- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം അനന്തമായി നീട്ടാനാവില്ല; അന്വേഷണ റിപ്പോർട്ട് മാർച്ച് ഒന്നിനുള്ളിൽ നൽകണം; ഒരു സാക്ഷിയുടെ വെളിപ്പെടുത്തലിൽ ഇത്രമാത്രം അന്വേഷിക്കാനുള്ളത്? സമയം നീട്ടിനൽകാൻ ആകില്ല: ദിലീപ് കേസിൽ ഹൈക്കോടതി പരാമർശം ഇങ്ങനെ
കൊച്ചി: കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം നീട്ടാനാവില്ലെന്നു ഹൈക്കോടതി. കേസ് അന്വേഷണം അനന്തമായി നീട്ടിക്കൊണ്ടു പോകാൻ സാധിക്കില്ലെന്നാണ് കോടതി വ്യക്തമാക്കിയത്. മാർച്ച് ഒന്നിനകം അന്വേഷണം പൂർത്തിയാക്കണമെന്നും കോടതി പറഞ്ഞു. ഒരു സാക്ഷിയുടെ വെളിപ്പടുത്തലിൽ ഇത്രമാത്രം എന്താണ് അന്വേഷിക്കാൻ ഉള്ളതെന്ന് കോടതി ചോദിച്ചു. ഇതിനോടകം തന്നെ രണ്ട് മാസം അധിക സമയം നൽകി കഴിഞ്ഞുവെന്നും കോടതി പറഞ്ഞു.
അതേസമയം തുടരന്വേഷണത്തിൽ ഏതാനും ഡിജിറ്റൽ തെളിവുകളുടെ പരിശോധന പൂർത്തിയാകാനുണ്ടെന്നു പ്രോസിക്യൂഷൻ ഹൈക്കോടതിയെ അറിയിച്ചു. തുടരന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള പ്രതിയുടെ ഹർജി പരിഗണിക്കുമ്പോഴാണ് പ്രോസിക്യൂഷൻ ഇക്കാര്യം അറിയിച്ചത്. അന്വേഷണം അന്തിമ ഘട്ടത്തിലാണെന്നും വിശദീകരിച്ചു. ഇപ്പോൾ തന്നെ രണ്ടു മാസം പിന്നിട്ടെന്നും ഇനി എത്ര സമയം കൂടി വേണമെന്നും ചോദിച്ചപ്പോൾ തുടരന്വേഷണത്തിന് സമയപരിധി വയ്ക്കുന്നതിന് തടസമില്ലെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കി. മാർച്ച് ഒന്നിന് അന്തിമ റിപ്പോർട്ട് നൽകാൻ ബുദ്ധിമുട്ടുണ്ടെന്ന് കോടതിയുടെ ചോദ്യത്തിനു മറുപടിയായി പ്രോസിക്യൂഷൻ അറിയിച്ചു.
കേസിന്റെ തുടരന്വേഷണം അന്തിമഘട്ടത്തിലാണെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. 20 സാക്ഷികളുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. ക്രൈംബ്രാഞ്ച് അപേക്ഷകളിൽ കോടതി തീരുമാനം വൈകിയത് അന്വേഷണത്തെ ബാധിച്ചെന്നും സർക്കാർ കോടതിയെ അറിയിച്ചു. എങ്ങനെയും വിചാരണ നീട്ടുകയാണ് പ്രോസിക്യൂഷന്റെ ശ്രമമെന്നാണ് കേസിലെ പ്രതിയായ ദിലീപ് കോടതിയിൽ വാദിച്ചത്.
നടിയെ ആക്രമിച്ച കേസിൽ പുനരന്വേഷണം തടയണമെന്ന ഹർജിയിൽ ആക്രമിക്കപ്പെട്ട നടിയെ കഴിഞ്ഞ ദിവസം കക്ഷി ചേർത്തിരുന്നു. വിചാരണ നീട്ടിക്കൊണ്ടു പോകാനാണ് പ്രോസിക്യൂഷന്റെ ശ്രമമെന്നും തുടരന്വേഷണം ശരിയായ ദിശയിൽ അല്ലെന്നുമാണ് ദിലീപ് കോടതിയെ അറിയിച്ചിരിക്കുന്നത്. തുടരന്വേഷണത്തിന്റെ പേരിൽ നടക്കുന്നതു പുനരന്വേഷണമാണ്. അന്വേഷണ ഉദ്യോഗസ്ഥനെതിരെ പരാതി നൽകിയതിനു പിന്നാലെയാണ് തനിക്കെതിരെ ആരോപണങ്ങളും അന്വേഷണവും ഉണ്ടായതെന്നും ദിലീപ് പറയുന്നു.
അതേ സമയം, തുടരന്വേഷണത്തെ എന്തിനു തടസപ്പെടുത്തുന്നു എന്ന ചോദ്യമാണ് കഴിഞ്ഞ ദിവസം കേസ് പരിഗണിക്കുമ്പോൾ കോടതി ചോദിച്ചത്. ദിലീപിനെതിരെ സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകൾ അന്വേഷിക്കേണ്ടതാണ് എന്ന നിലപാടും കോടതി സ്വീകരിച്ചിരുന്നു. പരാതി വൈകിയതു സംബന്ധിച്ച അന്വേഷണവും വേണമെന്നും കോടതി വിലയിരുത്തിയിരുന്നു.