- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അതിജീവിത മുഖ്യമന്ത്രിയുമായി കൂടിക്കാഴ്‌ച്ച നടത്തിയതിന് പിന്നാലെ ക്രൈംബ്രാഞ്ചിന്റെ യുടേൺ; നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണത്തിന് കൂടുതൽ സമയം തേടും; ആവശ്യപ്പടെുക മൂന്ന് മാസത്തെ സമയം കൂടി വേണമെന്ന്; നടിയുടെ ഹർജിയും ഇന്ന് ഹൈക്കോടതിയിൽ
കൊച്ചി: അതിജീവിത മുഖ്യമന്ത്രിയുമായി കൂടിക്കാഴ്‌ച്ച നടത്തിയതിന് പിന്നാലെ നടിയെ ആക്രമിച്ച കേസിൽ ക്രൈംബ്രാഞ്ചിന്റെ യൂടേൺ. നടിയെ ആക്രമിച്ച കേസിൽ അന്വേഷണം പൂർത്തിയാക്കാൻ ക്രൈംബ്രാഞ്ച് സമയം നീട്ടി ചോദിക്കാനാണ് ഒരുങ്ങുന്നത്. മൂന്നുമാസം കൂടി സമയം വേണമെന്നാകും ആവശ്യപ്പെടുക. ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രോസിക്യൂഷൻ ഇന്ന് ഹൈക്കോടതിയിൽ അപേക്ഷ നൽകും.
ഈ മാസം 31നകം അന്വേഷണം പൂർത്തിയാക്കി വിചാരണക്കോടതിയിൽ റിപ്പോർട്ട് നൽകാനാണ് ഹൈക്കോടതി നിർദേശിച്ചിരിക്കുന്നത്. ഈ മാസം 31നകം അധികകുറ്റപത്രം സമർപ്പിക്കാനാവില്ലെന്ന് അന്വേഷണസംഘം കോടതിയെ അറിയിക്കും. വ്യാഴാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ നടിയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് അന്വേഷണത്തിന് കൂടുതൽ സമയം തേടാൻ ക്രൈംബ്രാഞ്ച് തീരുമാനിച്ചത്.
കേസിലെ അന്വേഷണം മന്ദഗതിയിലാണെന്ന് ആരോപണം ഉയർന്നിരുന്നു. തയ്യാറാക്കിയ പട്ടികയിലുള്ള പലരേയും ചോദ്യം ചെയ്തിരുന്നില്ലെന്നും കിട്ടിയ തെളിവുകൾവെച്ച് അന്വേഷണം അവസാനിപ്പിക്കാൻ ക്രൈംബ്രാഞ്ച് ഒരുങ്ങുന്നുവെന്നായിരുന്നു ആരോപണം.
നടിയുടെ ആശങ്കകൾ സർക്കാർ പരിഗണിച്ചശേഷമാണ് അന്വേഷണത്തിന് കൂടുതൽ സമയംതേടാൻ ഒരുങ്ങുന്നത്. ഡിജിപിയെയും ക്രൈംബ്രാഞ്ച് എഡിജിപിയെയും വിളിച്ചു വരുത്തി മുഖ്യമന്ത്രി കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ തിരക്കി. സുതാര്യവും കാര്യക്ഷമവുമായ അന്വേഷണം നടത്താൻ നിർദേശവും നൽകിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ ഡിജിറ്റൽ തെളിവുകൾ നിർണായകമായ കേസിൽ അന്വേഷണത്തിന് കൂടുതൽ സമയം വേണമെന്ന് ക്രൈംബ്രാഞ്ച് കോടതിയെ അറിയിക്കും. ഓഡിയോ-വീഡിയോ തെളിവുകളിൽ ലഭിച്ചിരിക്കുന്ന ഫൊറൻസിക് പരിശോധനാഫലം അടിസ്ഥാനമാക്കി ഇനിയും ചോദ്യംചെയ്യൽ നടത്തേണ്ടതുണ്ട് എന്നും വ്യക്തമാക്കും.
അതിനിടെ, നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കുന്നു എന്നാരോപിച്ച് അതിജീവിത നൽകിയ ഹർജിയും ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജസ്റ്റിസ് സിയാദ് റഹ്മാന്റെ സിംഗിൾ ബഞ്ചാണ് ഹർജി പരിഗണിക്കുക. ഹർജിയിൽ കഴിഞ്ഞ ദിവസം സർക്കാരിനോട് കോടതി വിശദീകരണം തേടിയിരുന്നു.
കേസന്വേഷണം പാതിവഴിയിൽ അവസാനിപ്പിക്കാനായി ഭരണ തലത്തിൽ നിന്നും രാഷ്ട്രീയ ഇടപെടൽ ഉണ്ടാകുന്നു എന്നതടക്കം ഗുരുതര ആരോപണങ്ങൾ നടി ഹർജിയിൽ ഉയർത്തിയിരുന്നു. കേസിൽ ധൃതിപിടിച്ച് കുറ്റപത്രം നൽകുന്നത് തടയണമെന്നും നടി ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ, ഹർജിയിലെ ആക്ഷേപങ്ങൾ തെറ്റാണെന്നാണ് സർക്കാർ വാദം.
മറുനാടന് മലയാളി ബ്യൂറോ