കൊച്ചി: കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ ദിലീപിന് വീണ്ടും തിരിച്ചടി. കേസിലെ തുടരന്വേഷണത്തിന് ഹൈക്കോടതി കൂടുതൽ സമയം അനുവദിച്ചു. ജൂലൈ 15 വരെയാണ് സമയം അനുവദിച്ചത് . തുടരന്വേഷണത്തിന് മൂന്ന് മാസം കൂടി സമയം ആവശ്യപ്പെട്ട് പ്രോസിക്യൂഷന് നൽകിയ ഹരജിയിലായിരുന്നു ഹൈക്കോടതി വിധി പറഞ്ഞത്. ജസ്റ്റിസ് കൗസര് എടപ്പഗത്തിന്റെ ബെഞ്ചാണ് വിധി പറഞ്ഞത്. വിചാരണക്കോടതിയിലുള്ള നടിയെ ആക്രമിച്ച ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡിന്റെ ഹാഷ് വ്യാലുവില് മാറ്റം ഉണ്ടായതിനാൽ ഫോറൻസിക് പരിശോധന ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രോസിക്യൂഷൻ സമയം നീട്ടി ചോദിച്ചിരിക്കുന്നത്. ഡിജിറ്റൽ രേഖകളുടെ പരിശോധന പൂർത്തിയായില്ലെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കിയിരുന്നു.

നേരത്തെ തുടരന്വേഷണത്തിന് കൂടുതൽ സമയം ചോദിച്ച് ക്രൈംബ്രാഞ്ച് നൽകിയ ഹരജി പരിഗണിക്കുന്നതിൽനിന്ന് ജസ്റ്റിസ് കൗസർ എടപ്പഗത്ത് പിന്മാറണമെന്ന് അതിജീവിത നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ ആവശ്യം ഹൈക്കോടതി തള്ളിയിരുന്നു. മുമ്പ് താൻ തീരുമാനമെടുത്ത കേസിൽനിന്ന് പിന്മാറാൻ ബുദ്ധിമുട്ടാണെന്ന് വ്യക്തമാക്കിയാണ് ജസ്റ്റിസ് കൗസർ എടപ്പഗത്ത് നടിയുടെ ആവശ്യം തള്ളിയത്. അതേസമയം, വിചാരണ വൈകിപ്പിക്കാനാണ് കൂടുതൽ സമയം ആവശ്യപ്പെടുന്നതെന്നാണ് ദിലീപിന്റെ ആരോപണം.

നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണത്തിന് മൂന്നുമാസം കൂടി സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ സമീപിച്ചിരുന്നത്. എന്നാൽ ക്രൈംബ്രാഞ്ചിന്റെ ആവശ്യത്തെ ദിലീപ് ശക്തമായി എതിർത്തിരുന്നു. ഒരുദിവസം പോലും സമയം നീട്ടിനൽകരുതെന്നും ഇത് കേസിന്റെ വിചാരണയെ ബാധിക്കുമെന്നും ദിലീപിന്റെ അഭിഭാഷകനായ രാമൻപിള്ള വാദിച്ചിരുന്നു. ഡിജിറ്റൽ തെളിവുകൾ പരിശോധിക്കാൻ കൂടുതൽ സമയം വേണമെന്ന ആവശ്യത്തെയും പ്രതിഭാഗം എതിർത്തു. മൂന്നുമാസം മുമ്പ് ഫൊറൻസിക് പരിശോധനാഫലം ലഭിച്ചിട്ടുണ്ടെന്നും അതിനാൽ ഈ പരിശോധനയുടെ പേരിൽ സമയം നീട്ടിനൽകരുതെന്നും പ്രതിഭാഗം കോടതിയിൽ പറഞ്ഞു.

മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറിയതുമായി ബന്ധപ്പെട്ട് ജുഡീഷ്യറിയെ അപമാനിക്കാനാണ് പ്രോസിക്യൂഷന്റെ നീക്കം. മെമ്മറി കാർഡ് കോടതി പരിശോധിച്ചിട്ടുണ്ടെങ്കിൽ എന്താണ് തെറ്റ്. കേസിന്റെ ഭാഗമായി ദൃശ്യങ്ങൾ പരിശോധിക്കാനുള്ള അവകാശം കോടതിക്കുണ്ട്. കോടതിയുടെ നടപടിക്രമങ്ങളിൽ എന്തെങ്കിലും പാകപ്പിഴയുണ്ടെങ്കിൽ അത് പരിശോധിക്കാനുള്ള അവകാശം ഹൈക്കോടതിയുടെ വിജിലൻസ് വിഭാഗത്തിന് മാത്രമാണെന്നും ദിലീപിന്റെ അഭിഭാഷകൻ വാദിച്ചു.

മെമ്മറി കാർഡിൽ പരിശോധന നടത്തേണ്ട ഒരുകാര്യവും ക്രൈംബ്രാഞ്ചിനില്ല. കേസുമായി ബന്ധപ്പെട്ട് കോടതിയുടെ കസ്റ്റഡിയിലുള്ള മെമ്മറി കാർഡ് പരിശോധിക്കണമെന്ന് ആവശ്യപ്പെടാൻ ക്രൈംബ്രാഞ്ചിന് എന്ത് അധികാരമാണുള്ളതെന്നും പ്രതിഭാഗം ചോദിച്ചു. മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറിയിട്ടുണ്ടെങ്കിൽ അതിപ്പോഴാണോ അന്വേഷണ സംഘം അറിയുന്നതെന്നും ദിലീപിന്റെ അഭിഭാഷകൻ ചോദിച്ചു.

അതേസമയം, കോടതിയെ അപമാനപ്പെടുത്താനുള്ള യാതൊരു നീക്കവും തങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്നും ചില വസ്തുതകൾ ചൂണ്ടിക്കാണിച്ച് അന്വേഷണത്തിന്റെ ഭാഗമായി ഇത് പരിശോധിക്കണമെന്ന് ആവശ്യപ്പെടുക മാത്രമാണ് ചെയ്തതെന്നും പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞു. കേസിൽ സ്വതന്ത്രമായ അന്വേഷണം വേണമെന്ന് ആക്രമിക്കപ്പെട്ട നടിയും കോടതിയെ അറിയിച്ചു. ദൃശ്യങ്ങൾ ചോർന്നിട്ടുണ്ടെങ്കിൽ അത് സ്വകാര്യതയെ ബാധിക്കുമെന്നും തുടരന്വേഷണം കൃത്യതയോടെ മുന്നോട്ട് പോകേണ്ടത് ആവശ്യമാണെന്നും നടിയുടെ അഭിഭാഷക കോടതിയിൽ വ്യക്തമാക്കിയിരുന്നു.