- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നടിയെ ആക്രമിച്ച കേസിൽ 'വിഐപി' അറസ്റ്റിൽ; പിടിയിലായത് ദിലീപിന്റെ സുഹൃത്ത് ശരത്ത്; ദൃശ്യങ്ങൾ ദിലീപിന്റെ വീട്ടിലെത്തിച്ചത് ശരത്തെന്ന് ക്രൈംബ്രാഞ്ച്; നടപടി, തെളിവ് നശിപ്പിക്കൽ, തെളിവ് ഒളിപ്പിക്കൽ അടക്കമുള്ള കുറ്റം ചുമത്തി
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ 'വിഐപി' അറസ്റ്റിൽ. ദിലീപിന്റെ സുഹൃത്ത് ശരത് ജി. നായരാണ് അറസ്റ്റിലായത്. ശരത്താണ് ദിലീപിന്റെ വീട്ടിൽ ദൃശ്യങ്ങൾ എത്തിച്ചതെന്ന് ക്രൈംബ്രാഞ്ച് പറഞ്ഞു.
തെളിവ് നശിപ്പിക്കൽ, തെളിവ് ഒളിപ്പിക്കൽ അടക്കമുള്ള കുറ്റം ചുമത്തിയാണ് ശരത്തിനെ അറസ്റ്റ് ചെയ്തത്. തുടർ അന്വേഷണത്തിലെ ആദ്യ അറസ്റ്റാണിത്. കേസിലെ 'വിഐപി' ശരത് ആണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. നടിയെ ആക്രമിച്ച പകർത്തിയ ദൃശ്യങ്ങൾ ദിലീപിന്റെ വീട്ടിലെത്തിച്ചത് ശരത്താണെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കുന്നു. സാക്ഷി ശരത്തിനെ തിരിച്ചറിഞ്ഞെന്നും ക്രൈംബ്രാഞ്ച് അറിയിച്ചു.
തെളിവ് നശിപ്പിച്ചതിനാണ് അറസ്റ്റ് എന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കി. ഇയാളെ ആലുവ പൊലീസ് ക്ലബ്ബിൽ എത്തിച്ചു. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ നടത്തിയ ഗൂഢാലോചനയിൽ ശരത്തും പങ്കാളിയായിരുന്നുവെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തൽ. കേസിൽ ആറാം പ്രതിയാണ് ആലുവയിലെ വ്യവസായിയായ ശരത്.
ശബ്ദ സാംപിൾ പരിശോധിച്ചാണ് ശരത്താണ് ഗൂഢാലോചനയിൽ പങ്കാളിയായിരുന്നുവെന്ന് കണ്ടെത്തിയത്. അന്വേഷണം തന്നിലേക്കു നീളുന്നതു തിരിച്ചറിഞ്ഞ ശരത് മൊബൈൽ ഫോൺ ഓഫാക്കി മുങ്ങിയിരുന്നു. പിന്നീട് മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു.
ദിലീപിന്റെ ബന്ധു സുരാജും സുഹൃത്തായ ശരത്തും തമ്മിലുള്ള ശബ്ദരേഖ നേരത്തെ പുറത്ത് വന്നിരുന്നു. കാവ്യ സുഹൃത്തുക്കൾക്ക് കൊടുക്കാൻ വച്ചിരുന്ന പണി ദിലീപ് ഏറ്റെടുത്തുവെന്നാണ് സഹോദരി ഭർത്താവ് സുരാജ് പറയുന്നത്. വധ ഗൂഢാലോചന കേസിലെ വിഐപി എന്നറിയിപ്പെടുന്ന പ്രതി ശരത്തുമായി നടത്തിയതാണ് ഈ നിർണ്ണായക സംഭാഷണം.
സുരാജിന്റെ ഫോണിൽ നിന്നും നശിപ്പിച്ച ശബ്ദരേഖ ഫൊറൻസിക് പരിശോധനയിലാണ് വീണ്ടെടുത്ത്. നടിയെ ആക്രമിച്ച കേസിൽ തുരരന്വേഷണത്തിനുള്ള സമയം നീട്ടമമെന്നാവശ്യപ്പെട്ടുള്ള അപേക്ഷക്കൊപ്പമാണ് ഈ ശബ്ദരേഖ ഉൾപ്പെടെ ഡിജിറ്റൽ തെളിവുകൾ അന്വേഷണ സംഘം കോടതിയിൽ നൽകിയത്.
ആലുവയിലെ ഹോട്ടൽ ഉടമയാണ് ശരത്. സംവിധായകൻ ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് കേസിൽ ശരത്തിനെ പ്രതിയാക്കി അന്വേഷണം ആരംഭിച്ചത്. നടി ആക്രമിക്കപ്പെട്ടതിന് ശേഷം ദൃശ്യങ്ങൾ പെൻഡ്രൈവിലാക്കി വിഐപി ദിലീപിന് കൈമാറിയെന്നായിരുന്നു വെളിപ്പെടുത്തൽ. ഊർജ്ജിത അന്വേഷണത്തിന് ശേഷമാണ് ബാലചന്ദ്രകുമാർ പറഞ്ഞ വിഐപി ആരെന്ന് അന്വേഷണ സംഘം കണ്ടെത്തിയത്.
ദിലീപിന്റെ അടുത്ത സുഹൃത്തും സൂര്യ ഹോട്ടൽസ് ഉടമയുമാണ് ശരത്. ദിലീപ് കേസിൽ അറസ്റ്റിലാകുമ്പോൾ ദിലീപിനൊപ്പം തന്നെ ഉണ്ടായിരുന്ന വ്യക്തിയാണ്. കേസുമായി ബന്ധപ്പെട്ട് തെളിവ് നശിപ്പിച്ചതിനാണ് ശരത്തിനെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങൾ ശരത് ദിലീപിന്റെ വീട്ടിൽ എത്തിച്ചുവെന്നും ദിലീപിന്റെ വീട്ടിൽ വെച്ച് ദിലീപും സുഹൃത്തുക്കളും ചേർന്ന് ഇത് പരിശോധിച്ചു എന്നും സംവിധായകൻ ബാലചന്ദ്രകുമാർ നേരത്തെ മൊഴി നൽകിയിരുന്നു. അതോടൊപ്പം തന്നെ അഭിഭാഷകർ ദൃശ്യങ്ങൾ പലതവണ കണ്ടിട്ടുള്ളതായുള്ള ശബ്ദരേഖകൾ പുറത്തുവന്നിരുന്നു.
ഇതിന്റെ പശ്ചാത്തലത്തിൽ ശരത് ദൃശ്യങ്ങൾ ദിലീപിന് കൈമാറി എന്നും പിന്നീട് ദൃശ്യങ്ങൾ നശിപ്പിച്ചു എന്നുമാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ. തെളിവ് നശിപ്പിച്ച കുറ്റം ചുമത്തിയാണ് ശരത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.
ബാലചന്ദ്രകുമാറിന്റെ മൊഴിയിൽ ദിലീപിന്റെ വീട്ടിൽ എത്തിയ 'വിഐപി' എന്ന് വിശേഷിപ്പിക്കുന്ന വ്യക്തിയാണ് ശരത്. വധഗൂഢാലോചന കേസിലും ശരത് ദിലീപിനൊപ്പം കൂട്ടുപ്രതിയാണ്.
മറുനാടന് മലയാളി ബ്യൂറോ