- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പീഡന ദൃശ്യങ്ങൾ ദിലീപ് കണ്ടതിനു തെളിവുണ്ടെന്നു ക്രൈംബ്രാഞ്ച്; ആലുവയിലെ വീട്ടിൽ വെച്ച് ശരത്തിനും മറ്റു ചിലർക്കുമൊപ്പം ദിലീപ് കണ്ടതിന് തെളിവുകൾ സഹോദരൻ അനൂപിന്റെ ഫോണിൽ നിന്നു ലഭിച്ചു; കോടതികളുടെ കസ്റ്റഡിയിലിരിക്കെ തൊണ്ടി ദൃശ്യങ്ങൾ തുറന്നു കണ്ടത് കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയില്ല; വാദപ്രതിവാദങ്ങൾക്ക് അപ്പുറത്ത് നടിയെ ആക്രമിച്ച കേസിന്റെ ഗതിയെന്താകും?
കൊച്ചി: കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ ഒരു വശത്ത് അന്വേഷണം നടക്കുമ്പോൾ വിചാരണ കാര്യമായി മുന്നോട്ടു പോകാത്ത അവസ്ഥയിലാണ്. മിക്ക സമയങ്ങളിലും കോടതി കയറുന്ന ഈ കേസിന്റെ ഇപ്പോഴത്തെ ഗതി എങ്ങോട്ടാണെന്ന ചോദ്യം ഉയരുന്നുണ്ട്. ഓരോ ദിവസവും ഓരോ ട്വിസ്റ്റുകളാണ് കേസുമായി ബന്ധപ്പെട്ട് ഉണ്ടാകുന്നത്. പ്രോസിക്യൂഷനും പ്രതിഭാഗവും തമ്മിൽ കോടതിയിൽ കൊമ്പു കോർക്കുമ്പോൾ വിഷയം വീണ്ടും വാർത്തകളിൽ നിറയുന്ന അവസ്ഥയാണ്. അതേസമയം അന്വേഷണം വേണ്ട വിധത്തിൽ മുന്നോട്ടു കൊണ്ടുപോകാൻ കോടതി അനുവദിച്ച സമയപരിധിക്കുള്ളിൽ സാധിക്കുന്നുമില്ല.
നടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ ആലുവയിലെ വീട്ടിൽ വച്ച് 2017 ൽ ശരത്തിനും മറ്റു ചിലർക്കുമൊപ്പം ദിലീപ് കണ്ടതിനു താൻ ദൃക്‌സാക്ഷിയാണെന്ന ബാലചന്ദ്രകുമാറിന്റെ മൊഴി സാധൂകരിക്കുന്ന തെളിവുകൾ സഹോദരൻ അനൂപിന്റെ ഫോണിൽ നിന്നു ലഭിച്ചതായി ക്രൈംബ്രാഞ്ചിന്റെ കുറ്റപത്രത്തിൽ പറയുന്നുണ്ട്.
നടിയെ പീഡിപ്പിച്ച കേസ് ഇന്നലെ വിചാരണക്കോടതി പരിഗണിച്ചപ്പോൾ മജിസ്‌ട്രേട്ട് കോടതിയിൽ അനുബന്ധ കുറ്റപത്രം സമർപ്പിച്ച വിവരം പ്രോസിക്യൂഷൻ അറിയിച്ചു. 27 നു കേസ് വീണ്ടും പരിഗണിക്കും മുൻപു കുറ്റപത്രം വിചാരണക്കോടതിയിൽ എത്തും. കോടതികളുടെ കസ്റ്റഡിയിലിരിക്കെ മെമ്മറി കാർഡിന്റെ ഡിജിറ്റൽ ഘടന (ഹാഷ് വാല്യു) മാറിയതു സംബന്ധിച്ച അന്വേഷണം തുടരുമെന്നാണു ക്രൈംബ്രാഞ്ച് നൽകുന്ന സൂചന.
കേസിലെ പ്രധാന തൊണ്ടി മുതലായ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് 3 കോടതികളുടെ കസ്റ്റഡിയിലിരിക്കെ ആരോ തുറന്നു പരിശോധിച്ചതിന്റെ ഫൊറൻസിക് തെളിവുകൾ സംബന്ധിച്ച കൂടുതൽ കാര്യങ്ങൾ കുറ്റപത്രത്തിൽ ഉൾപ്പെടുത്താൻ അന്വേഷണ സംഘത്തിനു കഴിഞ്ഞിട്ടില്ല. തുടരന്വേഷണം പൂർത്തിയാക്കാൻ കോടതി അനുവദിച്ച സമയപരിധി അവസാനിക്കുന്നതിന്റെ 5 ദിവസം മുൻപു മാത്രമാണു ഫൊറൻസിക് പരിശോധനാ ഫലം ലഭിച്ചതെന്നും ഇക്കാര്യം അന്വേഷിക്കാൻ കൂടുതൽ സമയം വിചാരണക്കോടതിയും ഹൈക്കോടതിയും അനുവദിച്ചില്ലെന്നുമാണ് അന്വേഷണ സംഘത്തിന്റെ നിലപാട്. 350 ഡിജിറ്റൽ തെളിവുകളും ഒപ്പം സമർപ്പിച്ചിട്ടുണ്ട്.
ക്വട്ടേഷൻ പ്രകാരം നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച ദൃശ്യങ്ങൾ നടൻ ദിലീപ് ചോർത്തിയെന്നാരോപിച്ചു ക്രൈംബ്രാഞ്ചിന്റെ അനുബന്ധ കുറ്റപത്രവും നൽകിയിട്ടുണ്ട്. ഇതടക്കമുള്ള പല തെളിവുകളും പൊലീസിനു വീണ്ടെടുക്കാൻ കഴിയാത്ത വിധം ദിലീപ് ഒളിപ്പിച്ചതായി ആരോപിക്കുന്ന കുറ്റപത്രം, ദൃശ്യങ്ങൾ നശിപ്പിക്കപ്പെട്ടെന്ന സംശയവും പ്രകടമാക്കുന്നു.
ക്വട്ടേഷൻ ഏറ്റെടുത്തു കുറ്റകൃത്യം നടപ്പിലാക്കിയ ഒന്നാം പ്രതി പൾസർ സുനിയുടെ പക്കൽ നിന്നാണോ മറ്റെവിടെയെങ്കിലും നിന്നാണോ ദിലീപിനു ദൃശ്യങ്ങൾ ലഭിച്ചതെന്നു കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. അനുബന്ധ കുറ്റപത്രത്തിൽ ദിലീപിന്റെ സുഹൃത്തും ആലുവയിലെ വ്യവസായിയുമായ ജി.ശരത്തിനെ പ്രതി ചേർത്തിട്ടുണ്ട്. സംവിധായകൻ പി.ബാലചന്ദ്രകുമാറാണു മുഖ്യസാക്ഷി.
ദിലീപിന്റെ ഭാര്യ കാവ്യ മാധവൻ, മുൻഭാര്യ മഞ്ജു വാരിയർ എന്നിവരും സാക്ഷിപ്പട്ടികയിലുണ്ടെന്നാണു സൂചന. ഹാക്കർ സായ് ശങ്കർ, പൾസർ സുനിയുടെ മാതാവ് ശോഭന എന്നിവരും സാക്ഷികളാണ്. തെളിവു നശിപ്പിച്ചെന്ന് െക്രെംബ്രാഞ്ച് ആരോപിച്ചിരുന്ന അഭിഭാഷകരെ പ്രതിയായോ സാക്ഷിയായോ ഉൾപ്പെടുത്തിയിട്ടില്ല. അന്വേഷണ ഉദ്യോഗസ്ഥൻ ഡിവൈഎസ്‌പി ബൈജു എം.പൗലോസാണു 102 പുതിയ സാക്ഷികളെ ഉൾപ്പെടുത്തി 1500 പേജുള്ള അനുബന്ധകുറ്റപത്രം അങ്കമാലി മജിസ്‌ട്രേട്ട് കോടതിയിൽ സമർപ്പിച്ചത്.
മറുനാടന് മലയാളി ബ്യൂറോ