ഇവർ എന്നാണ് പൊലീസ് പറയുന്നത്.

ഒരു മാസം മുമ്പാണ് തട്ടിക്കൊണ്ടുപോകൽ ആസൂത്രണം ചെയ്തതെന്ന് പിടിയിലായവർ അന്വേഷണസംഘത്തോട് നേരത്തേ വെളിപ്പെടുത്തി. പ്രതികൾ ഉപയോഗിച്ച ടെമ്പോ ട്രാവലർ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. വാഹനം ഫോറൻസിക് വിദഗ്ദ്ധർ ശാസ്ത്രീയ പരിശോധന നടത്തി. ട്രാവലറിൽ നിന്നും പ്രതികളുപയോഗിച്ചെന്ന് കരുതുന്ന വസ്ത്രങ്ങളും കണ്ടെത്തിയിട്ടുണ്ട്. ചാലക്കുടി സ്വദേശി കാറ്ററിങ്ങിന് ഉപയോഗിക്കുന്ന ട്രാവലറാണിത്. മൂന്ന് ദിവസം മുമ്പാണ് വാഹനം വാടകയ്‌ക്കെടുത്തത്.

വെള്ളിയാഴ്ചയാണ് നടി ആക്രമിക്കപ്പെട്ടത്. പകൽ നാല് മണിയോടെയാണ് കാക്കനാട്ടെ ലാൽ മീഡിയയിൽ നിന്ന് ഡബ്ബിങ്ങിനായി നടിയെ കൂട്ടിക്കൊണ്ടുവരാൻ മഹീന്ദ്ര എക്‌സ്യുവി കാറുമായി ഡ്രൈവർ മാർട്ടിൻ തൃശ്ശൂരിലേക്ക് പുറപ്പെടുന്നത്. തൃശ്ശൂരിൽ നിന്ന് ഏഴ് മണിയോടെ നടിയുമായി കൊച്ചിയിലേക്ക് വരുമ്പോഴാണ് പൾസർ സുനിയും സംഘവും നടിയുടെ കാറിനെ പിന്തുടർന്നത്.

നെടുമ്പാശ്ശേരിക്ക് അടുത്തുള്ള കോട്ടായി എന്ന സ്ഥലത്തുവച്ചാണ് സംഭവങ്ങളുടെ തുടക്കം. പ്രതികൾ സഞ്ചരിച്ചിരുന്ന ട്രാവലർ നടി സഞ്ചരിച്ച കാറിന്റെ പിന്നിൽ ഇടിപ്പിച്ചു. ഇത് സംബന്ധിച്ച തർക്കത്തിനിടെയാണ് രണ്ട് പേർ നടിയുടെ കാറിനുള്ളിൽ കയറിയത്. നടിയുമായി നഗരത്തിൽ മൂന്ന് മണിക്കൂറോളം കറങ്ങി ഇവർ ഉപദ്രവിക്കുകയായിരുന്നു. ഇതിനിടയിൽ ട്രാവലറിൽ സഞ്ചരിക്കുകയായിരുന്ന മറ്റുള്ളവരും കാറിൽ കയറിയതായും സൂചനകളുണ്ട്. ദൃശ്യങ്ങൾ പകർത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത ശേഷം രാത്രി 11.30 യോടെയാണ് പടമുകളിൽ കാറിൽ നടിയെ ഉപേക്ഷിക്കുകയായിരുന്നു. പിന്നാലെ എത്തിയ ട്രാവലറിൽ പ്രതികൾ രക്ഷപ്പെടുകയായിരുന്നു.