ഹൈദരാബാദ്: കൊച്ചിയിൽ പ്രമുഖ നടി ആക്രമിക്കപ്പെട്ട കേസിൽ മലയാള സിനിമയാകെ പ്രതിസന്ധിയിലാണ്. ഇതിനിടെ തെലുങ്കിലും പൾസർ സുനി മോഡൽ അതിക്രമം. കാസ്റ്റിങ് കൗച്ചിന്റെ പീഡന രൂപമാണ് ഇത്.

ഓടിക്കൊണ്ടിരിക്കുന്ന കാറിൽ വച്ച് തന്നെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന് ആരോപിച്ച് തെലുങ്ക് സംവിധായകൻ തമ്മാറെഡ്ഡി ചലപതി റാവു നടൻ സൃജൻ എന്നിവർക്കെതിരെ പുതുമുഖ നടി രംഗത്ത്. ഇക്കഴിഞ്ഞ 13-നാണു സംഭവം നടന്നതെന്നാണ് നടി സമർപ്പിച്ച പരാതിയിൽ പറയുന്നത്. കൊച്ചിയിൽ മലയാളത്തിലെ പ്രമുഖ നടിക്കുണ്ടായതിന് സമാനമാണ് കാര്യങ്ങൾ. പൾസർ സുനി മോഡൽ ആക്രമണങ്ങൾ സിനിമയിൽ സജീവമാണെന്ന് വ്യക്തമാക്കുന്നതാണ് ഈ പരാതി.

സിനിമയിൽ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നൽകി സംവിധായകനും നടനും സിനിമയുടെ ചിത്രീകരണം നടക്കുന്ന സ്ഥലമാണെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് ഭീമാവാരത്തേക്കു കൂട്ടികൊണ്ടുപോയെന്നും ,യാത്രക്കിടയിൽ കാറിൽ വച്ച് രണ്ടുപേരും തന്നെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചുവെന്നുമാണ് നടിയുടെ പരാതിയിൽ പറയുന്നത്. കേസിൽ പൊലീസ് അന്വേഷണം തുടങ്ങി. സംവിധായകനെ അറസ്റ്റ് ചെയ്തു. നടനായുള്ള തെരച്ചിൽ തുടരുകയാണ്. ഇയാളും ഉടൻ കുടുങ്ങുമെന്നാണ് സൂചന.

'ഓഗസ്റ്റ് 13 നു ഭീമാവാരത്തിൽ എത്താനാണ് നിർദ്ദേശിച്ചിരുന്നത്. ഹൈദരാബാദിൽ നിന്നും ട്രെയിൻ മാർഗം അങ്ങോട്ട് പോകാൻ തീരുമാനിച്ചിരുന്നതുമായിരുന്നു. എന്നാൽ സംവിധായകനും നടനും കാറിൽ അവർക്കൊപ്പം യാത്ര ചെയ്യാൻ നിർബന്ധിച്ചു. വിജയവാഡ എത്തിയതോടെ അവർ മോശമായി പെരുമാറാൻ ആരംഭിച്ചു . എതിർത്ത എന്നെ പുറകിലെ സീറ്റിലേക്ക് തള്ളിയിട്ട ശേഷം ആക്രമിച്ചു. ചലപതിയാണ് കാർ ഓടിച്ചിരുന്നതെന്ന് പരാതിയിൽ പറയുന്നു.

അമിതവേഗതയിലായിരുന്ന വണ്ടി ഒരു ലോറിയുമായി കൂട്ടിയിടിച്ചു. സാരമായി പരിക്ക് പറ്റിയ എന്നെ ഞാൻ ഷെയർ ചെയ്ത ലൊക്കേഷൻ വച്ച് ട്രേസ് ചെയ്ത ചില സുഹൃത്തുക്കൾ എത്തിയാണ് അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചത്. സംവിധായകനും നടനും തങ്ങൾ ചെയ്തത് തെറ്റാണെന്നു സമ്മതിക്കുകയും എന്നോട് മാപ്പു പറയുകയും ചെയ്തു. അതോടൊപ്പം തന്നെ ഈ വിവരം പുറത്തറിയിച്ചാൽ എന്റെ ഭാവി തകർത്തു കളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പൊലീസിനെയോ പത്രമാധ്യമങ്ങളെയോ ഈ വിഷയത്തിൽ ഞാൻ സമീപിച്ചാൽ എന്റെ സിനിമ ജീവിതം ഇല്ലാതാകുമെന്നും അവർ പറഞ്ഞു.

എനിക്ക് വേണ്ടത് നീതിയാണ്, അവർക്കു തക്ക ശിക്ഷ കിട്ടുമെന്ന് തന്നെയാണ് എന്റെ വിശ്വാസം.'- പരാതി സമർപ്പിച്ച ശേഷം വിളിച്ചു ചേർത്ത പത്ര സമ്മേളനത്തിൽ നടി മാധ്യമങ്ങളോട് പറഞ്ഞു. നടിയുടെ പരാതിയിന്മേൽ പൊലീസ് ചലപതിയെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.