- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചലച്ചിത്രോത്സവ വേദിയിൽ നടിയെ എത്തിച്ചു കൈയടി നേടിയവർക്ക് അതിജീവിത ഹൈക്കോടതിയെ സമീപിച്ചപ്പോൾ മിണ്ടാട്ടം മുട്ടി; ഹർജി എത്തുമ്പോൾ ചർച്ചയാകുന്നത് ടി പി കേസിൽ വാദിക്കാനെത്തിയ അഡ്വ. രാമൻപിള്ളയുടെ സിപിഎം ബന്ധവും; വിചാരണാ കോടതിക്കെതിരെയും വിമർശനം; തൃക്കാക്കരയിൽ അതിജീവിതയും ചർച്ചയിൽ
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം അട്ടിമറിച്ചെന്ന് ആരോപിച്ചു അതിജീവിത രംഗത്തുവരുമ്പോൾ വെട്ടിലാകുന്നത് സർക്കാറാണ്. അന്താരാഷ്ട്ര ചലച്ചിത്രോത്സവ വേദിയിൽ നടിയെ എത്തിച്ചു കൈയടി നേടിയവർക്കും നീതി വാങ്ങി കൊടുക്കുമെന്ന് ഉറപ്പു നൽകിയ മുഖ്യമന്ത്രിക്കുമേറ്റ തിരിച്ചടിയാണ് ഇന്നലെ അതിജീവിത ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജി. ഒരു കാലത്ത് ടിപി വധക്കേസ് പ്രതികൾക്ക് വേണ്ടി വാദിച്ചവരാണ് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിയും അഡ്വ. രാമൻ പിള്ളയും. സിപിഎമ്മിനെ നിർണായക ഘട്ടത്തിൽ സഹായിച്ച അഭിഭാഷകനെ കൈവിടാൻ സിപിഎമ്മിന് കഴിയില്ല. അതുകൊണ്ടു കൂടിയാണ് പി ശശി മുഖ്യമന്ത്രിയുടെ ഓഫീസിൽ എത്തിയതിന് പിന്നാലെ കേസ് അട്ടിമറിക്കാൻ ശ്രമം നടന്നത് വിവാദമാകുന്നതും.
ആദ്യഘട്ടത്തിൽ പിന്തുണയ്ക്കുകയും സ്വതന്ത്ര അന്വേഷണം അനുവദിക്കുകയും ചെയ്ത സർക്കാർ രാഷ്ട്രീയ തലത്തിൽ ക്രെഡിറ്റ് വാങ്ങിയ ശേഷം പിൻവാങ്ങുകയാണെന്നും പാതിവഴിയിൽ അന്വേഷണം അവസാനിപ്പിക്കാൻ നീക്കമുണ്ടെന്നും ഹർജിയിൽ ആരോപിച്ചത് സംസ്ഥാന സർക്കാറിന്റെ ഇരട്ടത്താപ്പാണ് വ്യക്തമാക്കുന്നത്. അന്താരാഷ്ട്ര ചലച്ചിത്രോത്സവ വേദിയിൽ അടക്കം നടിയെ എത്തിച്ചപ്പോൾ സൈബറിടത്തിൽ ആഘോഷിച്ചവർ ഇന്നലെ മൗനം പാലിച്ചതും ശ്രദ്ധേയമായി. പാർട്ടിയുടെ അജണ്ട എന്തെന്ന് ഇതിൽ നിന്നു തന്നെ വ്യക്തമാണ്. വിചാരണാ കോടതിയുടെ നിഷേധ മനോഭാവവും നടി ഹർജിയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. സർക്കാർ ദിലീപുമായി ഒത്തുകളിക്കുന്നെന്ന ആരോപണം ഉയർന്നതോടെ ഈ കേസിന്റെ ഭാവി ഇനി എന്താകുമെന്ന ആശങ്ക ശക്തമാണ്.
അന്വേഷണം തടസ്സപ്പെടുത്തി, പ്രതികളെ സഹായിക്കുന്ന നിലപാട് വിചാരണക്കോടതിയുടെ ഭാഗത്തു നിന്നുണ്ടെന്നും ഹർജിയിലുണ്ട്. ഹർജി ഇന്നു ജസ്റ്റിസ് കൗസർ ഇടപ്പഗത്തിന്റെ ബെഞ്ചിൽ എത്തും. ഇതിനിടെ, ബെഞ്ച് മാറ്റണമെന്നാവശ്യപ്പെട്ടു നടി മറ്റൊരു അപേക്ഷയും നൽകി. കോടതിയുടെ കസ്റ്റഡിയിലിരിക്കെ, ദൃശ്യങ്ങൾ ഉൾപ്പെട്ട മെമ്മറി കാർഡിലെ ഉള്ളടക്കം അനധികൃതമായി പരിശോധിച്ച് കൃത്രിമം കാണിക്കുകയും പകർത്തുകയും ചെയ്തതിനെ കുറിച്ച് അന്വേഷണം ആവശ്യപ്പെട്ടാണു ഹർജി.
എട്ടാം പ്രതിയായ നടൻ ദിലീപും ഭരണമുന്നണിയും തമ്മിൽ അവിശുദ്ധ കൂട്ടുകെട്ടു സംശയിക്കുന്നതായി ഹർജിയിൽ ആരോപിക്കുന്നു. തുടരന്വേഷണം പൂർത്തിയാക്കാൻ പ്രോസിക്യൂഷൻ സമയം നീട്ടി ചോദിച്ചിരുന്നെങ്കിലും ഇപ്പോൾ അന്വേഷണം അവസാനിപ്പിക്കാൻ രാഷ്ട്രീയ ഉന്നതരുടെ ഭീഷണിയുണ്ടെന്നാണു മനസ്സിലാകുന്നത്. പ്രതിയുടെ അഭിഭാഷകർ സാക്ഷികളെ സ്വാധീനിച്ചുവെന്നും തെളിവുകളിൽ തിരിമറി കാട്ടിയെന്നും ആക്ഷേപമുണ്ട്. എന്നാൽ തുടരന്വേഷണം അവരിലേക്ക് എത്താതിരിക്കാൻ രാഷ്ട്രീയ തലത്തിൽനിന്ന് ഉറപ്പു കിട്ടിയെന്നാണ് അറിയുന്നതെന്നു ഹർജിയിൽ പറയുന്നു.
കേസിലെ പ്രധാന ഡിജിറ്റൽ തെളിവായ മെമ്മറി കാർഡിൽ കൃത്രിമം കാട്ടിയെന്നു വിചാരണക്കോടതിക്കു റിപ്പോർട്ട് കിട്ടിയെങ്കിലും അക്കാര്യം ഹൈക്കോടതിയെ അറിയിക്കാതിരുന്നതു ഗുരുതര വീഴ്ചയാണെന്നു ഹർജിയിൽ ആരോപിക്കുന്നു. റിപ്പോർട്ട് കിട്ടിയത് കോടതി രേഖകളിൽ ഉൾപ്പെടുത്തിയില്ല. മെമ്മറി കാർഡിൽ കൃത്രിമം കാട്ടിയത് ആരാണ്, കാർഡിലെ വിവരങ്ങൾ എത്ര തവണ പരിശോധിച്ചു, പകർപ്പ് എടുത്തിട്ടുണ്ടോ എന്നെല്ലാം കണ്ടെത്താൻ വിചാരണക്കോടതിയുടെ ഭാഗത്തുനിന്നു ശ്രമം ഉണ്ടായില്ല. മെമ്മറി കാർഡ് ഫൊറൻസിക് ലാബിൽ അയയ്ക്കാൻ അന്വേഷണ ഉദ്യോഗസ്ഥൻ വിചാരണക്കോടതിയിൽ അപേക്ഷ നൽകിയെങ്കിലും തുടർനടപടിയുണ്ടായില്ല. കോടതി ജീവനക്കാരെ ചോദ്യം ചെയ്യാനും അനുമതി ലഭിച്ചിട്ടില്ല.
മെമ്മറി കാർഡിൽ കൃത്രിമം നടത്തി പകർപ്പ് എടുത്തതിനെക്കുറിച്ചു തുടരന്വേഷണത്തിന്റെ ഭാഗമായോ പുതിയ കേസ് രജിസ്റ്റർ ചെയ്‌തോ അന്വേഷിക്കണം. ദിലീപ് സറണ്ടർ ചെയ്ത ഫോണുകളിൽ നടന്ന തിരിമറി അന്വേഷിക്കണം. മെമ്മറി കാർഡ് കൂടുതൽ പരിശോധനയ്ക്കു ഫൊറൻസിക് ലാബിൽ അയയ്ക്കുകയും റിപ്പോർട്ട് വരുന്നതു വരെ അന്തിമ റിപ്പോർട്ട് നൽകുന്നതു തടയുകയും വേണം. അന്വേഷണത്തിനു ഹൈക്കോടതിയുടെ നിരീക്ഷണം ഏർപ്പെടുത്തണം.
തൃക്കാക്കരയിലും അതിജീവിത ചർച്ചയിൽ
അതേസമയം നടിയെ ആക്രമിച്ച കേസിലെ അട്ടിമറി തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലും ചർച്ചയാക്കാൻ ഒരുങ്ങുകയാണ് പ്രതിപക്ഷം. നടിയെ പീഡിപ്പിച്ച കേസ് അട്ടിമറിക്കാനും പി.സി. ജോർജിനു ജാമ്യം കിട്ടാനും ഇടനില നിന്നതു സിപിഎം നേതാവാണെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ രംഗത്തുവന്നതും ഇതിന്റെ തുടക്കമാണ്. രണ്ടു കേസിലും 'ഇടനിലക്കാരൻ' ഒരാൾ തന്നെയാണ്. അതെക്കുറിച്ചു ചില വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. വ്യക്തമായ തെളിവുകൾ ലഭിച്ചാൽ പേരു വെളിപ്പെടുത്തും. കേസ് ഒത്തുതീർപ്പാക്കാൻ സർക്കാർ ശ്രമിക്കുകയാണെന്ന പരാതിയുമായി അതിജീവിതയ്ക്കു ഹൈക്കോടതിയെ സമീപിക്കേണ്ടി വന്ന ഗുരുതര സാഹചര്യത്തെക്കുറിച്ച് അന്വേഷണം നടത്തണം.
സംസ്ഥാനം ഭരിക്കുന്നതു സ്ത്രീവിരുദ്ധ സർക്കാരാണെന്നും അദ്ദേഹം ആരോപിച്ചു. അതിജീവിത കോടതിയിൽ ഉന്നയിച്ച ആരോപണങ്ങൾ ഗൗരവമുള്ളവയാണ്. കേസ് ഇല്ലാതാക്കാനുള്ള ശ്രമമാണു കുറെക്കാലമായി നടക്കുന്നത്. സമൂഹ മനഃസാക്ഷിയെ ഞെട്ടിച്ച സംഭവങ്ങളാണു നടക്കുന്നത്. അതു സ്വാഭാവികമായി തിരഞ്ഞെടുപ്പിൽ ചർച്ചയാകും. കേരളത്തെ മുഴുവൻ ഞെട്ടിച്ച കേസ് തേച്ചു മായ്ച്ചു കളയാൻ അനുവദിക്കില്ല. പി.സി. ജോർജിനായി സർക്കാർ നാടകം കളിക്കുകയാണ്. ജോർജിനു ജാമ്യം കിട്ടാൻ വഴിയൊരുക്കിയത് ആഭ്യന്തര വകുപ്പാണ്. സിപിഎമ്മും ജോർജും തമ്മിലുള്ള ഇടപാട് എന്താണെന്നു വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം അതിജീവിതയ്ക്ക് നീതി ഉറപ്പാക്കണമെന്ന് തൃക്കാക്കരയിലെ യു ഡി എഫ് സ്ഥാനാർത്ഥി ഉമ തോമും ആവശ്യപ്പെട്ടു. തെറ്റ് നടന്നിട്ടുണ്ട് എന്നത് വ്യക്തമാണ്. കുറ്റവാളികൾക്ക് ശിക്ഷ കിട്ടേണ്ടത് അത്യാവശ്യമാണെന്നും ഉമ തോമസ് വ്യക്തമാക്കി. 'സ്ത്രീ എപ്പോഴും മാനിക്കപ്പെടേണ്ടവളാണ്. അവൾ അപമാനിതയായാൽ അവൾക്ക് നീതി കിട്ടണം. അതുകൊണ്ട് തന്നെയാണ് അതിജീവിതയുടെ നീതിക്ക് വേണ്ടി ഞാൻ നിലപാടെടുത്തതും അതിനായി സംഘടിപ്പിക്കപ്പെട്ട പരിപാടികളിൽ പങ്കെടുത്തതും. പി ടി അതിജീവിതക്ക് വേണ്ടി നിലപാട് എടുത്തയാളാണ്. തെറ്റ് നടന്നിട്ടുണ്ട് എന്നത് വ്യക്തമാണ്. കുറ്റവാളികൾക്ക് ശിക്ഷ കിട്ടേണ്ടത് അത്യാവശ്യമാണ്. കുറ്റവാളികൾ ആരാണന്ന് കണ്ടെത്തപ്പെടണം. തെറ്റുകാർക്ക് ശിക്ഷ ലഭിക്കാൻ വേണ്ടി എല്ലാ പിന്തുണയും അതിജീവിതക്ക് നൽകും.'- ഉമ തോമസ് പറഞ്ഞു.
സ്ത്രീകളുടെ കൂടെ ഈ ഭരണകൂടം നിന്നിട്ടില്ല. പല കാര്യങ്ങൾക്കും സ്ത്രീകൾക്ക് എതിരെയാണ് സർക്കാർ നിലപാട് എടുത്തിരിക്കുന്നത്. മഞ്ഞക്കുറ്റി അടിക്കുമ്പോൾ വലിച്ചിഴക്കപ്പെട്ട സ്ത്രീകളുടെ കാര്യത്തിൽ ഞ്യായം കണ്ടെത്താൻ പറ്റാത്ത സർക്കാരാണ് ഇത്. സ്ത്രീ കൾക്ക് സുരക്ഷയോ പരിഗണനയോ ഇവിടെ കിട്ടുന്നില്ല സ്ത്രീവിരുദ്ധ സർക്കാരിന്റെ നിലപാടുകൾക്കെതിരെ തൃക്കാക്കര ഇലക്ഷനിൽ വിധി എഴുത്ത് ഉണ്ടാകും എന്നാണ് വിശ്വസിക്കുന്നതെന്നും അവർ വ്യക്തമാക്കി
ഇത് കേവലം ഒരു തിരഞ്ഞെടുപ്പിന്റെ മാത്രം വിഷയമല്ല. എന്റെ നിലപാട് സ്ത്രീപക്ഷമാണ്. ഞാൻ പെൺകുട്ടികളുടെ കൂടെയാണ് സ്ത്രീ ശാക്തീകരണത്തിന് വേണ്ടിയായിരിക്കും എന്റെ നിലപാട്. ഈ കേസിൽ എനിക്ക് മുമ്പേ സംശയമുണ്ട്. പി ടി യു ടെ മൊഴി എടുക്കുമ്പോഴേ പി ടി എന്നോട് പറഞ്ഞിട്ടുണ്ട് ആ പെൺകുട്ടിക്ക് സത്യസന്ധമായ നീതി ലഭിക്കുമെന്ന് സംശയമുണ്ടെന്ന്. അത് തന്നെയാണ് ഇപ്പോൾ നടന്നിരിക്കുന്നത്. തീർച്ചയായും നീതി കിട്ടണം. അതിജീവിതയുടെ കൂടെ ഞാനും ഉണ്ടെന്നും ഉമ തോമസ് കൂട്ടിച്ചേർത്തു.
നടിയെ ആക്രമിച്ച കേസിലെ കേസിലെ തുടരന്വേഷണം അന്വേഷണ സംഘം അവസാനിപ്പിക്കാനൊരുങ്ങുന്നതായുള്ള വാർത്തകൾക്ക് പിന്നാലെയാണ് നീതി ഉറപ്പാക്കണം എന്നാവശ്യപ്പെട്ട് അതിജീവിത ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ഉന്നത ബന്ധങ്ങളുള്ള പ്രതിയുടെ സ്വാധീനത്താൽ കേസ് അട്ടിമറിക്കപ്പെടുന്നുവെന്നും നടി ആരോപിക്കുന്നു.നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണത്തിന്റെ ഭാഗമായ അധിക കുറ്റപത്രം ഈ മാസം 30ന് സമർപ്പിക്കാനാണ് ക്രൈംബ്രാഞ്ച് നീക്കം.
മറുനാടന് മലയാളി ബ്യൂറോ