കൊച്ചി: കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാർഡിന്റെ ഫോറൻസിക് പരിശോധനാ ഫലം ക്രൈംബ്രാഞ്ചിന് ലഭിച്ചു. നടിയെ അക്രമിച്ചതിന്റെ ദൃശ്യങ്ങൾ പകർത്തിയ മെമ്മറി കാർഡാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. മൂന്ന് തവണ മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഏത് തിയതികളിലാണ് ഹാഷ് വാല്യൂ മാറിയത് എന്നതടക്കം റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.

മൂന്ന് കോടതികളുടെ കസ്റ്റഡിയിലിരിക്കുമ്പോഴാണ് ഇത്തരത്തിൽ ഹാഷ് വാല്യൂമാറിയതെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരിക്കുന്നത്. അങ്കമാലി മജിസ്ട്രേറ്റ് കോടതി, വിചാരണ കോടതി, എറണാകുളം ജില്ലാ കോടതി എന്നിവിടങ്ങളിൽ കസ്റ്റഡിയിലായിരിക്കുമ്പോഴാണ് ഹാഷ് വാല്യൂവിൽ മാറ്റം വന്നിട്ടുള്ളത്.

പൾസർ സുനിയിൽ നിന്ന് പിടിച്ചെടുത്ത മെമ്മറി കാർഡ് വിചാരണ കോടതിയിലും ജില്ലാ കോടതിയിലും അനുമതിയോടെ പരിശോധക്കപ്പെട്ടുവെങ്കിലും ജില്ലാ കോടതിയിൽ അത്തരത്തിൽ അനുമതികളൊന്നും നൽകിയില്ല എന്നതാണ് ശ്രദ്ധേയം. ഇത് സംബന്ധിച്ചാകും ക്രൈംബ്രാഞ്ചിന്റെ അന്വേഷണം. ഇതിന്റെ വസ്തുത മനസ്സില്ലാക്കാൻ കോടതി തന്നെ മുൻകൈയെടുക്കുമെന്നും ക്രൈംബ്രാഞ്ച് പ്രതീക്ഷിക്കുന്നു.

2020 ജനുവരി 29ന് കേന്ദ്ര ഫോറൻസിക് ലാബ് നൽകിയ റിപ്പോർട്ടും കേസിലെ തുടരന്വേഷണത്തിന് ഇടയാക്കിയ വെളിപ്പെടുത്തലുമാണ് ദൃശ്യങ്ങൾ പകർത്തിയിട്ടുണ്ടെന്ന പ്രോസിക്യൂഷന്റെ സംശയം ബലപ്പെടുത്തിയത്. മെമ്മറി കാർഡ് പരിശോധിക്കണമെന്ന ആവശ്യം വിചാരണ കോടതി നിരസിച്ചതിനെ തുടർന്ന് പ്രോസിക്യൂഷൻ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.