- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തുടരന്വേഷണം ചോദ്യം ചെയ്യാൻ പ്രതിക്ക് കഴിയില്ല; തന്നെ കേൾക്കാതെ തീരുമാനം എടുക്കുന്നത് പരിഹരിക്കാനാകാത്ത നഷ്ടം ഉണ്ടാക്കും; തന്നെ മൂന്നാം കക്ഷിയാക്കണം എന്ന ആവശ്യവുമായി നടി ഹൈക്കോടതിയിൽ; വധഗൂഢാലോചന കേസിൽ ദിലീപിന്റെ സഹോദരി ഭർത്താവ് ചോദ്യം ചെയ്യലിന് ഹാജരായി
കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട തുടർ അന്വേഷണത്തെ എതിർത്തു കൊണ്ട് ദിലീപ് നൽകിയ ഹർജിയിൽ കക്ഷി ചേർക്കണമെന്ന് ആവശ്യപ്പെട്ട് നടി ഹൈക്കോടതിയിൽ അപേക്ഷ നൽകി. തുടരന്വേഷണം ചോദ്യംചെയ്യാൻ പ്രതിക്ക് കഴിയില്ലെന്ന് നടി അപേക്ഷയിൽ പറയുന്നു. അന്വേഷണത്തിലോ തുടരന്വേഷണത്തിലോ പ്രതിക്ക് ഇടപെടാൻ കഴിയില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. കേസിൽ തന്നെ മൂന്നാം എതിർകക്ഷിയാക്കണം. തന്നെ കേൾക്കാതെ തീരുമാനമെടുക്കുന്നത് പരിഹരിക്കാനാകാത്ത നഷ്ടം ഉണ്ടാക്കുമെന്നും നടി ഹർജിയിൽ പറയുന്നു. നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം തടയണമെന്നാവശ്യപ്പെട്ട് ദിലീപ് കഴിഞ്ഞ ദിവസം ഹൈക്കോടതിയിൽ സമർപ്പിച്ചിരുന്നു.
അന്വേഷണം റദ്ദാക്കി വിചാരണ പെട്ടെന്ന് പൂർത്തിയാക്കാൻ വിചാരണ കോടതിക്ക് നിർദ്ദേശം നൽകണമെന്നാണ് ഹർജിയിൽ ദിലീപ് ആവശ്യപ്പെട്ടത്. കൂടാതെ തുടരന്വേഷണത്തിന് മുതിർന്ന ഉദ്യോഗസ്ഥരുടെ അനുമതി ഉണ്ടായിരുന്നില്ല. തുടരന്വേഷണം ആവശ്യപ്പെട്ട് അന്വേഷണ ഉദ്യോസ്ഥർ വിചാരണക്കോടതിയിൽ നൽകിയ റിപ്പോർട്ട് റദ്ദാക്കണമെന്നും ഹർജിയിൽ ദിലീപ് ആവശ്യപ്പെട്ടിരുന്നു. ദിലീപ് നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കാനിരിക്കേയാണ് നടി ഹർജിയിൽ കക്ഷി ചേരാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അപേക്ഷ സമർപ്പിച്ചിരിക്കുന്നത്.
നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപിനും പ്രതികൾക്കും ഹൈക്കോടതി നേരത്തെ മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. വധഗൂഢാലോചനാ കേസിൽ എഫ്‌ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ആരോപണങ്ങൾ തെളിയിക്കാനാനുള്ള തെളിവുകളില്ലെന്നാണ് ദിലീപിന്റെ വാദം. കേസ് ക്രൈംബ്രാഞ്ച് കെട്ടിച്ചമച്ചതാണെന്നും എഫ്‌ഐആർ നിലനിൽക്കില്ലെന്നും പ്രതികൾ ഹർജിയിൽ പറയുന്നു.
ഡിവൈഎസ്‌പി ബൈജു പൗലോസും ബാലചന്ദ്രകുമാറും തനിക്കെതിരെ ഗൂഢാലോചന നടത്തി. ഡിജിപി ബി സന്ധ്യയുടെയും എഡിജിപി എസ് ശ്രീജിത്തിന്റേയും അറിവോടെയാണ് ഗൂഢാലോചന നടന്നത്. കേസ് റദ്ദാക്കിയില്ലെങ്കിൽ അന്വേഷണം സിബിഐക്ക് കൈമാറണമെന്നും ദിലീപ് ആവശ്യപ്പെട്ടു. ഉദ്യോഗസ്ഥരെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചതിന് പിറകെയാണ് എഫ്‌ഐആർ റദ്ദാക്കണമെന്ന ഹർജിയുമായി ദിലീപ് വീണ്ടും കോടതിയെ സമീപിച്ചത്.
അതിനിടെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ ദിലീപിന്റെ സഹോദരി ഭർത്താവ് ടി എൻ സുരാജ് ചോദ്യം ചെയ്യലിന് ഹാജരായി. കളമശ്ശേരി ക്രൈംബ്രാഞ്ച് ഓഫീസിലാണ് ഹാജരായത്. ദിലീപിന്റെ സഹോദരൻ അനൂപ് നാളെ ഹാജരാകും. ക്രൈംബ്രാഞ്ച് നേരിട്ട് പിടിച്ചെടുത്ത ഫോണുകളുടെ പരിശോധന ഫലത്തിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ. കോടതി അനുമതിയോടെ നടന്ന മൂന്നു ദിവസത്തെ ചോദ്യം ചെയ്യലിനു ശേഷമുള്ള രണ്ടാംഘട്ട ചോദ്യംചെയ്യൽ ആണ് ഇന്ന് നടക്കുന്നത്. സുരാജിനെയും അനൂപിനെയും ചോദ്യംചെയ്ത ശേഷം നടൻ ദിലീപിനെയും ഈയാഴ്‌ച്ച ചോദ്യം ചെയ്യാൻ വിളിപ്പിക്കും. ദിലീപിന്റെയും അനൂപിന്റെയും സുരാജിന്റെയും മൊബൈൽ ഫോണുകളുടെ ശാസ്ത്രീയ പരിശോധനാഫലം ആലുവ മജിസ്‌ട്രേറ്റ് കോടതിയിൽ ലഭിച്ചിട്ടുണ്ട്. ഇത് കൈമാറണം എന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് കോടതിയിൽ അപക്ഷ നൽകും.