- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഞാൻ ഉണ്ടാക്കിയ നാടകമാണ് കേസെന്ന് പലരും പറഞ്ഞു; ഇൻസ്റ്റഗ്രാം വഴി പലരും ചോദിച്ചത് എന്തുകൊണ്ട് ആത്മഹത്യ ചെയ്തില്ലെന്ന്; എന്റെ കുടുംബത്തെയടക്കം അപകീർത്തിപ്പെടുത്താൻ ശ്രമിച്ചു'; നീതി കിട്ടും വരെ പോരാട്ടം തുടരുമെന്ന് അതിജീവിതയായ നടി
ന്യൂഡൽഹി: താൻ നേരിടേണ്ടിവന്ന അതിക്രമത്തെക്കുറിച്ചും അതിനു ശേഷം നേരിടേണ്ടിവന്ന അപവാദ പ്രചരണങ്ങളെക്കുറിച്ചും തുറന്നു പ്രതികരിച്ച് മലയാളി നടി. വനിതാ ദിനവുമായി ബന്ധപ്പെട്ട് 'വി ദ വിമെൻ ഓഫ് ഏഷ്യ' കൂട്ടായ്മയോടൊപ്പം ചേർന്ന് നടത്തുന്ന 'ഗ്ലോബൽ ടൗൺ ഹാൾ' പരിപാടിയിൽ പങ്കെടുത്താണ് കൊച്ചിയിൽ ആക്രമണത്തിന് ഇരയായ നടിയുടെ പ്രതികരണം. അച്ഛൻ ജീവിച്ചിരുന്നെങ്കിൽ ഇതൊരിക്കലും സംഭവിക്കില്ലായിരുന്നെന്നും നടി പറഞ്ഞു.
മുതിർന്ന മാധ്യമ പ്രവർത്തക ബർഖ ദത്തിന്റെ ചോദ്യങ്ങൾക്കാണ് അതിജീവിത മറുപടി പറഞ്ഞത്. തന്റെ ജീവിതത്തെ കീഴ്മേൽ മറിച്ച സംഭവങ്ങളാണ് ഉണ്ടായതെന്നും വളരെ ബുദ്ധിമുട്ടേറിയ യാത്രയിലാണ് താനെന്നും അവർ പറഞ്ഞു. ഇരയല്ല, അതിജീവിതയാണ് താനെന്ന് അടിവരയിട്ട നടി അന്തിമഫലം കാണും വരെ പോരാട്ടം തുടരുമെന്നും അറിയിച്ചു. മോജോ സ്റ്റോറി എന്ന യൂട്യൂബ് ചാനലിലൂടെയാണ് പരിപാടി സംപ്രേഷണം ചെയ്തത്.
കോടതിയുടെ പരിഗണനയിൽ ആയതിനാൽ കേസിന്റെ വിശദാംശം പറയുന്നില്ല. കോടതിയിൽ 15 ദിവസം പോയി. അഞ്ച് വർഷത്തെ യാത്ര ബുദ്ധിമുട്ട് ഏറിയതായിരുന്നു. ഇരയിൽ നിന്ന് അതിജീവിതയിലേക്കായിരുന്നു ആ യാത്ര. സമൂഹ മാധ്യമങ്ങളിൽ എനിക്കെതിരെ ഉണ്ടായ നെഗറ്റീവ് പ്രചരണം വേദനിപ്പിച്ചു. ചിലർ മുറിവേൽപ്പിക്കുകയും അപവാദ പ്രചരണം നടത്തുകയും ചെയ്തു.
ഞാൻ നുണ പറയുകയാണെന്നും ഇത് കള്ളക്കേസ് ആണെന്നുമൊക്കെ പ്രചരണം നടന്നു. ചിലർ കുറ്റപ്പെടുത്തി. വ്യക്തിപരമായ തകർന്നുപോയ സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ട്. എനിക്ക് ഇത് മതിയായി എന്ന് ഒരു ഘട്ടത്തിൽ സുഹൃത്തുക്കളോട് പറഞ്ഞു. തീർച്ഛയായും കുറേ വ്യക്തികൾ എന്നെ പിന്തുണച്ചു. ഡബ്ല്യുസിസി ധൈര്യം നൽകി. എനിക്കൊപ്പം നിന്നവർക്ക് നന്ദി. ഞാൻ പോരാടും. ചെയ്തത് ശരിയെന്ന് തെളിയിക്കും.
എനിക്ക് എന്റെ മാന്യത തിരിച്ചുകിട്ടണം. വ്യക്തിപരമായി ഇപ്പോഴും ഭയത്തിലാണ്. പക്ഷേ അത് എന്തിനെന്ന് കൃത്യമായ ഉത്തരമില്ല. തൊഴിൽ നിഷേധിക്കപ്പെട്ട സാഹചര്യം ഉണ്ടായി. എന്നാൽ കുറച്ചുപേർ അവസരങ്ങൾ വാഗ്ദാനം ചെയ്തു. എന്നാൽ അത് വേണ്ടെന്നുവച്ചുവെന്നും അതിജീവിത പ്രതികരിച്ചു. 'സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള തെറ്റായ പ്രചരണങ്ങൾ വളരെയധികം വേദനിപ്പിച്ചു. ഇൻസ്റ്റഗ്രാം വഴി പലരും ചോദിച്ചത് എന്തുകൊണ്ട് ആത്മഹത്യ ചെയ്തില്ല എന്നൊക്കെയാണ്. അതോടൊപ്പം തന്നെ നിരവധി പേർ പിന്തുണയറിക്കുകയും ചെയ്തിരുന്നു. ഞാൻ ഉണ്ടാക്കിയ നാടകമാണ് ഇതെന്ന് പലരും പറഞ്ഞു.
എന്റെ കുടുംബത്തെയടക്കം അപകീർത്തിപ്പെടുത്താൻ പലരും ശ്രമിച്ചു. കള്ളക്കേസ് എന്ന് വരെ അപവാദപ്രചാരണമുണ്ടായി. ചിലർ ഇത്തരത്തിലൊക്കെ കുറ്റപ്പെടുത്തിയപ്പോൾ വല്ലാതെ തകർന്നുപോയി,' അവർ പറയുന്നു. സംഭവത്തിൽ തന്നെ പിന്തുണച്ച എല്ലാവർക്കും അവർ നന്ദി അറിയിക്കുകയും ചെയ്തു.
'നിരവധി പേർ എനിക്ക് പിന്തുണയറിയിച്ചിരുന്നു. എന്നോടൊപ്പം നിന്നവർക്ക് നന്ദി അറിയിക്കുകയാണ്. കേസിൽ വിജയം കാണുന്നത് വരെ പോരാട്ടം തുടരും. ആത്മാഭിനത്തിനായുള്ള പോരാട്ടമാണ് അത് തുടരുക തന്നെ ചെയ്യും. ഈ അഞ്ച് വർഷത്തോളമുള്ള യാത്ര ഏറെ ബുദ്ധിമുട്ടേറിയതായിരുന്നു.
ഇപ്പോഴും എനിക്ക് പേടിയുണ്ട്. നീതിക്ക് വേണ്ടി പോരാടുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല,' അതിജീവിത പറഞ്ഞു. ഡബ്‌ള്യൂ.സി.സി തനിക്ക് ഒരുപാട് ധൈര്യം തന്നൂവെന്നും അതോടൊപ്പം തന്നെ പലരും തനിക്ക് സിനിമകളിൽ അവസരം നിഷേധിക്കുകയും ചെയ്തൂവെന്ന് നടി പറയുന്നു.
'പലരും എനിക്ക് മലയാള സിനിമയിൽ അവസരം നിഷേധിച്ചിട്ടുണ്ട്. എന്നാൽ മലയാളത്തിൽ തന്നെ എന്റെ പല സുഹൃത്തുക്കളും സിനിമയിൽ അവസരം തരികയും ചെയ്തിട്ടുണ്ട്. പൃഥ്വിരാജ്, ജയസൂര്യ, ഷാജി കൈലാസ്, ആഷിഖ് അബു അങ്ങനെ ഒരുപാട് പേർ എനിക്ക് അവസരം തരാമെന്ന് പറഞ്ഞ് എന്നെ സമീപിച്ചിരുന്നു. പക്ഷെ ആ സിനിമകൾ എനിക്ക് തിരസ്‌കരിക്കേണ്ടി വന്നു. അതേ ഇൻഡസ്ട്രിയിലേക്ക് തിരിച്ചു വന്ന ഒന്നും സംഭവിക്കാത്തു പോലെ ജോലി ചെയ്യാൻ എനിക്ക് വളരെ ഭയമായിരുന്നു. എന്റെ മനസ്സമാധാനത്തിനായാണ് അഞ്ച് വർഷം മലയാള സിനിമയിൽ നിന്ന് മാറി നിന്നത്. പകരം മറ്റ് ഭാഷകളിൽ അഭിനയിച്ചു. പക്ഷെ ഇപ്പോൾ ഞാൻ ചില മലയാളം സിനിമകളുടെ കഥ കേൾക്കുന്നുണ്ട്
ഞാൻ തെറ്റുകാരിയല്ലെന്ന് തെളിയിക്കണം, ഞാൻ മലയാളം ഒഴികെയുള്ള മറ്റ് ഭാഷകളിൽ അഭിനയിക്കുന്നുണ്ട്. ഇപ്പോൾ ഞാൻ ചില മലയാളം സിനിമകളുടെ തിരക്കഥകൾ കേൾക്കാൻ തുടങ്ങിയിട്ടുണ്ട്,' നടി പറഞ്ഞു. വിജയം കാണുന്നതുവരെ കേസുമായി മുന്നോട്ട് പോകുമെന്നും തന്റെ കുടുംബത്തിന്റേയും ജനങ്ങളുടേയും പിന്തുണ തനിക്കുണ്ടെന്നും നടി പറഞ്ഞു.
'വിജയം കാണുന്നതുവരെ കേസുമായി മുന്നോട്ട് പോകും. എന്റെ കുടുംബത്തിന്റെ എല്ലാവിധ പിന്തുണയും എനിക്കുണ്ട്. എന്റെ ഭർത്താവിന്റേതായാലും സുഹൃത്തുക്കളുടേതായാലും അങ്ങനെ എന്നെ സ്‌നേഹിക്കുന്ന ഒരുപാട് പേരുടെ പിന്തുണ എനിക്കുണ്ട്. ട്രാവൽ ചെയ്യുന്ന സമയത്തൊക്കെ ആളുകൾ എന്നെ കെട്ടിപിടിക്കുകയും പിന്തുണയറിയിക്കുകയുമൊക്കെ ചെയ്യുന്നുണ്ട്. എനിക്ക് നീതി കിട്ടാൻ അവർ പ്രാർത്ഥിക്കുന്നുണ്ട്,' അവർ പറഞ്ഞു.
താൻ നേരിട്ട അതിക്രമത്തെ കുറിച്ച് ചിലത് വെളിപ്പെടുത്താനാവില്ലെന്നും കാരണം വിഷയത്തിൽ നിയമ നടപടി തുടരുകയും കോടതിയുടെ പരിഗണനയിലിരിക്കുന്നതുകൊണ്ടാണെന്നും അതിജീവിത കൂട്ടിച്ചേർത്തു.
ന്യൂസ് ഡെസ്ക്