കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വാദം കേൾക്കുന്നതിനിടെ പ്രത്യേക വിചാരണക്കോടതിയിൽ നാടകീയ രംഗങ്ങൾ. കേസിൽ എട്ടാം പ്രതിയായ ദിലീപിന്റെ ജാമ്യം റദ്ദ് ചെയ്യണമെന്ന പ്രോസിക്യൂഷൻ ഹർജി പരിഗണിക്കുന്നതിനിടെയാണ് സംഭവം.

തന്നെ പ്രതിഭാഗത്തിന് സ്വാധീനിക്കാൻ കഴിഞ്ഞോയെന്ന് വിചാരണക്കോടതി ജഡ്ജി ചോദിച്ചു. അത് പ്രതിഭാഗത്തോട് ചോദിക്കണമെന്ന് പ്രോസിക്യൂഷൻ മറുപടി നൽകി. ഹർജി വിചാരണ കോടതി ഈ മാസം 12 ലേക്ക് മാറ്റി.

ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷൻ ആവശ്യത്തിൽ നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതിയായ ദിലീപ് കോടതിയിൽ മറുപടി നൽകിയിരുന്നു. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചിട്ടില്ലെന്നും തനിക്കെതിരെ കള്ളത്തെളിവുകൾ ഉണ്ടാക്കാനാണ് അന്വേഷണ സംഘത്തിന്റെ ശ്രമമെന്നുമാണ് ദിലീപിന്റെ ആരോപണം.

എന്നാൽ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താനും സാക്ഷികളെ സ്വാധീനിക്കാനും ശ്രമിച്ച ദിലീപിന്റെ ജാമ്യം റദ്ദാക്കി റിമാൻഡ് ചെയ്യണമെന്നാണ് പ്രോസിക്യഷൻ ആവശ്യം.

എതിർ സത്യവാങ് മൂലം പഠിക്കാൻ സമയം വേണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നു. ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന പ്രോസിക്യൂഷൻ ആരോപണം നിഷേധിച്ച് കൊണ്ട് 27 പേജുള്ള മറുപടിയാണ് പ്രതിഭാഗം കോടതിയിൽ സമർപ്പിച്ചത്.നേരത്തെ നടിയെ ആക്രമിച്ച കേസിൽ കോടതിയെ സ്വാധീനിക്കാൻ പ്രതിഭാഗം ശ്രമിച്ചെന്ന് സൂചിപ്പിക്കുന്ന തെളിവുകൾ പുറത്തു വന്നിരുന്നു.

ദിലീപിന്റെ ഫോണിൽ നിന്നും വീണ്ടെടുത്ത ശബ്ദരേഖ, ദിലീപിന് കോടതിയിൽ നിന്ന് ചോർന്ന് കിട്ടിയ രേഖകളുടെ ഫോട്ടോകൾ എന്നിവ നേരത്തെ റിപ്പോർട്ടർ ടിവി പുറത്തു വിട്ടിരുന്നു. ജഡ്ജിയെ സ്വാധീനിക്കാനായെന്ന് പറയുന്ന ശബ്ദരേഖയിൽ പാവറട്ടി കസ്റ്റഡി കൊലയേക്കുറിച്ചും കേസിൽ ആരോപണവിധേയനായ എക്സൈസ് ഉദ്യോഗസ്ഥൻ ജിജു ജോസിനേക്കുറിച്ചും പറയുന്നുണ്ടായിരുന്നു.

ദിലീപ് ഫോണുകൾ ഫോറൻസിക് പരിശോധനയ്ക്ക് നൽകിയ മുംബൈ ലാബിൽ നിന്നും പുറത്തായ തെളിവുകളായിരുന്നു ഇവ.ദിലീപിന്റെ കേസ് കൈമാറിയിരിക്കുന്ന കോടതിയിലെ ജഡ്ജി, എക്സൈസ് ഉദ്യോഗസ്ഥനായ ജിജുവിന്റെ (ജിജു ജോസ്) ഭാര്യയാണെന്ന് പറയുന്നത് ശബ്ദരേഖയിൽ കേൾക്കാം.

ലോക്കപ്പ് മർദ്ദന മരണത്തിൽ ഏറ്റവും കൂടുതൽ ആരോപണം വന്നിരിക്കുന്നത് ജിജുവിനെതിരെയാണെന്ന് ശബ്ദരേഖയിൽ പറയുന്നു. ദിലീപിന്റെ അഭിഭാഷകനായ 'സന്തോഷിനെ 'അവർ' ബന്ധപ്പെട്ടു, നമ്മുടെ ഭാഗത്ത് ആശയക്കുഴപ്പം ഉണ്ടാകരുത്, 'അവരുടെ' ജീവിതത്തേയും ഭാവിയേയും ബാധിക്കുന്ന കാര്യമാണ് എന്ന് പറഞ്ഞു', എന്നിങ്ങനെയെല്ലാം ഓഡിയോ ക്ലിപ്പിൽ കേൾക്കാം.

അതേ സമയം അന്വേഷണ സംഘം കാവ്യയുടെ മൊഴിയെടുക്കുകയാണ്. ദിലിപിന്റെ ആലുവയിലെ പത്മസരോവരം വീട്ടിലെത്തിയാണ് ക്രൈംബ്രാഞ്ച് സംംഘം കാവ്യാ മാാധവന്റെ മൊഴിയെടുക്കുന്നത്.എസ് പി മോഹന ചന്ദ്രനും ഡി വൈ എസ് പി ബൈജു പൗലോസും സംഘത്തിൽ ഉണ്ട്. കാവ്യക്ക് മുൻകൂറായി നോട്ടീസ് നൽകിയ ശേഷമാണ് ക്രൈംബ്രാഞ്ച് സംഘം മൊഴിയെടുക്കാനെത്തിയത്.

നടിയെ ആക്രമിച്ച കേസിന്റെ ഗൂഢാലോചനയിൽ ദിലീപിനൊപ്പം കാവ്യയ്ക്കും പങ്കുണ്ടോയെന്നാണ് തുടരന്വേഷണത്തിൽ പ്രത്യേക അന്വേഷണസംഘം പരിശോധിക്കുന്നത്. ഇതിൽ വ്യക്തത വരുത്തുന്നതിനാണ് കാവ്യയെ ചോദ്യം ചെയ്യുന്നത്. നേരത്തെയും ദിലീപിന്റെ പത്മ സരോവരം വീട്ടിൽ വെച്ച് ചോദ്യംചെയ്യലാകാമെന്ന നിലപാടാണ് കാവ്യ സ്വീകരിച്ചിരുന്നത്.

എന്നാൽ പത്മസരോവരം വീട്ടിൽ പോയി ചോദ്യം ചെയ്യേണ്ടെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ ആദ്യ നിലപാട്. എന്നാൽ മൊഴി എടുക്കൽ വൈകുന്നതോടെയാണ് കാവ്യയുടെ സൗകര്യം പരിഗണിച്ച് ആലുവയിലെ പത്മസരോവരം വീട്ടിൽ തന്നെ ചോദ്യം ചെയ്യലാകാമെന്ന നിലപാടിലേക്ക് ക്രൈംബ്രാഞ്ച് സംഘം എത്തിയത്. പ്രോജക്ടർ ഉപയോഗിച്ച് ചില ദൃശ്യങ്ങൾ കാണിച്ചും സംഭാഷണ ശകലങ്ങൾ കേൾപ്പിച്ചുമാണ് കാവ്യയിൽ നിന്ന് വിവരങ്ങൾ തേടാൻ തീരുമാനിച്ചിരിക്കുന്നത്.