- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സാഗർ മൊഴിമാറ്റിയത് ദിലീപിന്റെ സ്വാധീനത്താലെന്ന് അന്വേഷണ സംഘം; അൽഷിമേഴ്സ് ബാധിച്ചത് പോലെ ഒന്നും ഓർമ്മയില്ലെന്നാണ് ദിലീപ് പറയുന്നതെന്ന് ബാലചന്ദ്രകുമാർ; രണ്ടു ദിവസങ്ങളിലായി പതിനാറര മണിക്കൂർ നീണ്ട ചോദ്യം ചെയ്യൽ; ദിലീപിനെ ആവശ്യമെങ്കിൽ വീണ്ടും വിളിപ്പിക്കുമെന്ന് എഡിജിപി
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ ചോദ്യം ചെയ്യൽ പൂർത്തിയായി. ഒമ്പതു മണിക്കൂറോളമാണ് ചൊവ്വാഴ്ച ദിലീപിനെ ചോദ്യം ചെയ്തത്. സംവിധായകൻ ബാലചന്ദ്ര കുമാറിനെ ഒപ്പമിരുത്തിയായിരുന്നു ചോദ്യം ചെയ്യൽ. ആവശ്യമെങ്കിൽ ദിലീപിനെ വീണ്ടും വിളിപ്പിക്കുമെന്ന് ക്രൈംബ്രാഞ്ച് എഡിജിപി എസ്. ശ്രീജിത് വ്യക്തമാക്കി.
രണ്ടാം ദിനം ദിലീപിനെ ചോദ്യം ചെയ്യുന്നതിനിടയിലാണ് ബാലചന്ദ്രകുമാറിനെയും ആലുവ പൊലീസ് ക്ലബ്ബിലേക്കു വിളിച്ചു വരുത്തിയത്. നടിയെ ആക്രമിച്ചു പകർത്തിയ ദൃശ്യങ്ങൾ ദിലീപ് കണ്ടു എന്നതടക്കമുള്ള ബാലചന്ദ്രകുമാറിന്റെ മൊഴികളുടെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യൽ.
ചോദ്യം ചെയ്യലിൽ അന്വേഷണ സംഘത്തിന്റെ മിക്ക ചോദ്യങ്ങൾക്കും പ്രതി ദിലീപിന് ഉത്തരം നൽകാൻ സാധിക്കുന്നില്ലെന്ന് ബാലചന്ദ്രകുമാർ പ്രതികരിച്ചു. മിക്ക ചോദ്യങ്ങൾക്കും അറിയില്ല, അറിയില്ല എന്ന മറുപടിയാണ് ദിലീപ് നൽകിയതെന്ന് ബാലചന്ദ്രകുമാർ ഒരു ന്യൂസ് ചാനലിലെ ചർച്ചയിൽ വെളിപ്പെടുത്തി. ചോദ്യം ചെയ്യലിൽ ദിലീപിന്റെ ശരീരഭാഷ വളരെ മോശമായിരുന്നെന്നും പിടിച്ച് നിൽക്കാൻ സാധിക്കുന്നില്ലെന്നാണ് താൻ മനസിലാക്കുന്നതെന്നും ബാലചന്ദ്രകുമാർ പറഞ്ഞു.
''ഞാൻ ഇപ്പോൾ മണിക്കൂറോളം ദിലീപിനെ കണ്ടിട്ട് വരുകയാണ്. ദിലീപിന്റെ ശരീരഭാഷ വളരെ മോശമാണ്. പഠിച്ച് വന്ന് വിളമ്പുന്ന ഉത്തരങ്ങളാണ് ചോദ്യങ്ങൾക്ക് നൽകുന്നത്. ഒന്നും ഓർമ്മയില്ലെന്ന പറഞ്ഞ് പ്രതിരോധിക്കുകയാണ് ദിലീപ്. അന്വേഷണ സംഘത്തിന്റെ മുമ്പാകെ ദിലീപ് വളരെ ആത്മവിശ്വാസത്തോടെയാണ് ഇരിക്കുന്നതെന്ന് രാഹുൽ ഈശ്വർ എവിടെ വച്ചാണ് കണ്ടത്.''
''അന്വേഷണ സംഘത്തിന്റെ കൊല്ലം തുളസി ജയിലിൽ വന്ന് കണ്ടോ എന്ന ചോദ്യത്തിന് ഓർമ്മയില്ലെന്നാണ് ദിലീപ് പറഞ്ഞത്. അന്ന് അവർ 15 മിനിറ്റ് സംസാരിച്ചിട്ടുണ്ട്. വിതുര സ്വദേശിയായ ഒരു അബ്കാരിയും അവർക്കൊപ്പം അന്നുണ്ടായിരുന്നു. സാമ്പത്തിക കാര്യങ്ങളും തമ്മിൽ സംസാരിച്ചിരുന്നു. എല്ലാ ചോദ്യങ്ങൾക്കും ഓർമ്മയില്ലെന്നാണ് ദിലീപ് പറയുന്നത്. അതാണ് ദിലീപിന്റെ പ്രതിരോധം. ചോദ്യം ചെയ്യലിൽ പുച്ഛത്തോടെ ഇരിക്കുന്നത് അഭിനയമാണ്.
ദിലീപിന്റെ പുച്ഛത്തിന്റെ മുന്നിൽ ഞാൻ പതറിയിട്ടില്ല. അതിന്റെ ആവശ്യവുമില്ല. ഓർമ്മയില്ലെന്ന അഭിനയമാണ് ദിലീപിന്റേത്. പിടിച്ച് നിൽക്കാൻ സാധിക്കുന്നില്ലെന്നാണ് ഞാൻ മനസിലാക്കിയത്.'' കേസുമായി ബന്ധപ്പെട്ട് വേറെയും നിരവധി പേരെ അന്വേഷണസംഘം ചോദ്യം ചെയ്തിട്ടുണ്ടെന്നും ബാലചന്ദ്രകുമാർ പറഞ്ഞു. പലരെയും ചോദ്യം ചെയ്തെന്നും മാധ്യമങ്ങൾ അറിയുന്നില്ല. കേസുമായി ബന്ധപ്പെട്ട് 30ഓളം പേരെ ഇതുവരെ ചോദ്യം ചെയ്തിട്ടുണ്ടെന്നും ബാലചന്ദ്രകുമാർ പറയുന്നു.
രണ്ടു ദിവസങ്ങളിലായി പതിനാറര മണിക്കൂർ അന്വേഷണ സംഘം ചോദ്യം ചെയ്തു. ബാലചന്ദ്രകുമാറിന്റെ മൊഴി നിഷേധിക്കുന്ന നിലപാടാണ് ആദ്യം മുതൽ ദിലീപ് സ്വീകരിച്ചത്. ദിലീപിന്റെ ചോദ്യം ചെയ്യൽ തൽക്കാലം പൂർത്തിയായെന്നും, ആവശ്യമെങ്കിൽ വീണ്ടും വിളിച്ചു വരുത്തുമെന്നും എഡിജിപി എസ്.ശ്രീജിത്ത് പറഞ്ഞു. കൂടുതൽപേരെ വരും ദിവസങ്ങളിൽ ചോദ്യം ചെയ്യും. ബാലചന്ദ്രകുമാറിനോടും വീണ്ടും ഹാജരാകാൻ നിർദേശിച്ചിട്ടുണ്ട്.
ചോദ്യംചെയ്യലിന്റെ രണ്ടാം ദിവസമായ ചൊവ്വാഴ്ച ഉച്ചയോടെയാണ് ബാലചന്ദ്രകുമാറിനെ ആലുവ പൊലീസ് ക്ലബ്ബിലേക്ക് വിളിച്ചുവരുത്തിയത്. ദിലീപിനെ ചോദ്യംചെയ്തുകൊണ്ടിരിക്കുന്നതിന് ഇടയിലായിരുന്നു അന്വേഷണ സംഘത്തിന്റെ നിർണായക നീക്കം.
ദിലീപ് ചോദ്യം ചെയ്യലിന് ശേഷം ആലുവ പൊലീസ് ക്ലബിൽ നിന്ന് മടങ്ങി. ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ എഴുതിയെടുക്കലും വായിച്ചു കേൾക്കലും ഒക്കെ ഉൾപ്പെടെയാണ് ഒമ്പതര മണിക്കൂർ എടുത്തത്.
ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകൾ സംബന്ധിച്ച് ഇന്നലെ നടത്തിയ ചോദ്യംചെയ്യലിൽ ദിലീപ് ആരോപണങ്ങളെല്ലാം നിഷേധിക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് ഇരുവരെയും ഒപ്പമിരുത്തി ചോദ്യംചെയ്യാൻ അന്വേഷണ സംഘം തീരുമാനിച്ചത്. ചൊവ്വാഴ്ച രാവിലെ പത്തരയോടെ ആരംഭിച്ച ചോദ്യംചെയ്യൽ രാത്രി വരെ നീണ്ടു.
സംവിധായകൻ ബാലചന്ദ്രകുമാർ നടത്തിയ വെളിപ്പെടുത്തലുകളെക്കുറിച്ച് ഒന്നുമറിയില്ലെന്നായിരുന്നു തിങ്കളാഴ്ച നടന്ന ചോദ്യംചെയ്യലിലും ദിലീപിന്റെ മറുപടി. നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യം താൻ കണ്ടിട്ടില്ലെന്നും ദിലീപ് ചോദ്യംചെയ്യലിൽ അറിയിച്ചിരുന്നു.
വ്യവസായി ശരത്തിനെയും അന്വേഷണ സംഘം ചോദ്യം ചെയ്തു. നടിയെ ആക്രമിച്ചു പകർത്തിയ ദൃശ്യങ്ങൾ തന്റെ കൈവശമില്ലെന്ന് ദിലീപ് ആവർത്തിക്കുന്നുണ്ടെങ്കിലും ഇത് അന്വേഷണ സംഘം വിശ്വസിക്കുന്നില്ല. ദൃശ്യത്തിന്റെ വിശദാംശങ്ങൾ തേടി തന്നെയാണ് ചോദ്യം ചെയ്യൽ.
നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യം 2018 നവംബർ 15ന് ആലുവയിലെ വീട്ടിൽ വെച്ച് ദിലീപിനൊപ്പം കണ്ടെന്നാണ് സംവിധായകൻ ബാലചന്ദ്രകുമാറിന്റെ മൊഴി. ഒരു വിഐപിയാണ് ദൃശ്യങ്ങൾ ദിലീപിന് വീട്ടിലെത്തിച്ച് നൽകിയതെന്നും ബാലചന്ദ്രകുമാറിന്റെ മൊഴിയിലുണ്ട്. ഈ വിഐപി വ്യവസായി ശരത്താണെന്ന നിഗമനത്തലാണ് ക്രൈംബ്രാഞ്ച്.
കളമശ്ശേരി ക്രൈംബ്രാഞ്ച് ഓഫീസിലാണ് ശരത്തിനെ ചോദ്യം ചെയ്തത്. എന്നാൽ വധ ഗൂഢാലോചന കേസിലാണ് ശരത്തിനെ ചോദ്യം ചെയ്യുന്നതെന്നാണ് അന്വേഷണ സംഘത്തിന്റെ ഔദ്യോഗിക വിശദീകരണം. ഈ കേസിൽ ആറാം പ്രതിയാണ് ശരത്ത്. നടിയെ ആക്രമിച്ച കേസിലെ 20 സാക്ഷികൾ കൂറ് മാറിയ സംഭവത്തിലുള്ള പങ്കിനെക്കുറിച്ചും ദിലീപിനോട് ചോദ്യങ്ങളുണ്ട്. ഹാക്കർ സായ് ശങ്കറിനെ ഉപയോഗിച്ച് ദിലീപ് ഫോണിൽ നിന്ന് മായ്ച്ച വിവരങ്ങളിൽ ചിലത് ഫോറൻസിക് പരിശോധനയിലാണ് ഇന്നുണ്ടായത്.
അതിനിടെ നടിയെ ആക്രമിച്ച കേസിലെ സാക്ഷി സാഗർ വിൻസെന്റിനെതിരെ അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചു. സാഗർ നൽകിയത് കള്ള പരാതിയാണെന്നും പിന്നിൽ ദിലീപിന്റെ സ്വാധീനമുണ്ടെന്നും ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി ബൈജു പൗലോസ് അങ്കമാലി ജെഎഫ്എം കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. സാഗറിനെ താൻ ഭീഷണിപ്പെടുത്തിയിട്ടില്ലെന്ന് ബൈജു പൗലോസ് വ്യക്തമാക്കി.
കേസിൽ എട്ടാം പ്രതി ദിലീപിന്റെ സ്വാധീനത്തിനു വഴങ്ങിയാണ് സാഗർ മൊഴിമാറ്റിയത്. ദിലീപിന്റെ സഹോദരൻ അനൂപും കാവ്യാമാധവന്റെ ഡ്രൈവർ സുനീറൂം അഭിഭാഷകരും ചേർന്നാണ് സാഗറിനെ സ്വാധീനിച്ചതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കേസിലെ മറ്റൊരു സാക്ഷി ശരത് ബാബുവിന്റെ മൊഴിമാറ്റാൻ സാഗർ ശ്രമിച്ചതിന്റെ തെളിവുകളും ലഭിച്ചിട്ടുണ്ട്. ടെലിഫോൺ രേഖകൾ അടക്കം ലഭിച്ച സാഹചര്യത്തിലാണ് വീണ്ടും സാഗറിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചതെന്നും അങ്കമാലി ജെ എഫ് എം കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.
കേസിലെ മുഖ്യ സാക്ഷിയായ സാഗർ നടിക്കെതിരെ ആക്രമണം നടക്കുമ്പോൾ കാവ്യാമാധവന്റെ ഉടമസ്ഥതയിലുള്ള ലക്ഷ്യയിലെ ജീവനക്കാരനായിരുന്നു. കേസിൽ പ്രതി വിജീഷ് ലക്ഷ്യയിൽ എത്തിയത് കണ്ടതായി പൊലീസിന് മൊഴി നൽകിയ സാഗർ, പിന്നീട് കോടതിയിൽ മൊഴി മാറ്റുകയായിരുന്നു. പൊലീസ് അന്വേഷണത്തിൽ ആലപ്പുഴയിലെ റെയ്ബാൻ ഹോട്ടലിൽ എത്തിച്ചാണ് സാഗറിനെ ദിലീപിന്റെ സംഘം മൊഴി മാറ്റിയതെന്ന് കണ്ടെത്തിയിട്ടുണ്ട്.
ഹോട്ടലിൽ കാവ്യാമാധവന്റെ ഡ്രൈവർ സുനീറും സാഗറും താമസിച്ചതിന്റെ രേഖകൾ പുറത്തുവന്നിരുന്നു. ദിലീപിന്റെ സ്വാധീനത്തിനു വഴങ്ങിയാണ് സാഗർ മൊഴിമാറ്റിയതെന്ന് തെളിയിക്കുന്ന ഡിജിറ്റൽ തെളിവുകളും ടെലിഫോൺ രേഖകളും ലഭിച്ചതായി അന്വേഷണ സംഘത്തിലവൻ ബൈജു പൗലോസ് കോടതി അറിയിച്ചു.കേസിന്റെ നിർണായക ഘട്ടത്തിൽ കൂറുമാറിയ സാക്ഷികൾക്കെതിരെ അന്വേഷണസംഘം കടുത്ത നടപടികളിലേക്ക് പോകുന്നതിന്റെ സൂചനകളാണ് സാഗറിനെതിരെയുള്ള റിപ്പോർട്ടിലൂടെ പുറത്ത് വരുന്നത്.
നടിയെ ആക്രമിച്ച കേസിൽ വ്യാജ മൊഴി നൽകാൻ ബൈജു പൗലോസ് ഭീഷണിപ്പെടുത്തിയെന്നായിരുന്നു സാഗറിന്റെ പരാതി. തുടരന്വേഷണത്തിന്റെ പേരിൽ ബൈജു പൗലോസ് തന്നെ ഉപദ്രവിക്കുമെന്ന് ആശങ്കയുണ്ടെന്നും ചോദ്യം ചെയ്യലിന് ഹാജരാകാൻ നൽകിയ നോട്ടീസിലെ തുടർനടപടികൾ സ്റ്റേ ചെയ്യണമെന്നും സാഗർ ആവശ്യപ്പെട്ടിരുന്നു.
മറുനാടന് മലയാളി ബ്യൂറോ