കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ടുള്ള സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിൽ പ്രതികരിച്ച് വ്യവസായി ശരത്ത്. ബാലചന്ദ്രകുമാർ പറയുന്ന വി ഐ പി താനല്ലെന്നും, കേസുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും ശരത്ത് വ്യക്തമാക്കി. ആലുവയിലെ സൂര്യ ഹോട്ടൽ ഉടമയാണ് ശരത്.

ദിലീപുമായി അടുത്ത സൗഹൃദമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദിലീപുമായി ഒന്നിച്ച ഗൾഫ് യാത്ര നടത്തിയിട്ടില്ലെന്നും, നടനുമായി ബിസിനസിൽ യാതൊരു പാർട്ണർഷിപ്പുമില്ലെന്നും ശരത്ത് വെളിപ്പെടുത്തി. താൻ ഒളിവിലല്ലെന്നും അദ്ദേഹം റിപ്പോർട്ടർ ടിവിയോട് പറഞ്ഞു. ദിലീപ് തെറ്റുകാരനല്ലെന്ന് പൂർണബോദ്ധ്യമുണ്ടെന്നും ശരത്ത് കൂട്ടിച്ചേർത്തു.

'ബാലചന്ദ്രകുമാർ എന്താ പറയുന്നതെന്ന് എനിക്കറിയില്ല. ആവശ്യമില്ലാതെ ഇല്ലാത്ത കാര്യം പറയുകയാണ്. എനിക്ക് അതുമായിട്ട് ഒരു ബന്ധവും ഇല്ല. അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തട്ടേ. ഇക്ക എന്നൊന്നും ഉദ്ദേശിക്കുന്നത് എന്നെയല്ല. അഞ്ച് കൊല്ലം മുൻപൊക്കെ ഉള്ള കാര്യം ആലോചിച്ചിരിക്കാൻ പറ്റുവോ. ഇയാളെന്തൊക്കെയോ മനസിൽ തോന്നിയ കാര്യങ്ങൾ പറയുന്നു അല്ലെങ്കിൽ എഴുതിവച്ച കാര്യങ്ങൾ പറയുന്നു. ഇയാൾ എന്തൊക്കെയാ പറയുന്നത് എന്നതിനെക്കുറിച്ച് നമുക്ക് വ്യക്തമായി അറിയില്ല.'-ശരത്ത് പറഞ്ഞു.

പൊലീസുദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിൽ ദിലീപിന്റെ മൂന്ന് ദിവസത്തെ ചോദ്യം ചെയ്യൽ പൂർത്തിയായതിന് പിന്നാലെയായിരുന്നു പ്രതികരണം. നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ നടൻ ദിലീപിന് എത്തിച്ച് നൽകിയെന്ന ആരോപണവും ശരത് നിഷേധിച്ചു. ദിലീപ് അടുത്ത സുഹൃത്താണ്, അതിൽ കവിഞ്ഞ ബിസിനസ് ബന്ധങ്ങളില്ല. അഞ്ച് വർഷം മുൻപ് നടന്ന കാര്യങ്ങൾ വ്യക്തമായി ഓർമ്മിക്കുന്നില്ലെന്നും ശരത് ജി നായർ ചൂണ്ടിക്കാട്ടുന്നു.

കേസിൽ അന്വേഷണം നടക്കട്ടെയെന്നും പ്രതികരിച്ച ശരത് വിവാദങ്ങൾക്ക് പിന്നാലെ ഫോൺ ഓഫാക്കിവച്ചത് ആളുകളുടെ ശല്യം മൂലമാണെന്നും ചൂണ്ടിക്കാട്ടി. ബാലചന്ദ്രകുമാറിന്റെ ആരോപണങ്ങളെ കുറിച്ച് അറിയില്ല. നടിയെ ആക്രമിച്ച കേസുമായി ഇപ്പോൾ ഉയർന്ന ആരോപണങ്ങളിൽ നുണ പരിശോധനയ്ക്ക് തയ്യാറാണ്, വെളിപ്പെടുത്തൽ നടത്തിയ ബാലചന്ദ്രകുമാർ ഇതിന് തയ്യാറാണോ എന്നും ശരത് ജി നായർ ചോദിക്കുന്നു. വെളിപ്പെടുത്തലിൽ ഇക്ക എന്ന വിശേഷിപ്പിക്കുന്നത് തന്നെയല്ലെന്ന് ചൂണ്ടിക്കാട്ടുന്ന ശരത് താനൊരു മുസ്ലീമല്ല, പിന്നെ എങ്ങനെ ഇക്കയാവുമെന്ന ചോദ്യവും ഉന്നയിക്കുന്നുണ്ട്.

കേസുമായി ബന്ധപ്പെട്ട് നിർണായക നീക്കം ചോദ്യം ചെയ്യലിന് പിന്നാലെയുണ്ടാവുമെന്നാണ് ക്രൈംബ്രാഞ്ച് വൃത്തങ്ങൾ നൽകുന്ന സൂചന. അതേസമയം പ്രതികളെ കൂടുതൽ ചോദ്യം ചെയ്യണമെന്ന് എസ് പി മോഹനചന്ദ്രൻ വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു. ചോദ്യചെയ്യലിനെ വിവരങ്ങൾ ചൂണ്ടിക്കാട്ടി വ്യാഴാഴ്ച കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കുമെന്നും അന്വേഷണ സംഘം വ്യക്തമാക്കുന്നു.

വധഗൂഢാലോചന നടത്തിയ കേസ് രജിസ്റ്റർ ചെയ്തിനുപിന്നാലെ ദിലീപടക്കം നാലുപ്രതികൾ മൊബൈൽ ഫോൺ മാറ്റിയെന്ന് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ അറിയിച്ചു. തെളിവുകൾ നശിപ്പിക്കാനാണ് പ്രതികൾ ഫോൺ മാറ്റിയതെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. ഇത് ദിലീപും കൂട്ടരും നിഷേധിച്ചിട്ടുണ്ട്. ഫോണുകൾ പരിശോധനയ്ക്ക് കൊടുത്തുവെന്നാണ് ഇവരുടെ വാദം. ഇക്കാര്യം അന്വേഷണ ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുമുണ്ട്.

അഭിഭാഷകർക്ക് ഫോൺ കൈമാറിയെന്ന് ദിലീപ് ഉൾപ്പെടെയുള്ള പ്രതികൾ പറഞ്ഞു. ദിലീപ് അടക്കം നാല് പ്രതികൾ ഫോൺ മാറ്റിയെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു.ദിലീപിന്റെ വീട്ടിൽനിന്നു പിടിച്ചെടുത്തത് പുതിയ ഫോൺ ആണ്. തെളിവുകൾ നശിപ്പിക്കാനാണ് ഫോൺ മാറ്റിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. തുടർന്ന് പഴയ ഫോൺ ഹാജരാക്കാൻ പ്രതികൾക്ക് നോട്ടിസ് നൽകുകയായിരുന്നു. ഈ ഫോണുകൾ പൂനയിൽ ഫോറൻസിക് പരിശോധനയ്ക്ക് കൊടുത്തുവെന്നാണ് ദീലീപും കൂട്ടരും നൽകുന്ന സൂചന