- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാർട്ടി നേതാക്കളുമായി 'ദിലീപിന്റെ ബന്ധം' ചർച്ചയായതോടെ പ്രതിരോധത്തിൽ; അതിജീവിത കോടതിയെ സമീപിച്ചതോടെ മുഖംരക്ഷിക്കാൻ ഇടതു സർക്കാർ; അന്വേഷണം അവസാനിപ്പിക്കേണ്ടതില്ലെന്ന് ക്രൈംബ്രാഞ്ചിന് നിർദ്ദേശം; അന്വേഷണം പൂർത്തിയാക്കാൻ സാവകാശം ആവശ്യപ്പെടും
കൊച്ചി: നടി അക്രമിക്കപ്പെട്ട കേസിൽ അതിജീവിത സർക്കാരിനെതിരെ രംഗത്തെത്തുകയും രാഷ്ട്രീയ അട്ടിമറി ആരോപിച്ച് കോടതിയെ സമീപിക്കുകയും ചെയ്തതോടെ പ്രതിരോധത്തിലായ സർക്കാർ മുഖംരക്ഷിക്കാനുള്ള നടപടികൾ തുടങ്ങി. കേസിൽ അന്വേഷണം ധൃത്തിപ്പെട്ട് പൂർത്തീകരിക്കേണ്ടതില്ലെന്ന് സർക്കാർ ക്രൈംബ്രാഞ്ചിന് നിർദ്ദേശം നൽകി.
പ്രതിയായ ദിലീപിന് പാർട്ടി നേതാക്കളുമായുള്ള ബന്ധം ചർച്ചയാകുകയും തൃക്കാക്കര തെരഞ്ഞെടുപ്പിൽ പ്രതിപക്ഷം വിഷയം ഉയർത്തുകയും ചെയ്തതോടെയാണ് തിടുക്കപ്പെട്ട് അന്വേഷണം പൂർത്തിയാക്കേണ്ടതില്ലെന്ന നിലപാടിൽ സർക്കാർ എത്തിയത്.
അന്വേഷണത്തിന് കൂടുതൽ സമയം കോടതിയിൽ നിന്ന് ആവശ്യപ്പെടാമെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. കേസിൽ രാഷ്ട്രീയ അട്ടിമറി ആരോപിച്ച് അക്രമത്തിനിരയായ നടി കഴിഞ്ഞ ദിവസം കോടതിയിൽ ഹർജി നൽകിയിരുന്നു. ഈ ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് സർക്കാർ ക്രൈംബ്രാഞ്ചിന് ഇത്തരത്തിലുള്ള നിർദ്ദേശം നൽകിയിരിക്കുന്നത്.
അതിജീവിത നേരിട്ട് അട്ടിമറി നീക്കം ആരോപിച്ചത് സർക്കാരിനെ പ്രതിസന്ധിയിലാക്കിയിരുന്നു. ക്രൈംബ്രാഞ്ച് മേധാവിയുടെ മാറ്റത്തിന് പിന്നാലെയാണ് ദീലീപിന്റെ അഭിഭാഷകരെ ചോദ്യം ചെയ്യാനുള്ള നീക്കത്തിന് തടയിട്ടത്. ഇതോടെ ഹൈക്കോടതി നിർദേശിച്ച സമയപരിധിയായ ഈ മാസം 31-നകം തുടരന്വേഷണ റിപ്പോർട്ട് സമർപ്പിക്കാനും ക്രൈംബ്രാഞ്ച് തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അതിജീവിത രാഷ്ട്രീയ ഇടപെടൽ ആരോപിച്ച് സർക്കാരിനെ പ്രതിക്കൂട്ടിലാക്കി ഹൈക്കോടതിയെ സമീപിച്ചത്.
സമയപരിധി തീരുന്നുവെന്നതിന്റെ പേരിൽ അന്വേഷണം എളുപ്പത്തിൽ അവസാനിപ്പിക്കേണ്ടതില്ലെന്നും, എല്ലാ തെളിവുകളും പരിശോധിച്ച് ശേഖരിച്ച ശേഷം മാത്രം റിപ്പോർട്ട് സമർപ്പിച്ചാൽ മതിയെന്നുമാണ് സർക്കാരിപ്പോൾ നിർദ്ദേശം നൽകിയിരിക്കുന്നത്.
സർക്കാരിനും വിചാരണക്കോടതി ജഡ്ജിക്കുമെതിരേ ഗുരുതര ആരോപണമുന്നയിച്ച് ആക്രമിക്കപ്പെട്ട നടി നൽകിയ ഹർജി പരിഗണിക്കുന്നതിൽനിന്ന് കഴിഞ്ഞ ദിവസം ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ ബെഞ്ച് പിന്മാറിയിരുന്നു. നടി നൽകിയ അപേക്ഷ കണക്കിലെടുത്ത് ഹർജി പരിഗണിക്കുന്നതിൽനിന്ന് ബെഞ്ച് പിന്മാറുകയായിരുന്നു.
ജസ്റ്റിസ് സിയാദ് റഹ്‌മാന്റെ ബെഞ്ചാകും കേസ് കേൾക്കുക. വരുന്ന തിങ്കളാഴ്ച അധിക കുറ്റപത്രം സമർപ്പിക്കാനിരിക്കെ കേസ് അട്ടിമറിച്ച ദിലീപിന്റെ അഭിഭാഷകരെ ഒഴിവാക്കിയെന്നും വിചാരണക്കോടതിയുടെ നടപടികളിൽ പരിശോധന വേണമെന്നുമാണ് അതിജീവിതയുടെ ആവശ്യം
നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം പാതിവഴിയിൽ അവസാനിപ്പിച്ച് പാതിവെന്ത അന്തിമ റിപ്പോർട്ട് സമർപ്പിക്കാൻ രാഷ്ട്രീയ ഉന്നതർ അന്വേഷണസംഘത്തെ ഭീഷണിപ്പെടുത്തുന്നതായി ആരോപിച്ചാണ് നടിയുടെ ഹർജി. തന്നെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങൾ കോടതിയിൽനിന്ന് ചോർന്നതിൽ അന്വേഷണം വേണമെന്നും ആവശ്യപ്പെടുന്നുണ്ട്.
ആദ്യഘട്ടത്തിൽ ഒപ്പംനിന്ന സർക്കാർ ഇപ്പോൾ ഒപ്പമില്ലെന്നും ഹൈക്കോടതിയുടെ മേൽനോട്ടമില്ലെങ്കിൽ ശരിയായ അന്വേഷണം നടക്കില്ലെന്നും ഹർജിയിൽ പറയുന്നു. തുടരന്വേഷണ റിപ്പോർട്ട് നൽകാൻ അന്വേഷണസംഘം നീക്കംനടത്തുന്നതിനിടെയാണ് ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് നടി ഹർജി നൽകിയിരിക്കുന്നത്.
കേസിൽ കുറ്റപത്രം നൽകാൻ സമയം നീട്ടി ചോദിക്കാൻ ക്രൈം ബ്രാഞ്ച് തീരുമാനിച്ചിട്ടുണ്ട്. നടിയുടെ ഹർജിയിൽ അനുകൂല നടപടി ഉണ്ടായില്ലെങ്കിൽ പൊലീസ് ഹൈക്കോടതിയെ സമീപിക്കും. അന്വേഷണം പൂർത്തിയാക്കാൻ സാവകാശം ആവശ്യപ്പെട്ട് വീണ്ടും ഹർജി നൽകും. ഹർജി നൽകാൻ അനുമതി ലഭിച്ചിട്ടുണ്ട്.
ഈ മാസം 30 ന് കുറ്റപത്രംനൽകാൻ ആയിരുന്നു നിർദ്ദേശം. കുറ്റപത്രം നൽകുന്നത് തടയണം എന്നാണ് അതിജീവിത ഹൈക്കോടതിയിൽ ആവശ്യപ്പെടുക. ഇടക്കാല ഉത്തരവ് വേണം എന്നും ആവശ്യപ്പെടും. കേസിൽ ദിലീപിന്റെ അഭിഭാഷകരെ ചോദ്യം ചെയ്യാൻ തീരുമാനം ആയിട്ടില്ല.
അതിനിടെ കേസിൽ മുൻ മന്ത്രി എം എം മണി നടത്തിയ പ്രതികരണത്തിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ രംഗത്തെത്തി. 'വൺ, ടു, ത്രീ.. ചത്തവന്റെ വീട്ടിൽ കൊന്നവന്റെ പാട്ട്' എന്ന തലക്കെട്ടിൽ ഫേസ് ബുക്ക് കുറിപ്പിലാണ് തിരുവഞ്ചൂരിന്റെ വിമർശനം. മലയാളികളുടെ മനസാക്ഷിയെ ഞെട്ടിച്ച പൈശാചിക സംഭവത്തെ ഇത്ര നിസ്സാരവത്കരിച്ച് പറയാനുള്ള മനസ്സിനെ സമ്മതിക്കണമെന്ന് തിരുവഞ്ചൂർ വിമർശിക്കുന്നു. ഇടത് ബുദ്ധിജീവികളും സഹയാത്രികരും പ്രതികരിച്ച് കണ്ടില്ലെന്നും വിമർശനമുണ്ട്. ഇരകളെയും എതിരാളികളെയും സമൂഹത്തിൽ മോശക്കാരായി ചിത്രീകരിക്കുന്നത് സിപിഎമ്മിന്റെ രക്ഷപ്പെടൽ തന്ത്രമെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ പറയുന്നു.
മറുനാടന് മലയാളി ബ്യൂറോ