- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നടിയെ ആക്രമിച്ച കേസിൽ രാജിവെക്കുന്നത് രണ്ടാമത്തെ പ്രോസിക്യൂട്ടർ; പകരം സംവിധാനം വേണമെന്ന് കോടതി; ദിലീപ് പ്രതിസ്ഥാനത്തുള്ള കേസിൽ പ്രോസിക്യൂട്ടർമാരുടെ പിന്മാറ്റം താരത്തെ രക്ഷിക്കാനുള്ള ഗൂഢാലോചനയോ എന്ന ചോദ്യം ഉയരുമ്പോൾ വെട്ടിലായി സർക്കാറും; ദിലീപിനെതിരേ ബാലചന്ദ്രകുമാർ നടത്തിയ വെളിപ്പെടുത്തലുകളും കേസിന്റെ ഭാവിയിൽ നിർണായകമാകും
കൊച്ചി: കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ ഏത് ഉന്നതനാണ് പ്രതിയെങ്കിലും രക്ഷപെടില്ലെന്ന് പറഞ്ഞത് മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു. സ്ത്രീസുരക്ഷക്കാണ് സർക്കാർ പ്രാധാന്യം കൊടുക്കുന്നത് എന്നു ചൂണ്ടാക്കാട്ടിയായിരുന്നു സർക്കാർ ഈ വിഷയത്തിലെ നിലപാട് കൈക്കൊണ്ടത്. എന്നാൽ, കാലം മാറിയപ്പോൾ മുഖ്യമന്ത്രി നൽകിയ വാക്ക് പാലിക്കപ്പെടുമോ എന്ന സംശയം പല കോണിൽ നിന്നും ഉയരുന്നുണ്ട്. അതോ കേസിൽ നിന്നും ദിലീപിനെ രക്ഷിക്കാനുള്ള ആസൂത്രിത നീക്കം നടക്കുന്നുണ്ടോ എന്ന ആശങ്കയും പൊതുസമൂഹത്തിൽ നിന്നും ഉയരുന്നുണ്ട്. ഇതിന് കാരണം കേസിൽ നിന്നും രണ്ട് പ്രോസിക്യൂട്ടർമാർ തുടർച്ചയായി രാജിവെച്ചതാണ്.
കേസിലെ രണ്ടാമത്തെ സ്‌പെഷൽ പ്രോസിക്യൂട്ടറും രാജി സമർപ്പിച്ച സാഹചര്യത്തിൽ പകരം സംവിധാനം ഒരുക്കാൻ വിചാരണക്കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്. വിചാരണക്കോടതിയുടെ നിലപാടിൽ പ്രതിഷേധിച്ചാണു സ്‌പെഷൽ പ്രോസിക്യൂട്ടർ വി.എൻ.അനിൽകുമാർ സംസ്ഥാന ആഭ്യന്തര സെക്രട്ടറി, ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ എന്നിവർക്കു രാജിക്കത്തു കൈമാറിയത്. നടൻ ദിലീപ് മുഖ്യപ്രതിയായ കേസിൽ വിചാരണക്കോടതിക്ക് എതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് ആദ്യ പ്രോസിക്യൂട്ടർ എ.സുരേശനും രാജി സമർപ്പിച്ചിരുന്നു. അതിന്റെ തുടർച്ചയാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നതും.
അതിക്രമത്തിന് ഇരയായ നടിയും വിചാരണക്കോടതി മാറ്റണമെന്നാവശ്യപ്പെട്ടു മേൽക്കോടതിയെ സമീപിച്ചിരുന്നു. രാജി കാരണങ്ങളെ കുറിച്ച് അനിൽകുമാർ പരസ്യമായി പ്രതികരിച്ചിട്ടില്ല. ഇന്നലെ കോടതി കേസ് പരിഗണിച്ചപ്പോൾ അഡീ.സ്‌പെഷൽ പ്രോസിക്യൂട്ടർ കെ.ബി.സുനിൽകുമാറാണു രാജിക്കത്ത് കൈമാറിയ വിവരം കോടതിയെ അറിയിച്ചത്.
ഹൈക്കോടതി നിർദ്ദേശപ്രകാരം 2022 ഫെബ്രുവരി 16നു മുൻപു കേസിന്റെ വിചാരണ പൂർത്തിയാക്കേണ്ടതിനാൽ സാക്ഷി വിസ്താരം പൂർത്തിയാക്കാനുള്ള പകരം സംവിധാനം ഒരുക്കാനാണു വിചാരണക്കോടതി ജഡ്ജി ഹണി എം. വർഗീസ് നിർദ്ദേശം നൽകിയത്. നിലവിൽ സിബിഐ പ്രത്യേക കോടതി ജഡ്ജിയായി പ്രവർത്തിക്കുന്ന ഹണി എം.വർഗീസിനെ വനിതാ ജഡ്ജി എന്ന നിലയിലാണു ഈ കേസിന്റെ വിചാരണച്ചുമതല ഏൽപിച്ചത്.
ജില്ല ജഡ്ജിമാരുടെ സ്ഥലം മാറ്റത്തിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജിയായി നിയമനം ലഭിച്ച ഹണി എം. വർഗീസിനോടു നടിയെ ആക്രമിച്ച കേസിന്റെ വിചാരണ പൂർത്തിയാക്കിയ ശേഷം പൂർണസമയ ചുമതല ഏൽക്കാനാണു ഹൈക്കോടതി നിർദ്ദേശിച്ചിട്ടുള്ളത്.
പീഡന ദൃശ്യങ്ങളുടെ പകർപ്പ് നടൻ ദിലീപിന്റെ കൈവശമുണ്ടെന്നു സംവിധായകൻ ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയ പശ്ചാത്തലത്തിൽ വിചാരണ നിർത്തിവച്ചു കേസിൽ തുടരന്വേഷണം നടത്താനുള്ള അപേക്ഷ അന്വേഷണ ഉദ്യോഗസ്ഥൻ വിചാരണക്കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. അപേക്ഷ ജനുവരി 4നു കോടതി പരിഗണിക്കും. ഈ അപേക്ഷ സമർപ്പിച്ച ശേഷം വി.എൻ.അനിൽകുമാർ പ്രതിഷേധിച്ചു കോടതി മുറിവിട്ടിരുന്നു. പ്രോസിക്യൂഷൻ സമർപ്പിക്കുന്ന അപേക്ഷകളിൽ കോടതി സ്വീകരിക്കുന്ന നിലപാടിൽ അസംതൃപ്തി രേഖപ്പെടുത്തിയാണു അനിൽകുമാർ കോടതി വിട്ടതെന്നാണു സൂചന.
പുതിയ വെളിപ്പെടുത്തലുകളുടെ സാഹചര്യത്തിൽ വിചാരണ നിർത്തിവെച്ച് തുടരന്വേഷണത്തിന് അനുമതി നൽകണമെന്നാണ് പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടത്. ഇതിനെത്തുടർന്നുണ്ടായ സംഭവവികാസങ്ങളാണ് രാജിയിലേക്ക് നയിച്ചത്. കേസിൽ പ്രതിയായ നടൻ ദിലീപിനെതിരേ സംവിധായകൻ ബാലചന്ദ്രകുമാർ നടത്തിയ ആരോപണങ്ങളാണ് കേസിൽ പ്രതിസന്ധി സൃഷ്ടിച്ചത്. പൾസർ സുനിയെ ദിലീപിന്റെ വീട്ടിൽ കണ്ടതായും പൾസർ സുനിയും സംഘവും പകർത്തിയ ദൃശ്യങ്ങൾ ദിലീപിന് ലഭിച്ചതായും ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ബാലചന്ദ്രകുമാർ വെളിപ്പെടുത്തി.
ഇതിന്റെ അടിസ്ഥാനത്തിൽ വിചാരണ നിർത്തിവെച്ച് തുടരന്വേഷണത്തിന് അനുമതി നൽകണമെന്ന വാദം കഴിഞ്ഞദിവസം പ്രോസിക്യൂഷൻ കോടതിയിൽ ഉന്നയിച്ചു. വിചാരണ നടക്കുന്ന എറണാകുളം സ്‌പെഷ്യൽ അഡീഷണൽ സെഷൻസ് കോടതിയിൽ ഇതിനായി അപേക്ഷയും നൽകി. സാക്ഷികളിൽ ചിലരെ വീണ്ടും വിസ്തരിക്കണം. പ്രതികളുടെ ഫോൺസംഭാഷണങ്ങളുമായി ബന്ധപ്പെട്ട യഥാർഥരേഖകൾ വേണം എന്നിങ്ങനെയുള്ള പ്രോസിക്യൂഷൻ ആവശ്യങ്ങൾ മുൻദിവസങ്ങളിൽ കോടതി നിരസിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട രണ്ടുഹർജികൾ ഹൈക്കോടതിയിലുണ്ട്. ജനുവരി ആറിന് ഹൈക്കോടതിയിത് പരിഗണിക്കും.
മറുനാടന് മലയാളി ബ്യൂറോ