കൊച്ചി: നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യത്തിലെ ശബ്ദരേഖ പരിശോധിക്കണമെന്ന് പ്രോസിക്യൂഷൻ. അനൂപിന്റെ ഫോണിൽ നിന്ന് ലഭിച്ച ശബ്ദരേഖയുമായി ഒത്തുനോക്കണം. ദൃശ്യം ചോർന്നത് എങ്ങനെയെന്ന് ഇതിൽ നിന്ന് വ്യക്തമാവുമെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. പരിശോധനയ്ക്കായി കോടതിയിൽ അപേക്ഷ നൽകി.

നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങളിലെ ശബ്ദരേഖയുടെ ട്രാൻസ്‌ക്രിപ്റ്റ് അഥവാ ലിഖിതരേഖ പരിശോധിക്കണമെന്നതാണ് പ്രോസിക്യൂഷന്റെ ആവശ്യം. വിചാരണക്കോടതിയിലാണ് പ്രോസിക്യൂഷൻ ഈ പരാതി നൽകിയിട്ടുള്ളത്.

ദിലീപിന്റെ സഹോദരൻ അനൂപിന്റെ ഫോണിൽ നിന്നും ലിഖിതരേഖ പിടിച്ചെടുത്തിരുന്നു. ഇതും ആക്രമണദൃശ്യങ്ങളിലെ ട്രാൻസ്‌ക്രിപ്റ്റും തമ്മിൽ ഒത്തുനോക്കണം. ദൃശ്യങ്ങൾ ചോർന്നത് എങ്ങനെയെന്ന് അറിയാനുള്ള അന്വേഷണത്തിന്റെ ഭാഗമായിട്ടാണ് പ്രോസിക്യൂഷൻ പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ടത്.

അന്വേഷണത്തിൽ കണ്ടെത്തിയ ഡിജിറ്റൽ തെളിവുകളുടെയും രേഖകളുടെയും വ്യാപ്തി ഹൈക്കോടതി മുൻപാകെ അവതരിപ്പിച്ചു പ്രോസിക്യൂഷൻ 3 മാസത്തെ അധിക സമയം തേടിയിട്ടുണ്ട്. ഈ ഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണ്.

കോടതിയുടെ കസ്റ്റഡിയിലുള്ള മെമ്മറി കാർഡിലെ ദൃശ്യങ്ങൾ ചോർന്നെന്ന ആരോപണത്തിന്റെ നിജസ്ഥിതി ബോധ്യപ്പെടാൻ മെമ്മറി കാർഡ് ഫൊറൻസിക് പരിശോധനയ്ക്ക് അയക്കണമെന്ന വാദവും ഹൈക്കോടതി മുൻപാകെ സർക്കാർ നടത്തിയിട്ടുണ്ട്. സാധാരണ നിലയിൽ ഇത്തരം അവസരങ്ങളിൽ ഹൈക്കോടതിയുടെ തീരുമാനം അറിയും വരെ കേസ് മാറ്റിവയ്ക്കുകയാണു പതിവ്.

എട്ടാം പ്രതി നടൻ ദിലീപ് കേസിലെ സാക്ഷികളെ സ്വാധീനിച്ചെന്നും തെളിവുകൾ നശിപ്പിച്ചെന്നും ചൂണ്ടിക്കാട്ടി പ്രതിയുടെ ജാമ്യം റദ്ദാക്കാൻ അന്വേഷണ സംഘം നൽകിയ ഹർജി വിചാരണക്കോടതിയുടെ പരിഗണനയിലിരിക്കെയാണ് പ്രോസിക്യൂഷൻ ആവശ്യം ഉന്നയിച്ചത്.