- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുറിയിൽ കണ്ട ഒഴിഞ്ഞ മദ്യക്കുപ്പികൾ ആര്യ ബാനർജി ഉപയോഗിച്ചത് തന്നെ; ലിവർ സിറോസിസ് രോഗിയായിരുന്ന ആര്യയുടെ ആമാശയത്തിനുള്ളിൽ മദ്യത്തിന്റെ അംശം ഉണ്ടായിരുന്നെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്; നടിയുടെ മരണം കൊലപാതകമല്ലെന്ന നിഗമനത്തിൽ പൊലീസും
കൊൽക്കത്ത: ബോളിവുഡ് നടി ആര്യ ബാനർജിയുടെ മരണം കൊലപാതകമല്ലെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. കഴിഞ്ഞ ദിവസം താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയ ആര്യയുടെ മരണം കൊലപാതകമല്ലെന്നാണ് റിപ്പോർട്ടിലെ പരാമർശം. ലിവർ സിറോസിസ് രോഗിയായിരുന്ന ആര്യയുടെ ആമാശയത്തിനുള്ളിൽ മദ്യത്തിന്റെ അംശം ഉണ്ടായിരുന്നതായും റിപ്പോർട്ടിൽ പറയുന്നു. കൊൽക്കത്ത ജോയിന്റ് പൊലീസ് കമ്മിഷണർ മുരളീധർ ശർമയാണ് ഇക്കാര്യം മാധ്യമങ്ങളോട് വ്യക്തമാക്കിയത്.
ആര്യ ബാനർജിയെ മരിച്ച നിലയിൽ കണ്ടെത്തിയ സൗത്തുകൊൽക്കത്തയിലെ ഫ്ളാറ്റിൽ നിന്നും ഒഴിഞ്ഞ മദ്യക്കുപ്പികളുടെ വൻ ശേഖരം പൊലീസ് കണ്ടെത്തിയിരുന്നു. വെള്ളിയാഴ്‌ച്ച രാവിലെയാണ് താരത്തെ താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തിയത്. മൂക്കിൽനിന്നും വായിൽനിന്നും രക്തം പുറത്തേക്ക് ഒഴുകി ചോരയിൽ കുളിച്ച നിലയിലായിരുന്നു മൃതദേഹം. നടി ഒറ്റയ്ക്കായിരുന്നു ഫ്ളാറ്റിൽ താമസം.
സംഭവത്തിൽ എല്ലാവശങ്ങളും പരിശോധിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു. നടിയുടെ ഫോൺകോൾ വിവരങ്ങളും ഫ്ളാറ്റിലെ സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്. ആരെങ്കിലും ഫ്ളാറ്റിൽ വന്നോ കഴിഞ്ഞദിവസം ഓൺലൈൻ വഴി ഭക്ഷണം വാങ്ങിയിരുന്നോ തുടങ്ങിയ കാര്യങ്ങളും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഫൊറൻസിക് ഉദ്യോഗസ്ഥരും ഫ്ളാറ്റിലെത്തി തെളിവെടുപ്പ് നടത്തി. മുറിയിൽനിന്ന് സാംപിളുകൾ ശേഖരിച്ചതായും പൊലീസ് അറിയിച്ചു.
രാവിലെ അപ്പാർട്ട്മെന്റിലെത്തിയ ജോലിക്കാരി കോളിങ് ബെല്ല് അടിച്ചിട്ടും ഫോണിൽ വിളിച്ചിട്ടും ആര്യ പ്രതികരിക്കാത്തതിനെ തുടർന്ന് സമീപവാസികളെ വിവരം അറിയിക്കുകയായിരുന്നു. ഇവരാണ് പൊലീസിനെ വിളിച്ചത്. കട്ടിലിനു സമീപം രക്തത്തിൽ കുളിച്ച നിലയിലാണ് ആര്യയെ കണ്ടെത്തിയത്. മൂക്കിൽനിന്നും വായിൽനിന്നും രക്തം പുറത്തുവന്നിരുന്നു. സമൂഹമാധ്യമങ്ങളിൽ സജീവമായിരുന്ന ആര്യയുടെ മരണത്തിന്റെ ഞെട്ടലിലാണ് ആരാധകർ. ഏറെ വർഷമായി ഒറ്റയ്ക്കാണ് ആര്യ താമസിച്ചിരുന്നത്. കൊൽക്കത്തയിലെ ഫ്ളാറ്റിൽ ഏറെക്കാലമായി നടി ഒറ്റയ്ക്കായിരുന്നു താമസമെന്ന് പൊലീസ് പറഞ്ഞു. ഒരു വളർത്തുനായയും ഒപ്പമുണ്ടായിരുന്നു. പതിവായി ഓൺലൈൻ മുഖേനെയാണ് നടി ഭക്ഷണം വരുത്തിയിരുന്നത്. അയൽക്കാരുമായി ബന്ധമുണ്ടായിരുന്നില്ല.
പ്രമുഖ സിത്താർ വാദകനായ നിഖിൽ ബാനർജിയുടെ മകളാണ് ആര്യ ബാനർജി. ദേവദത്ത ബാനർജി എന്നാണ് യഥാർഥ പേരെങ്കിലും ആര്യ ബാനർജി എന്ന പേരിലാണ് സിനിമ-മോഡലിങ് രംഗത്ത് അറിയപ്പെട്ടിരുന്നത്. ഏകസഹോദരി സിങ്കപ്പൂരിലാണ് താമസം. ഡേർട്ടി പിക്ചർ എന്ന ബോളിവുഡ് സിനിമയിലൂടെയാണ് ആര്യ ശ്രദ്ധിക്കപ്പെട്ടത്. 2011ൽ പുറത്തിറങ്ങിയ ഹിന്ദി ചിത്രമായ ‘ദ് ഡേർട്ടി പിക്ച്ചറിൽ' വിദ്യാ ബാലനോടൊപ്പം അഭിനയിച്ചാണ് ആര്യ ശ്രദ്ധ നേടിയത്.
മറുനാടന് ഡെസ്ക്