കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് തിരുവനന്തപുരം രൂപതയിലെ വൈദികൻ ഫാ.വിക്ടറിന്റെ മൊഴിയെടുത്ത് അന്വേഷണ സംഘം. ഫാ.വിക്ടറിനോട് ആലുവ പൊലീസ് ക്ലബിലെത്താൻ ക്രൈംബ്രാഞ്ച് നിർദ്ദേശം നൽകിയിരുന്നു. സംവിധായകൻ ബാലചന്ദ്രകുമാറിന്റെ സുഹൃത്താണ് ഫാ.വിക്ടർ. കേസിൽ ജാമ്യം ലഭിച്ച ശേഷം ദിലീപിനെ ഫാ. വിക്ടർ കണ്ടിരുവെന്ന് ബാലചന്ദ്രകുമാർ ആരോപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മൊഴിയെടുത്തത്.

ഇതുസംബന്ധിച്ച് നേരത്തേ ബാലചന്ദ്രകുമാറിന്റെ മൊഴിയെടുത്തിരുന്നു. മൊഴിയിലും ഇക്കാര്യം പറയുന്നുണ്ട്. നടിയെ ആക്രമിച്ച കേസിൽ ദിലീപിന് ജാമ്യം ലഭിക്കാൻ നെയ്യാറ്റിൻകര ബിഷപ്പ് ഇടപെട്ടുവെന്നും, ജാമ്യം ലഭിച്ച ശേഷം ഫാ. വിക്ടർ ദിലീപിനെ കണ്ടിരുവെന്നുമാണ് ബാലചന്ദ്രകുമാർ പറയുന്നത്.

ഫാ. വിക്ടർ മുഖേനയാണ് ബാലചന്ദ്രകുമാർ ദിലീപിനോട് പണം ആവശ്യപ്പെട്ടിരുന്നതെന്നാണ് വിവരം. ദിലീപിന് ജാമ്യം ലഭിക്കാൻ ഏതെങ്കിലും തരത്തിലുള്ള ഇടപെടൽ ഉണ്ടായോ എന്നതിൽ വ്യക്തത വരുത്താനും, കേസിലെ തുടരന്വേഷണത്തിന്റെ ഭാഗമായുമാണു മൊഴിയെടുത്തത്.

ദിലീപിന് ജാമ്യം ലഭിക്കാൻ നെയ്യാറ്റിൻകര ബിഷപ്പ് ഇടപെട്ടു എന്ന സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിൽ അന്വേഷണം തുടരുകയാണ്. ലത്തീൻ തിരുവനന്തപുരം രൂപതയിലെ വൈദികനായ വിക്ടറും ദിലീപുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളും പരിശോധിക്കുന്നുണ്ട്

വൈദികനുമായുള്ള ദിലീപിന്റെ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച് നേരത്തെ ആരോപണങ്ങൾ ഉയർന്നിരുന്നു. വൈദികൻ മുമ്പ് ദിലീപിന്റെ വീട്ടിൽ പോയിട്ടുണ്ട്. ജാമ്യം ലഭിച്ച ശേഷം ഫാ.വിക്ടർ ദിലീപിനെ കണ്ടിരുന്നു. ബാലചന്ദ്രകുമാർ പണം ആവശ്യപ്പെട്ടത് ഫാ.വിക്ടർ മുഖേനയാണെന്നും ആരോപണം ഉയർന്നിരുന്നു.

ദിലീപുമായി വർഷങ്ങളായി വൈദികന് പരിചയമുണ്ട്. ദിലീപിന് ജാമ്യം ലഭിച്ചശേഷം ഫാദർ വിക്ടർ നേരിട്ട് കണ്ടിരുന്നു. ഫാദർ വിക്ടർ മുഖേനയാണ് ബാലചന്ദ്രകുമാർ പണം കൈപ്പറ്റിയതെന്ന് ദിലീപ് ആരോപിച്ചിരുന്നു.

ദിലീപിന് ജാമ്യം ലഭിക്കാൻ നെയ്യാറ്റിൻകര ആർച്ച് ബിഷപ്പിന്റെ ഓഫീസിൽ നിന്നും ഇടപെട്ടിരുന്നു എന്ന് സംവിധാകൻ ബാലചന്ദ്രകുമാർ ആരോപിച്ചിരുന്നു. ഇക്കാര്യത്തിൽ ബിഷപ്പിൽ നിന്നും മൊഴിയെടുക്കാനും അന്വേഷണസംഘം ആലോചിക്കുന്നുണ്ട്.

ചുമതലയിൽ നിന്ന് താൻ മാറിയാലും അന്വേഷണം ഊർജ്ജിതമായി തന്നെ മുന്നോട്ടുപോകുമെന്ന് ക്രൈംബ്രാഞ്ച് മേധാവിയായിരുന്ന എഡിജിപി എസ് ശ്രീജിത്ത് കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. കേസന്വേഷണത്തിന് മേൽനോട്ടം വഹിച്ചിരുന്ന ശ്രീജിത്തിനെ ഗതാഗത കമ്മീഷണറായാണ് മാറ്റി നിയമിച്ചത്.

നടിയെ ആക്രമിച്ച കേസിൽ മെയ് 31-നകം അന്വേഷണം പൂർത്തിയാക്കണമെന്നാണ് ഹൈക്കോടതിയുടെ നിർദ്ദേശം. ഏപ്രിൽ 19-നാണ് തുടരന്വേഷണത്തിന് സമയം നീട്ടി നൽകി കോടതി ഉത്തരവിട്ടത്. മെയ് 31-നകം അന്വേഷണം പൂർത്തിയാക്കി വിചാരണ കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കേസുമായി ബന്ധപ്പെട്ട എല്ലാകാര്യങ്ങളും അന്വേഷണസംഘം വിശദമായി അന്വേഷിക്കുന്നത്.