കൊച്ചി: നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് ജനപ്രിയനായകൻ ദിലീപ് ജയിലിലായതിനു പിന്നാലെ മറ്റൊരു നടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. 2011-ൽ നടന്ന സംഭവവുമായി ബന്ധപ്പെട്ട് കോതമംഗലം സ്വദേശി എബിൻ എന്നയാളാണ് എറണാകുളം സെൻട്രൽ പൊലീസിന്റെ പിടിയിലായത്.

യുവനടിയെ ആക്രമിച്ച കേസിൽ റിമാൻഡിൽ കഴിയുന്ന ഒന്നാം പ്രതി പൾസർ സുനിയാണ് ഈ കേസിലേയും മുഖ്യപ്രതി. നടിയെ തട്ടിക്കൊണ്ടു പോകാനായി ഉപയോഗിച്ച് ടെമ്പോ ട്രാവലറിന്റെ ക്ലീനറായിരുന്നു എബിൻ. നിർമ്മാതാവ് ജോണി സാഗരികയുടെ പരാതിയെത്തുടർന്ന് ഇന്നലെ പൊലീസ് ഈ സംഭവത്തിൽ കേസെടുത്തിരുന്നു.

്ജോണി സാഗരിക നിർമ്മിച്ച 'ഓർക്കൂട്ട് ഒരു ഓർമക്കൂട്ട്' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ നടിയെ ടെമ്പോ ട്രാവലറിൽ തട്ടിക്കൊണ്ടുപോകുകയായിരുന്നു. എറണാകുളം റെയിൽവേ സ്റ്റേഷനിൽ നിന്ന് യുവനടിയെ തട്ടിക്കൊണ്ടുപോകാനാണ് ലക്ഷ്യമിട്ടിരുന്നത്. എന്നാൽ, ആളുമാറി മറ്റൊരു നടിയെയാണ് തട്ടിക്കൊണ്ടുപോയത്.

വാഹനം റൂട്ട് മാറി സഞ്ചരിച്ചതോടെ നിർമ്മാതാവിനെയും ഭർത്താവിനെയും നടി ഫോണിൽ വിളിച്ച് വിവരമറിയിച്ചു. ഇതോടെ കുമ്പളത്തെ സ്വകാര്യ റിസോർട്ടിനുമുന്നിൽ നടിയെ ഇറക്കി സുനി രക്ഷപ്പെടുകയായിരുന്നു. ജോണി സാഗരികയുടെതന്നെ പരാതിയിലാണ് കേസെടുത്തത്.

സംഭവസമയത്ത് ജോണി സാഗരികയുടെ ഡ്രൈവറായിരുന്നു സുനി. അന്ന് രേഖാമൂലം പരാതികൾ ലഭിച്ചിരുന്നില്ല. അതിനാലാണ് കേസെടുക്കാതിരുന്നതെന്ന് സെൻട്രൽ സ്റ്റേഷൻ എസ്.ഐ. വി. വിമൽ പറഞ്ഞു.

തട്ടിക്കൊണ്ടുപോകൽ, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ജോണി സാഗരികയുടെ മൊഴി രേഖപ്പെടുത്തി. സുനിയെ കസ്റ്റഡിയിൽ വാങ്ങി മൊഴിയെടുക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും പൊലീസ് പറഞ്ഞു.