കൊച്ചി: നടിയെ പീഡിപ്പിച്ച കേസിൽ തുടരന്വേഷണം അട്ടിമറിക്കാൻ ശ്രമം നടക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി അതിജീവിത സമർപ്പിച്ച ഹർജി ഹൈക്കോടതി വെള്ളിയാഴ്ച പരിഗണിക്കും. ഹർജിയിൽ കോടതി സർക്കാരിന്റെ നിലപാട് തേടിയിരുന്നു.

അതിജീവിതക്ക് ഭീതിവേണ്ടെന്ന് ഹർജി നേരത്തെ പരിഗണിക്കവെ സർക്കാർ കോടതിയെ അറിയിച്ചിരുന്നു. അതിജീവിതയെ വിശ്വാസത്തിലെടുത്താണ് സർക്കാർ കേസ് നടത്തുന്നതെന്നും ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ഹൈക്കോടതിയെ അറിയിച്ചിരുന്നു. അതേ സമയം തുടരന്വേഷണം പൂർത്തിയാക്കാൻ മൂന്നു മാസത്തെ സമയം തേടി അന്വേഷണ സംഘം സമർപ്പിച്ച ഹർജിയും കോടതി പരിഗണിക്കുന്നുണ്ട്.

നടിയെ ആക്രമിച്ച ദൃശ്യങ്ങൾ കൈയിലുണ്ടെന്ന ആരോപണം തെറ്റാണെന്ന് ദിലീപിന്റെ അഭിഭാഷകൻ വിശദീകരിച്ചു. അന്വേഷണത്തിന് കൂടുതൽ സമയം അനുവദിക്കരുതെന്നും ദിലീപ് ആവശ്യപ്പെട്ടിരുന്നു. ക്രൈംബ്രാഞ്ച് ഹർജി കൗസർ എടപ്പഗത്ത് പരിശോധിക്കരുതെന്ന അതിജീവിതയുടെ ആവശ്യം ഹൈക്കോടതി തള്ളി. ഇതോടെ നടിയെ ആക്രമിച്ച കേസിൽ നിയമ പോരാട്ടം പുതിയ തലത്തിലേക്ക് കടക്കുകയാണ്.

സമയം നീട്ടി നൽകരുതെന്നാവശ്യപ്പെട്ട് ദിലീപ് ഇന്നലെ എതിർ സത്യവാങ്ങ്മൂലം കോടതിയിൽ സമർപ്പിച്ചിരുന്നു. കൂടുതൽ സാക്ഷികളെ ചോദ്യം ചെയ്യാനുണ്ടന്നും ശാസ്ത്രീയ പരിശോധനാ ഫലം ലഭിക്കാനുണ്ടന്നും ക്രൈം ബ്രാഞ്ച് അപേക്ഷയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.