- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നടിയെ ആക്രമിച്ച കേസ്: വ്യാജമൊഴി നൽകാൻ അന്വേഷണ ഉദ്യോഗസ്ഥൻ ഭീഷണിപ്പെടുത്തി; തുടരന്വേഷണത്തിന്റെ പേരിൽ തന്നെ ഉപദ്രവിക്കുമെന്ന ആശങ്ക; തുടർനടപടികൾ സ്റ്റേ ചെയ്യണം; ബൈജു പൗലോസിനെതിരെ പരാതിയുമായി സാക്ഷി ഹൈക്കോടതിയിൽ
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വ്യാജ മൊഴി നൽകാൻ അന്വേഷണ ഉദ്യോഗസ്ഥൻ ഭീഷണിപ്പെടുത്തിയെന്ന് പരാതിയുമായി ഒരു സാക്ഷി കൂടി ഹൈക്കോടതിയിൽ. വ്യാജ മൊഴി നൽകാൻ ബൈജു പൗലോസ് ഭീഷണിപ്പെടുത്തിയെന്നു സാക്ഷിയായ സാഗർ വിൻസെന്റാണ് പരാതി നൽകിയത്. തുടരന്വേഷണത്തിന്റെ പേരിൽ ബൈജു പൗലോസ് ഉപദ്രവിക്കുമെന്ന് ആശങ്കയുണ്ട്. ചോദ്യം ചെയ്യലിന് ബൈജു പൗലോസ് നൽകിയ നോട്ടിസിലെ തുടർനടപടി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹർജി നൽകി.
അതേസമയം, വധഗൂഢാലോചന കേസ് റദ്ദാക്കണമെന്ന ദിലീപിന്റെ ഹർജി പരിഗണിക്കുന്നതിൽ നിന്ന് ജസ്റ്റിസ് കെ.ഹരിപാൽ പിന്മാറി. അടുത്തയാഴ്ച മറ്റൊരു ബഞ്ച് കേസ് പരിഗണിക്കും. ഹർജിയിൽ വിശദമായ വാദം കേൾക്കേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കേസ് പരിഗണിക്കുന്നതിൽനിന്ന് ജസ്റ്റിസ് കെ.ഹരിപാൽ പിന്മാറിയത്.
മെയ് ആദ്യവാരം വിരമിക്കുന്ന സാഹചര്യത്തിലാണ് ജസ്റ്റിസ് ഹരിപാൽ കേസിൽനിന്ന് പിന്മാറിയത്. രാവിലെ ആദ്യം കേസ് പരിഗണിച്ച കോടതി അന്വേഷണം സ്റ്റേ ചെയ്യണമെന്ന ദിലീപിന്റെ ആവശ്യം നിരസിച്ചിരുന്നു. വിശദമായി വാദം കേൾക്കുന്നതിന് ഈ മാസം 28ലേക്ക് കേസ് മാറ്റുകയും ചെയ്തിരുന്നു.
ദിലീപിന്റെ മൊബൈലിലെ വിവരങ്ങൾ നശിപ്പിച്ചെന്ന് സംശയിക്കുന്ന സായ്ശങ്കറുടെ ഫ്‌ളാറ്റിലും ഓഫിസിലും ക്രൈംബ്രാഞ്ച് പരിശോധന നടത്തി. ഒരു ഐപാഡും രണ്ടു മൊബൈൽ ഫോണും പിടിച്ചെടുത്തു.
ദിലീപ് കോടതിക്ക് കൈമാറാത്ത ഫോണിലെ വിവരങ്ങൾ ഇയാളുടെ കൈവശമുണ്ടെന്ന് സൂചനയുണ്ട്. ദിലീപ് അറിയാതെയാണ് ഇയാൾ വിവരങ്ങൾ കൈവശപ്പെടുത്തിയത്. ഫോണിലെ ചില വിവരങ്ങൾ അന്വേഷണ സംഘം കണ്ടെത്തിയെന്നാണ് സൂചന. നാളെ സായ് ശങ്കറിനോട് ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരാകണം എന്നാവശ്യപ്പെട്ട് നോട്ടീസ് നൽകിയിട്ടുണ്ട്.
തന്റെ വീട്ടിൽ ജോലി ചെയ്തിരുന്ന സഹായി ദാസനെ, ഡി.വൈ.എസ്‌പി ബൈജു പൗലോസ് ഭീഷണിപ്പെടുത്തി മൊഴി നൽകിച്ചുവെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരുന്നു. അനുകൂലമായി മൊഴി നൽകാൻ അഭിഭാഷകർ സ്വാധീനിച്ചിരുന്നുവെന്ന ദാസന്റെ മൊഴിയും ദിലീപ് തള്ളിപ്പറഞ്ഞിട്ടുണ്ട്.
എന്നാൽ കോടതിക്ക് കൈമാറുന്നതിന് തൊട്ടു മുൻപുള്ള ദിവസങ്ങളിൽ ഫോണുകളിലെ നിർണ്ണായക വിവരങ്ങൾ ദിലീപ് നശിപ്പിച്ചുവെന്നാണ് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിട്ടുള്ളത്.
ദിലീപിന്റെ അഭിഭാഷകൻ രാമൻ പിള്ളക്കെതിരെ നടപടി ആവശ്യപ്പെട്ട് അതിജീവിത ബാർ കൗൺസിലിന് പരാതി നൽകിയിരുന്നു. എന്നാൽ മെയിൽവഴിയുള്ള പരാതി സ്വീകരിക്കാനാകില്ലെന്നും ചട്ടപ്രകാരം പരാതി ലഭിച്ചാൽ നടപടി സ്വീകരിക്കാമെന്നുമായിരുന്നു കൗൺസിൽ മറുപടി നൽകിയത്.
തുടരന്വേഷണത്തിലെ പ്രധാന തെളിവാണ് ദിലീപിന്റെ ഫോണുകൾ എന്ന് പ്രോസിക്യൂഷൻ പറയുന്ന വാദങ്ങൾ നടിയും ഈ കത്തിൽ ചൂണ്ടിക്കാട്ടുന്നു. ഈ ഫോൺ സംബന്ധിച്ച ഹർജി ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെ ബി രാമൻപിള്ളയുടെ ഓഫീസിൽവെച്ച് സൈബർ വിദഗ്ധന്റെ സഹായത്തോടെ തെളിവ് നശിപ്പിച്ചു.
കേസിലെ പ്രധാന പ്രതി പൾസർസുനി ദിലീപിന് കൈമാറാൻ കൊടുത്ത കത്ത് സജിത് എന്നയാളെ സ്വാധീനിച്ച് രാമൻപിള്ള കൈക്കലാക്കി. പിന്നീട് ഈ കത്ത് ഇരിങ്ങാലക്കുടയിലെ ഹോട്ടലിൽവെച്ച് തിരിച്ച് നൽകിയെന്നും കത്തിൽ നടി ആരോപിക്കുന്നു. കേസിൽ 20 സാക്ഷികളെ അഭിഭാഷകൻ ഇടപെട്ട് കൂറ് മാറ്റിയെന്നും നടി പറയുന്നു.
മറുനാടന് മലയാളി ബ്യൂറോ