കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചന അന്വേഷണം അവസാന ഘട്ടത്തിലേക്ക്. കേസിൽ ദിലീപിനൊപ്പം നാദിർഷായും മാനേജർ അപ്പുണ്ണിയും പ്രതികളാകും. ഇരുവരേയും മാപ്പുസാക്ഷിയാക്കില്ല. ദിലീപിന്റെ ഭാര്യ കാവ്യാ മാധവനും പ്രതിയാകാനാണ് സാധ്യത. തട്ടിക്കൊണ്ട് പോകലിന്റെ സൂത്രധാരൻ നടൻ സിദ്ദിഖ് എന്നാണ് പൾസർ സുനി പറയുന്നത്. എന്നാൽ സിദ്ദിഖിനെ കേസുമായി ബന്ധിപ്പിക്കാൻ മറ്റ് തെളിവുകളൊന്നും പൊലീസിന് കിട്ടിയിട്ടില്ല. എന്നാൽ ദിലീപിനേയും നാദിർഷായേയും അപ്പുണ്ണിയേയും കാവ്യയേയും പ്രതിയാക്കാൻ മതിയായ തെളിവുകളുണ്ട്. കാവ്യയെ അറസ്റ്റ് ചെയ്താലും ജാമ്യത്തിൽ വിടും. സ്ത്രീയെന്ന പരിഗണന കാവ്യയ്ക്ക് നൽകാനാണ് സാധ്യത. എന്നാൽ നാദിർഷായേയും അപ്പുണ്ണിയേയും അറസ്റ്റ് ചെയ്ത് ജയിലിലടക്കാൻ തന്നെയാണ് നീക്കം.

കേസിൽ നാദിർഷായ്ക്ക് തെളിവ് നശിപ്പിച്ചതിലടക്കം പങ്കുണ്ടെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാകും് അറസ്റ്റ്. നേരത്തേ നടത്തിയ ചോദ്യം ചെയ്യലിൽ അപ്പുണ്ണിയും നാദിർഷയും നൽകിയ മൊഴികൾ പരസ്പരവിരുദ്ധമായിരുന്നു. അതുകൊണ്ട് ഇരുവരേയും കേസിൽ വീണ്ടും ചോദ്യം ചെയ്തേക്കും. നാദിർഷയെ മുഖ്യപ്രതി പൾസർ സുനി ജയിലിൽ നിന്നു വിളിച്ചിരുന്നതായി സഹതടവുകാരൻ ജിൻസൺ പറഞ്ഞിരുന്നു. സൗഹൃദത്തോടെയായിരുന്നു ഇരുവരും സംസാരിച്ചത്. കാവ്യയുടെ കടയിൽ എന്തോ കൊടുത്തു എന്ന തരത്തിലാണു ഫോണിൽ പറഞ്ഞതെന്നാണു ജിൻസൺ പൊലീസിനോടു വെളിപ്പെടുത്തിയത്. നടി കാവ്യാ മാധവന്റെ കടയെപ്പറ്റിയും പണമിടപാടിനെക്കുറിച്ചും അവർ സംസാരിച്ചിരുന്നെന്നും ജിൻസൺ വെളിപ്പെടുത്തിയിരുന്നു. അതേസമയം നടിയെ അക്രമിച്ചതുമായി ബന്ധപ്പെട്ട് കേസിൽ ക്വട്ടേഷൻ നൽകിയത് ഒരു സ്ത്രീയാണെന്ന് പൾസർ സുനി പറഞ്ഞത് ദിലീപിനെ രക്ഷിക്കാനെന്നാണ് പൊലീസ് പറയുന്നത്. ക്വട്ടേഷനു പിന്നിൽ സ്ത്രീ ഇല്ല എന്ന കാര്യം പൊലീസ് ഉറപ്പിച്ചിട്ടുണ്ട്. അപ്പുണ്ണിയും കുടുങ്ങും.

പൾസർ സുനിയെ അറിയില്ലെന്നാണ് ദിലീപും നാദിർഷയും പറഞ്ഞതെങ്കിലും പത്തിലധികം ചിത്രങ്ങളിൽ സുനി ദിലീപിനൊപ്പം ഉണ്ടായിരുന്നതായി പൊലീസിന് തെളിവ് കിട്ടിയിട്ടുണ്ട്. സുനിയെ ദീർഘനാളായി പരിചയമുണ്ടെന്നും മുകേഷിന്റെ ഡ്രൈവറായിരുന്ന കാലം മുതൽ അറിയാമെന്നുമാണ് അപ്പുണ്ണി നൽകിയിട്ടുള്ള മൊഴി. ഇതും നിർണ്ണായകമാണ്. സുനി ജയിലിൽ നിന്നും ഫോൺ വിളിക്കുമ്പോൾ ദിലീപ് അടുത്തുണ്ടായിരുന്നെന്നും ദിലീപിന്റെ നിർദ്ദേശപ്രകാരമാണ് അറിയില്ലെന്ന് പറഞ്ഞതെന്നും അപ്പുണ്ണി പൊലീസിനോട് പറഞ്ഞിരുന്നു. സുനി കൊടുത്തുവിട്ട കത്ത് സഹായിയിൽ നിന്നും ഏലൂർ ബസ്റ്റ്ാന്റിൽ എത്തി വാങ്ങിയതും അപ്പുണ്ണി ആയിരുന്നു. അതുകൊണ്ട് തന്നെ ബന്ധമില്ലെന്ന ദിലീപിന്റെ വാദം പൊലീസ് വിശ്വാസത്തിൽ എടുത്തിട്ടില്ല. കേസിൽ നേരത്തേ സുനിയെ അറിയില്ലെന്ന നിലപാടാണ് നാദിർഷയും എടുത്തിട്ടുള്ളത്. ഇതുവരെ ലഭിച്ച  വിവിധ മൊഴികളുടെ അടിസ്ഥാനത്തിൽ ചില കാര്യങ്ങളിൽ വ്യക്തത വരുത്താൻ നാദിർഷയെ പൊലീസ് വീണ്ടും ചോദ്യം ചെയ്യുന്നുണ്ട്.

അപ്പുണ്ണിയെ ചോദ്യം ചെയ്തപ്പോഴും പൾസറും നാദിർഷയും തമ്മിൽ പരിചയമുണ്ടെന്നു സൂചിപ്പിച്ചിരുന്നു. ഇക്കാര്യവും അന്വേഷണസംഘം ആരായും. നടിയെ ആക്രമിച്ചതു പകർത്തിയ മൊെബെൽ ഫോൺ മെമ്മറി കാർഡ് സംബന്ധിച്ച വിവരങ്ങളും നാദിർഷയിൽ നിന്ന് തേടും. കേസുമായി ബന്ധപ്പെട്ട് കൂടുതൽ പേരെ ചോദ്യംചെയ്തുകൊണ്ടിരിക്കുകയാണ്. പലരെയും അങ്ങോട്ടുചെന്ന് കണ്ടാണ് ചോദ്യംചെയ്യുന്നത്. മറ്റുചിലരെ രഹസ്യമായി കണ്ടും ഫോണിലും ചോദ്യംചെയ്യുന്നുണ്ട്. ദിലീപിന്റെ സുഹൃത്തുക്കൾ, ബന്ധുക്കൾ, സിനിമ രംഗത്തെ പ്രമുഖർ തുടങ്ങിയവരെയാണ് ചോദ്യംചെയ്യുന്നത്. കേസുമായി ബന്ധപ്പെട്ട് തെളിവുകളുടെ ശേഖരണമാണ് ഇതിലൂടെ പൊലീസ് നടത്തുന്നത്. നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനി സംഭവത്തിൽ പ്രമുഖ നടൻ സിദ്ദിഖിനുള്ള റോൾ വിശദമാക്കി പൊലീസിൽ മൊഴി നൽകിയെന്നു സൂചനയുണ്ട്.

ഗൂഢാലോചനയിൽ സിദ്ദിഖ് നേരിട്ടു പങ്കെടുത്തതായും സംഭവം സംബന്ധിച്ച് കാവ്യക്ക് എല്ലാ വിവരങ്ങളും അറിയാമായിരുന്നെന്നും താൻ പൊലീസിനെ അറിയിച്ചെന്ന് മുഖ്യപ്രതി സുനിൽകുമാർ തന്നോട് വ്യക്തമാക്കിയതായി ജയിലിൽ സന്ദർശിച്ച അഭിഭാഷകരിൽ ഒരാൾ മറുനാടനോട് വെളിപ്പെടുത്തി. കാവ്യയിൽ നിന്നും സിദ്ദിഖിൽ നിന്നും അന്വേഷണ സംഘം മൊഴിയെടുത്തിട്ടുണ്ട്. ദിലീപിനെ ചോദ്യം ചെയ്യാൻ ആലുവ പൊലീസ് ക്ലബ്ബിലേക്ക് വിളിപ്പിച്ചപ്പോൾ പാതിരാത്രിക്ക് അവിടെ എത്തിയ ഏക താരം സിദ്ദിഖായിരുന്നു. സഹപ്രവർത്തകൻ എന്ന നിലയിലാണ് താൻ ദിലീപിനെ കാണാൻ എത്തിയതെന്നായിരുന്നു അന്ന് സിദ്ദിഖ് പ്രതികരിച്ചത്. മാറിയ സാഹചര്യത്തിൽ അന്നത്തെ സിദ്ദിഖിന്റെ പൊലീസ് ക്ലബ്ബിലേക്കുള്ള വരവ് കൃത്യമായ ലക്ഷ്യത്തോടെയായിരുന്നെന്നും ദിലീപിനെക്കണ്ട് വിവരങ്ങൾ അറിയുന്നതിനുള്ള തിടുക്കമായിരുന്നു സിദ്ദിഖിനെ ഇവിടെ എത്തിച്ചതെന്നുമാണ് ചൂണ്ടികാണിക്കപ്പെടുന്നത്. ഇതിനുശേഷം നടന്ന അമ്മ യോഗത്തിലും ദിലീപിന്റെ പക്ഷത്ത് ശക്തമായി നിലയുറപ്പിച്ചവരിൽ ഒരാളാണ് സിദ്ദിഖ്.

എന്നാൽ പൾസർ സുനിയുടെ മൊഴിയുടെ മാത്രം അടിസ്ഥാനത്തിൽ സിദ്ദിഖിനെ പ്രതിയാക്കാനാകില്ല. ദിലീപിൽ നിന്നുള്ള കുറ്റ സമ്മത മൊഴിയിൽ സിദ്ദിഖിന്റെ പേര് കടന്നുവരണം. അതുണ്ടായിട്ടില്ല. സാഹചര്യ തെളിവുകൾ ദിലീപിന് മാത്രമാണ് എതിര്. ശാസ്ത്രീയ തെളിവുകളുടെ വിശകലനവും വ്യക്തമാക്കുന്നത് അങ്ങനെയാണ്. അതുകൊണ്ട് തന്നെ സിദ്ദിഖിനെ പ്രതിയാക്കാൻ പൊലീസിന് കഴിയാത്ത സാഹചര്യമണ്ട്. കാവ്യ മാധവനേയും റിമി ടോമിയേയും പൊലീസ് വീണ്ടും ചോദ്യം ചെയ്യും. സിദ്ദിഖിന്റെ ഇടപെടലുകളിൽ വ്യക്തത വരുത്താനാണ് ഇത്.

ദിലീപുമായി ചില ബിസിനസ് ഇടപാടുകൾ സിദ്ദിഖിനും ഉണ്ടെന്ന് പൊലീസിന് സംശയമുണ്ട്. 'അമ്മ'യുടെ യോഗത്തിനെത്തിയ നടിമാരെ ചിലർ ഭീഷണിപ്പെടുത്തിയതും അസഭ്യം പറഞ്ഞതും വാർത്തായിരുന്നു. ഇതിന്റെ നിജസ്ഥിതിയും പൊലീസ് അന്വേഷിക്കുന്നുണ്ട്. ദിലീപും സിദ്ദിഖുമായി അടുത്ത സൗഹൃദമുണ്ടെന്ന് പൊലീസ് തിരിച്ചറിയുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ലഭിച്ച ചില നിർണ്ണായക തെളിവുകളാണ് ഇതിന് സഹായകമായത് എന്നു പറയുന്നു. കഴിഞ്ഞ മൂന്നു മാസമായി ഈ വ്യക്തി പൊലീസ് നിരീക്ഷണത്തിലാണ്. ദിലീപിന്റെ അറസ്റ്റിനു ശേഷമുള്ള ഈ പ്രമുഖന്റെ നീക്കങ്ങളാണ് പൊലീസിൽ സംശയം ജനിപ്പിച്ചത്. കാവ്യ മാധവനെ ചോദ്യം ചെയ്തപ്പോൾ കൂടുതൽ വിവരങ്ങൾ ലഭിച്ചു എന്നു സൂചനയുണ്ട്. ദിലീപ് ജയിലിലായ ശേഷം പുറത്തിറക്കാനുള്ള ശ്രമങ്ങൾ ഈ പ്രമുഖന്റെ ഭാഗത്തു നിന്ന് ഉണ്ടായി എന്നും ചില റിപ്പോർട്ടുകൾ ഉണ്ട്.

ആക്രമിക്കപ്പെട്ട നടിയോട് ഈ നടനും പകയുണ്ടായിരുന്നതായും പറയുന്നു. പൾസർ സുനിയുമായും നല്ല അടുപ്പമുണ്ട് എന്നും സൂചനയുണ്ട്. ഈ സാഹചര്യത്തിൽ സിദ്ദിഖിനെ സംശയ നിഴിലിൽ നിർത്തിയത്. എന്നാൽ ഗൂഢാലോചനയിൽ പ്രതിയാക്കാൻ വേണ്ട തെളിവുകളുടെ അഭാവം ഇപ്പോഴുമുണ്ട്. ഒരാഴ്ചയ്ക്കുള്ളിൽ ഈ കേസ് അന്വേഷണം പൊലീസ് അവസാനിപ്പിക്കാനാണ് സാധ്യത. അതിന് ശേഷം കുറ്റപത്രം തയ്യാറാക്കൽ ജോലിയിലേക്ക് കടക്കും.