- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോടതിയിൽ ഹാജരാക്കിയ മെമ്മറി കാർഡ് രണ്ടു തവണ തുറന്നു; നടി ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങളുടെ പകർപ്പ് ദിലീപിന്റെ പക്കൽ; കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന അതിജീവിതയുടെ ഹർജിയിൽ അനുകൂല നിലപാടെന്ന് സർക്കാർ
കൊച്ചി: നടി ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങൾ അടങ്ങിയ, കോടതിയിൽ ഹാജരാക്കിയ മെമ്മറി കാർഡ് രണ്ടു തവണ തുറന്നതായി കണ്ടെത്തിയെന്ന് അന്വേഷണ സംഘം ഹൈക്കോടതിയിൽ. ഇതു സ്ഥിരീകരിക്കുന്ന തിരുവനന്തപുരം എഫ്എസ്എൽ ഡയറക്ടറുടെ റിപ്പോർട്ടു സഹിതമുള്ള സത്യവാങ്മൂലം പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ സമർപ്പിച്ചു.
നടി ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങളുടെ പകർപ്പ് ദിലീപിന്റെ കൈവശമുണ്ടെന്ന വാദവും ഇതിൽ ആവർത്തിച്ചു. കേസ് അട്ടിമറിക്കപ്പെടുകയാന്നെന്നും കോടതി മേൽനോട്ടത്തിൽ അന്വേഷണം തുടരണമെന്നും ആവശ്യപ്പെട്ട് അതിജീവിത നൽകിയ ഹർജിയിലാണ് പ്രോസിക്യൂഷൻ സത്യവാങ്മൂലം സമർപ്പിച്ചത്.
നിശ്ചിത മെമ്മറി കാർഡുകളും അനുബന്ധ ഫയലുകളും 2018 ജനുവരി 9നും ഡിസംബർ13നും ആക്സസ് ചെയ്തിട്ടുണ്ടെന്നാണ് ഫൊറൻസിക് പരിശോധനയിൽ കണ്ടെത്തിയിരിക്കുന്നതെന്നു പ്രോസിക്യൂഷൻ വ്യക്തമാക്കുന്നു.
2018 ൽ കോടതി ആവശ്യത്തിനല്ലാതെ, മെമ്മറി കാർഡിന്റെ ഹാർഷ് വാല്യു രണ്ടു വട്ടം മാറിയെന്ന് പ്രാഥമിക പരിശോധനയിൽ വ്യക്തമായി. 2018 ജനുവരി 09, ഡിസംബർ 13 നുമാണ് മെമ്മറി കാർഡുകൾ തുറന്നത്. എന്നാൽ ഇക്കാര്യത്തിൽ ക്രൈംബ്രാഞ്ച് നൽകിയ ഹർജി കോടതി തള്ളിക്കളയുകയാണ് ചെയ്തത്.
ഹർജി തള്ളിയ കാര്യം രഹസ്യമാക്കി വെച്ചെന്നും, അന്വേഷണ ഉദ്യോഗസ്ഥരെയോ പ്രോസിക്യൂഷനെയോ അറിയിച്ചില്ലെന്നും സർക്കാർ മറുപടിയിൽ പറയുന്നു. നിയമപരമായി ശരിയല്ലാത്ത നടപടിയാണ് ജഡ്ജിയുടെ ഭാഗത്തുനിന്നും ഉണ്ടായതെന്നും സർക്കാർ പറയുന്നു. ദിലീപിന്റെ ഫോണിൽ നിന്നും പിടിച്ചെടുത്ത രേഖകൾ പരിശോധിക്കാൻ കൂടുതൽ സാവകാശം വേണമെന്നും സർക്കാർ ആവശ്യപ്പെട്ടു.
അതേ സമയം അതിജീവിതയുടെ ഹർജിയിലെ ആവശ്യങ്ങൾ അനുവദിക്കുന്നതിൽ എതിർപ്പില്ലെന്ന് സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചു. കോടതി മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന ആവശ്യത്തിലും അനുകൂല നിലപാടാണുള്ളത്. അന്വേഷണത്തിനു കൂടുതൽ സമയം അനുവദിക്കണമെന്നും അതിജീവിതയുടെ ഹർജിയിലെ ആവശ്യങ്ങൾ അനുവദിക്കുന്നതിൽ സർക്കാരിന് എതിർപ്പില്ലെന്നും കോടതിയെ അറിയിച്ചിട്ടുണ്ട്.
അന്വേഷണ സംഘത്തിനും സർക്കാരിനും എതിരെ ശക്തമായ ആരോപണങ്ങൾ ഉയർത്തിയാണ് അതിജീവിത കോടതിയിൽ ഹർജി നൽകിയിരുന്നത്. മുഖ്യമന്ത്രി അതിജീവിതയ്ക്ക് ഒപ്പമാണെന്നു കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇക്കാര്യം ഔദ്യോഗികമായി കോടതിയെ അറിയിക്കുകയാണ് ഇന്നു പ്രോസിക്യൂഷൻ ചെയ്തിരിക്കുന്നത്.
അന്വേഷണസംഘത്തിന് മേൽ ഒരു ഇടപെടലും ഉണ്ടായിട്ടില്ല. സത്യസന്ധമായിട്ടാണ് അന്വേഷണം നടക്കുന്നത്. തുടക്കം മുതലേ അതിജീവിതയെ വിശ്വാസത്തിലെടുത്തുകൊണ്ടുള്ള അന്വേഷണമാണ് നടക്കുന്നതെന്നും സർക്കാർ കോടതിയെ അറിയിച്ചു. നടിയെ പീഡിപ്പിച്ച കേസിൽ തുടരന്വേഷണം പൂർത്തിയാക്കാൻ മൂന്നു മാസം കൂടി സമയം തേടി സർക്കാർ നൽകിയ ഹർജി ഹൈക്കോടതി ഇന്നു വാദം കേൾക്കും. വിചാരണക്കോടതിയിൽ റിപ്പോർട്ട് നൽകാൻ ഹൈക്കോടതി അനുവദിച്ചിരുന്ന സമയം 30 ന് അവസാനിച്ചിരുന്നു.
അതേ സമയം നടിയെ ബലാത്സംഗം ചെയ്ത ദൃശ്യങ്ങൾ ചോർന്നത് തെളിയിക്കാൻ ദൃശ്യങ്ങളുടെ ശബ്ദരേഖ ഫൊറൻസിക് ലാബിൽ നിന്ന് വിളിച്ച് വരുത്തണമെന്ന് വിചാരണ കോടതിയിൽ പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. അനൂപിന്റെ ഫോണിൽ നിന്ന് ലഭിച്ച തെളിവുകളുമായി ഒത്തുനോക്കിയാൽ ഇക്കാര്യം വ്യക്തമാകും.
നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങൾ കേസിലെ എട്ടാം പ്രതിയായ ദിലീപിന്റെ കൈവശമുണ്ടെന്ന് തെളിയിക്കാനാണ് ഫൊറൻസിക് ലാബിലെ ദൃശ്യങ്ങളുടെ ശബ്ദരേഖ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ വിചാരണ കോടതിയിൽ അപേക്ഷ നൽകിയത്.
ദിലീപിന്റെ അനിയൻ അനൂപിന്റെ മൊബൈൽ ഫോണുകളുടെ സൈബർ പരിശോധനയിലാണ് തെളിവ് ലഭിച്ചത്. നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങളുടെ സീൻ ബൈ സീനായി രേഖപ്പെടുത്തിയ വിവരണം ഫോണിലുണ്ടായിരുന്നു. ദൃശ്യങ്ങൾ കയ്യിലില്ലാത്ത ഒരാൾക്ക് ഇത്തരത്തിൽ വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്താൻ ആകില്ല.
അനൂപിനെ ചോദ്യം ചെയ്തപ്പോൾ അഭിഭാഷകരുടെ ഓഫീസിൽ നിന്ന് ഫോട്ടോകൾ കണ്ട് രേഖപ്പെടുത്തി എന്നായിരുന്നു മൊഴി. ഇത് വ്യാജമെന്ന് തെളിയിക്കാൻ ഫൊറൻസിക് ലാബിലെ ശബ്ദരേഖയും ഫോണിലെ തെളിവും ചേർത്ത് വച്ച് പരിശോധിക്കണമെന്ന നിലപാടിയിലാണ് പ്രോസിക്യൂഷൻ.
മറുനാടന് മലയാളി ബ്യൂറോ