- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗൂഢാലോചന കേസ്: പൾസർ സുനിയെ ജയിലിലെത്തി ചോദ്യം ചെയ്തു; അന്വേഷണ സംഘത്തിന്റെ നിർണായക നീക്കം, ദിലീപിനെതിരെ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിൽ നിജസ്ഥിതി പരിശോധിക്കാൻ; ബാലചന്ദ്രകുമാറിനെ കണ്ടതടക്കം പൾസർ സുനി സമ്മതിച്ചതായി സൂചന
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ നടൻ ദിലീപ് ഗൂഢാലോചന നടത്തിയെന്ന കേസുമായി ബന്ധപ്പെട്ട് പൾസർ സുനിയെ (സുനിൽ കുമാർ) അന്വേഷണ സംഘം ചോദ്യം ചെയ്തു. എറണാകുളം സബ് ജയിലിലെത്തിയാണ് ഇയാളുടെ മൊഴിയെടുത്തത്. സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളുടെ നിജസ്ഥിതിയാണ് അന്വേഷണ സംഘം പരിശോധിക്കുന്നത്.
നടൻ ദിലീപിനെ കാണാനെത്തിയപ്പോൾ, സുനിൽ കുമാറിനൊപ്പം കാറിൽ യാത്ര ചെയ്തിട്ടുണ്ടെന്നും ദിലീപിന്റെ സഹോദരൻ സുനിൽ കുമാറിന് പണം നൽകിയത് കണ്ടിട്ടുണ്ടെന്നതടക്കമുള്ള വിവരങ്ങൾ നേരത്തെ ബാലചന്ദ്ര കുമാർ വെളിപ്പെടുത്തിയിരുന്നു. ബാലചന്ദ്രകുമാറിനെ കണ്ടതടക്കമുള്ള കാര്യം പൾസർ സുനി സമ്മതിച്ചതായാണ് വിവരം. ഇത് പൾസർ സുനിയെ തനിക്ക് നേരത്തെ അറിയില്ലായിരുന്നുവെന്ന ദിലീപിന്റെ വാദം ഘണ്ഡിക്കാൻ സാധിക്കുന്ന തെളിവായേക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ.
അതേ സമയം, ബാലചന്ദ്രകുമാറിർ ഇന്ന് ക്രൈംബ്രാഞ്ച് ഓഫീസിലെത്തി മൊഴി നൽകി. മൊബൈൽ ശബ്ദ സംഭാഷണത്തിൽ വ്യക്ത വരുത്തുന്നതിനാണ് ഇന്ന് മൊഴിയെടുത്തതെന്ന് ക്രൈം ബ്രാഞ്ച് എസ്. പി മോഹനചന്ദ്രൻ വിശദീകരിച്ചു. കൂടുതൽ തെളിവുകൾ ഇന്ന് ഹാജരാക്കിയില്ലെന്നും എസ്‌പി പറഞ്ഞു.
കേസിന്റെ തുടരന്വേഷണത്തിന്റെ ഭാഗമായാണ് അന്വേഷണസംഘത്തിന്റെ നിർണായക നീക്കങ്ങൾ. പൾസർ സുനിയുടെ കത്തും അമ്മയുടെ വെളിപ്പെടുത്തലും നേരത്തെ പുറത്തുവന്നിരുന്നു. മലയാള സിനിമ രംഗത്തെ പല പ്രമുഖരെയും പേരെടുത്ത് പറഞ്ഞാണ് പൾസർ സുനിയുടെ വെളിപ്പെടുത്തൽ. നടിയെ ആക്രമിച്ച കേസിലെ പ്രതികളിൽ ഒരാളായ നടൻ ദിലീപിനും അടുത്ത സുഹൃത്തുക്കളിൽ ചിലർക്കും സെക്സ് റാക്കറ്റുമായി ബന്ധമുണ്ടെന്ന് ഉൾപ്പെടെയാണ് സുനിലിന്റെ കത്തിലെ പരാമർശം.
''അമ്മയുടെ സംഘടനയിൽ ചേട്ടൻ ഉൾപ്പെടെ എത്ര പേർക്ക് സെക്സ് റാക്കറ്റുമായി ബന്ധമുണ്ടെന്നും ചേട്ടൻ എന്ന് പുറത്ത് പോയി പരിപാടി അവതരിപ്പിക്കാൻ പോകുന്നത് എന്തിനാണ് എന്നും, പരിപാടിയുടെ ലാഭം എത്ര ആളുകൾക്ക് നൽകണമെന്നും, പുറത്ത് വന്നാൽ എന്നകാര്യവും, എന്നെ ജീവിക്കാൻ എവിടെയും സമ്മതിക്കില്ല എന്ന തീരുമാനത്തിലാണെങ്കിൽ ചേട്ടൻ ഇതെല്ലാം ഓർത്താൽ നന്നായിരിക്കും''. എന്നുമാണ് പൾസർ സുനിയുടെ കത്തിലെ പരാമർശം.
2018 മെയ് മാസത്തിൽ സുനി എഴുതിയ കത്താണിത്. തനിക്കെന്തെങ്കിലും സംഭവിച്ചാൽ കത്ത് പുറത്തു വിടണമെന്ന് അമ്മയോട് പൾസർ സുനി പറഞ്ഞിരുന്നു. ഈ കത്താണ് പുറത്തു വന്നിരിക്കുന്നത്. കേസിൽ തന്നെ കുടുക്കിയാൽ തനിക്കറിയാവുന്ന കാര്യങ്ങളെല്ലാം പുറത്തറിയിക്കുമെന്നും കത്തിൽ പറയുന്നുണ്ട്. പ്രതികളെയും സാക്ഷികളെയും എല്ലാം വിലയ്ക്കെടുത്താലും സത്യം അറിയാവുന്നവർ എല്ലാം എന്നും മൂടി വെക്കുമെന്ന് കരുതുന്നത് മണ്ടത്തരമാണെന്നും കത്തിൽ പറയുന്നു.
നടിയെ പീഡിപ്പിച്ചത് ദിലീപിന് വേണ്ടിയായിരുന്നെന്ന് പൾസർ സുനി പറഞ്ഞതായും അമ്മ വെളിപ്പെടുത്തിയിരുന്നു. നടിയെ ആക്രമിച്ച സംഭവത്തിൽ മാസങ്ങൾ നീണ്ട ഗൂഢാലോചനയുണ്ടെന്നാണ് വെളിപ്പെടുത്തലിന്റെ പ്രാധാന്യം വർധിപ്പിക്കുന്നത്.
അതേസമയം, വധഗൂഢാലോചന കേസിൽ ദിലീപിന്റെ മൊബൈൽ ഫോണുകൾ ഹൈക്കോടതിക്ക് കൈമാറാൻ തയാറാണോയെന്ന് സിംഗിൾ ബെഞ്ച് ആരാഞ്ഞിരുന്നു. എന്നാൽ സ്വകാര്യതയുടെ ലംഘനവും തെറ്റായ കീഴ്്വഴക്കവുമായിരിക്കുമെന്ന് ചൂണ്ടിക്കാട്ടി ദിലീപ് ഈ നിർദ്ദേശം നിരസിച്ചു. ദിലീപിന്റെയും കൂട്ടുപ്രതികളുടെയും മൊബൈൽ ഫോണുകൾ കൈമാറാൻ നിർദേശിക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ നൽകിയ ഉപഹർജിയിലായിരുന്നു ഹൈക്കോടതി നിർദ്ദേശം. ഹർജിയിൽ നാളെ വിശദമായി വാദം കേൾക്കും.
തന്റെ ഫോൺ അന്വേഷണസംഘത്തിന് കൈമാറാനാകില്ലെന്ന് നടൻ ദിലീപ് ഹൈക്കോടതിയിൽ വ്യക്തമാക്കിയിരുന്നു. തന്റെ മുൻഭാര്യ മഞ്ജുവാര്യരുമായും കുടുംബാംഗങ്ങളുമായും അഭിഭാഷകരുമായിട്ടുള്ള സ്വകാര്യസംഭാഷണങ്ങൾ ആ ഫോണിലുണ്ടെന്നും അത് അന്വേഷണസംഘം ദുരുപയോഗം ചെയ്താൽ അത് തന്റെ സ്വകാര്യതയെ ബാധിക്കുമെന്നുമാണ് ദിലീപ് വാദിച്ചത്. എന്നാൽ അന്വേഷണസംഘത്തെയും പ്രോസിക്യൂഷനെയും വിശ്വാസമില്ലെങ്കിൽ ഈ ഫോൺ കോടതിയിൽ ഹാജരാക്കിക്കൂടേ എന്ന് ഹൈക്കോടതി ചോദിച്ചു. ജസ്റ്റിസ് പി ഗോപിനാഥിന്റെ സിംഗിൾ ബഞ്ചാണ് കേസ് പരിഗണിച്ചത്.
സംസ്ഥാനസർക്കാർ നൽകിയ ഉപഹർജി പരിഗണിക്കവേയാണ് ദിലീപ് ഇത്തരത്തിലുള്ള വാദമുഖങ്ങൾ ഹൈക്കോടതിയിൽ ഉന്നയിച്ചത്. ദിലീപ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും, ദിലീപ് ഉപയോഗിച്ച ഫോണുകൾ അന്വേഷണസംഘത്തിന് നൽകാൻ നിർദേശിക്കണമെന്നും ആവശ്യപ്പെട്ടാണ് സർക്കാർ ഉപഹർജി നൽകിയത്.
ദിലീപിന്റെ വസതിയിൽ നിന്ന് അന്വേഷണസംഘം പിടിച്ചെടുത്ത ഫോണുകൾ പുതിയ ഫോണുകളാണ്. 2022 ജനുവരിയിൽ മാത്രമാണ് ആ ഫോണുകൾ ദിലീപും സഹോദരൻ അനൂപും ഉപയോഗിച്ച് തുടങ്ങിയത്. എന്നാൽ അതിന് മുമ്പ് ദിലീപ് ഉപയോഗിച്ച ഫോണുകൾ കേസിൽ നിർണായകമാണ് എന്നാണ് പ്രോസിക്യൂഷൻ വാദിക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ