കൊച്ചി: കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ നിർണായക നീക്കങ്ങളാണ് ഇപ്പോൾ കോടതിയിൽ നടക്കുന്നത്. വിചാരണ കോടതിക്കെതിരെ അതിജീവിത രംഗത്തുവന്നതോടെ കേസ് വഴിത്തിരിവിലായ ഘട്ടത്തിലാണ്. നടിയെ ആക്രമിച്ച കേസിൽ മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറിയത് വിചാരണാക്കോടതി മറച്ചുവെച്ചെന്ന് പ്രോസിക്യൂഷനും ആരോപിക്കുന്നു. ഈ ആരോപണത്തെ ശരിവെക്കുന്ന വിധത്തിലാണ് ദൃശ്യങ്ങൾ ചോർന്നോ എന്ന സംശയം അതിജീവിതയും പങ്കുവെക്കുന്നത്.

കേസിൽ നിർണായകമായ മെമ്മറി കാർഡ് വീണ്ടും പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ നൽകിയ ഹർജി പരിഗണിക്കുന്നതിനിടെയാണ് പ്രോസിക്യൂഷനും ഹാഷ് വാല്യു മാറിയ കാര്യം വ്യക്തമാക്കിയത്. അതേസമയം മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറിയെന്നും എന്നാൽ വിഡിയോ റിക്കോർഡിങ്ങിന്റെ ഹാഷ് വാല്യു മാറിയിട്ടില്ലെന്നുമാണു ഫൊറൻസിക് ലാബ് ഡയറക്ടറുടെ റിപ്പോർട്ടിൽ പറയുന്നതെന്നു ഹൈക്കോടതി. കാര്യങ്ങൾ ബോധ്യപ്പെടുത്തണമെന്നും അനാവശ്യമായ ഒച്ചപ്പാടാണോ ഉണ്ടാക്കുന്നതെന്നും ഹൈക്കോടതി വാക്കാൽ ചോദിച്ചു.

കേസിലെ മെമ്മറി കാർഡ് ഫൊറൻസിക് പരിശോധനയ്ക്കു നൽകണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം വിചാരണക്കോടതി തള്ളിയതിനെതിരെ സർക്കാർ നൽകിയ ഹർജിയിലാണു ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ഇക്കാര്യം ആരാഞ്ഞത്. എന്നാൽ മെമ്മറി കാർഡിൽ തിരിമറി നടന്നിട്ടുണ്ടോയെന്ന് അറിയില്ലെന്നും ഇക്കാര്യത്തിൽ വിദഗ്ധാഭിപ്രായം ലഭ്യമാക്കിയില്ലെങ്കിൽ പ്രതിഭാഗം അതു പ്രയോജനപ്പെടുത്തിയേക്കുമെന്നും പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ അറിയിച്ചു.

ഇതു പ്രോസിക്യൂഷന്റെ പ്രത്യേക അവകാശമാണ്. ഫൊറൻസിക് വിശദീകരണം ലഭിച്ചാൽ മാത്രമേ ഇക്കാര്യം നിയമപരമായി വിശദീകരിക്കാൻ സാധിക്കൂ. രേഖകൾ തെറ്റില്ലാത്തതായിരിക്കണം. സുതാര്യതയ്ക്കുവേണ്ടിയാണു കോടതിയെ സമീപിച്ചത്. ഈ ആവശ്യം മാത്രമാണു പ്രോസിക്യൂഷൻ ഉന്നയിക്കുന്നതെന്നും പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ ടി.എ. ഷാജി വിശദീകരിച്ചു.

വിചാരണ നീട്ടിക്കൊണ്ടുപോകാനാണോ സർക്കാർ ശ്രമിക്കുന്നതെന്നു ചോദിച്ച ഹൈക്കോടതി പ്രോസിക്യൂഷന്റെ ആവശ്യം അത്ര നിഷ്‌കളങ്കമല്ലെന്നും വാക്കാൽ പറഞ്ഞു. ഫൊറൻസിക് പരിശോധനയ്ക്കുള്ള അപേക്ഷ നിരസിക്കാൻ കോടതിക്ക് അധികാരമുണ്ട്. വിചാരണക്കോടതി കേസ് വൈകിപ്പിച്ചെന്നു പറയരുത്.

അതേസമയം, മെമ്മറി കാർഡിലെ ഹാഷ് വാല്യു മാറിയത് അതീവ ഗൗരവതരമാണെന്ന് നടിയുടെ അഭിഭാഷകയും ഹൈക്കോടതിയെ അറിയിച്ചു. കോടതിയുടെ കസ്റ്റഡിയിലിരിക്കെയാണ് മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറിയത്. ഇത് അതീവഗൗരവതരമാണ്. മെമ്മറി കാർഡിലെ ദൃശ്യങ്ങൾ തന്റെ സ്വകാര്യതയുമായി ബന്ധപ്പെട്ടതാണ്. അത് പുറത്തുപോയാൽ ജീവിതത്തെ ബാധിക്കുമെന്നും ഇക്കാര്യത്തിൽ കൃത്യമായ അന്വേഷണം വേണമെന്നും നടിയുടെ അഭിഭാഷക കോടതിയിൽ വാദിച്ചു.

നേരത്തെ മെമ്മറി കാർഡ് വീണ്ടും പരിശോധിക്കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം വിചാരണാക്കോടതി തള്ളിയിരുന്നു. ഇതോടെയാണ് സമാന ആവശ്യം ഉന്നയിച്ച് ഹൈക്കോടതിയെ സമീപിച്ചത്. ഫൊറൻസിക് പരിശോധനയ്ക്ക് അയച്ചാൽ എന്താണു കുഴപ്പമെന്നും കോടതി കേസിൽ കക്ഷിചേർന്ന പ്രതിയായ നടൻ ദിലീപിനോട് ആരാഞ്ഞു.

ക്രൈംബ്രാഞ്ച് ഹർജി കേസിന്റെ തുടരന്വേഷണം വൈകിപ്പിക്കാനാണെന്നും അന്വേഷണ സംഘം വസ്തുതകൾ വളച്ചൊടിക്കുന്നതായും ദിലീപ് ആരോപിച്ചു. തുടരന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ വൈകുന്നത് പ്രതികളെ സംശയത്തിന്റെ നിഴലിൽ തുടരാൻ ഇടവരുത്തുമെന്നും ദിലീപ് നൽകിയ അപേക്ഷയിൽ പറയുന്നു. മെമ്മറി കാർഡ് വീണ്ടും പരിശോധിക്കുന്നതിൽ എന്താണ് കുഴപ്പമെന്ന് ദിലീപിനോട് ചോദിച്ച കോടതി ഹർജി നാളെ പരിഗണിക്കാനായി മാറ്റി.