കൊച്ചി: നടൻ ദിലീപിന്റെ വീട്ടിൽ പോയിട്ടുണ്ടെന്ന് തിരുവനന്തപുരം രൂപതയിലെ വൈദികനായ ഫാദർ വിക്ടർ. സംവിധായകൻ ബാലചന്ദ്രകുമാറിനൊപ്പമാണ് പോയത്. പണം ആവശ്യപ്പെടാനല്ല, മറ്റു കാര്യങ്ങൾക്കുവേണ്ടിയാണെന്നും ഫാ. വിക്ടർ പറഞ്ഞു. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് ഫാ.വിക്ടറിന്റെ മൊഴിയെടുത്തു.

ജാമ്യം ലഭിച്ച ശേഷം നടൻ ദിലീപിനെ ഫാ. വിക്ടർ കണ്ടിരുന്നുവെന്ന് ബാലചന്ദ്രകുമാർ ആരോപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മൊഴിയെടുത്തത്. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ഫാദർ വിക്ടറിനെ ആലുവ പൊലീസ് ക്ലബ്ബിലേക്ക് വിളിച്ചു വരുത്തിയാണ് അന്വേഷണസംഘം മൊഴിയെടുത്തത്.

ദിലീപിന് ജാമ്യം ലഭിക്കാൻ നെയ്യാറ്റിൻകര ബിഷപ്പ് ഇടപെട്ടു എന്ന സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. ദിലീപുമായി എന്തെങ്കിലും സാമ്പത്തിക ഇടപാട് നടത്തിയിട്ടുണ്ടോ എന്നു വ്യക്തത വരുത്തുകയായിരുന്നു അന്വേഷണസംഘത്തിന്റെ ലക്ഷ്യം. ജാമ്യം ലഭിച്ചശേഷം ഫാദർ വിക്ടർ ദിലീപിനെ കണ്ടിരുന്നു. ആഴാകുളം ഐവിഡി സെമിനാരി നടത്തിപ്പുകാരനാണ് ഫാദർ വിക്ടർ എവരിസ്റ്റഡ്. ഫാദർ വിക്ടർ മുഖേനയാണ് ബാലചന്ദ്രകുമാർ പണം കൈപ്പറ്റിയതെന്ന് ദിലീപ് ആരോപിച്ചിരുന്നു.

സംവിധായകൻ ബാലചന്ദ്രകുമാറിന്റെ സുഹൃത്താണ് ഫാ.വിക്ടർ. ഇതുസംബന്ധിച്ചു നേരത്തേ ബാലചന്ദ്രകുമാറിന്റെ മൊഴിയെടുത്തിരുന്നു. മൊഴിയിലും ഇക്കാര്യം പറയുന്നുണ്ട്. നടിയെ ആക്രമിച്ച കേസിൽ ദിലീപിന് ജാമ്യം ലഭിക്കാൻ നെയ്യാറ്റിൻകര ബിഷപ്പ് ഇടപെട്ടുവെന്നും, ജാമ്യം ലഭിച്ച ശേഷം ഫാ. വിക്ടർ ദിലീപിനെ കണ്ടിരുന്നുവെന്നുമാണ് ബാലചന്ദ്രകുമാർ പറയുന്നത്.

ഫാ. വിക്ടർ മുഖേനയാണ് ബാലചന്ദ്രകുമാർ ദിലീപിനോട് പണം ആവശ്യപ്പെട്ടിരുന്നതെന്നാണ് വിവരം. ദിലീപിന് ജാമ്യം ലഭിക്കാൻ ഏതെങ്കിലും തരത്തിലുള്ള ഇടപെടൽ ഉണ്ടായോ എന്നതിൽ വ്യക്തത വരുത്താനും, കേസിലെ തുടരന്വേഷണത്തിന്റെ ഭാഗമായുമാണു മൊഴിയെടുത്തത്.

നേരത്തെ ദിലീപിന് ജാമ്യം ലഭിക്കാൻ നെയ്യാറ്റിൻകര ബിഷപ്പ് ഇടപെട്ടതായി ആരോപണമുയർന്നിരുന്നു. ഇതിനോടൊപ്പമാണ് സംവിധായകൻ ബാലചന്ദ്രകുമാറിന്റെ സുഹൃത്തായിരുന്ന ഫാ. വിക്ടറിന്റെ പേരും ചർച്ചയായത്. ജാമ്യം ലഭിച്ചതിന് ശേഷം ദിലീപും വിക്ടറുമായി കൂടിക്കാഴ്ച നടത്തിയതായും സാമ്പത്തിക ഇടപാടുകൾ നടത്തിയതായും ആരോപണങ്ങളുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് ഫാ. വിക്ടറിൽനിന്ന് മൊഴിയെടുക്കാൻ അന്വേഷണസംഘം തീരുമാനിച്ചത്.

നടിയെ ആക്രമിച്ച കേസിൽ മെയ് 31-നകം അന്വേഷണം പൂർത്തിയാക്കണമെന്നാണ് ഹൈക്കോടതിയുടെ നിർദ്ദേശം. ഏപ്രിൽ 19-നാണ് തുടരന്വേഷണത്തിന് സമയം നീട്ടി നൽകി കോടതി ഉത്തരവിട്ടത്. മെയ് 31-നകം അന്വേഷണം പൂർത്തിയാക്കി വിചാരണ കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കേസുമായി ബന്ധപ്പെട്ട എല്ലാകാര്യങ്ങളും അന്വേഷണസംഘം വിശദമായി അന്വേഷിക്കുന്നത്.