കൊച്ചി: കൊച്ചിയിൽ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട തുടരന്വേഷണം അവസാനിപ്പിക്കുന്നു. കേസിലെ അധിക കുറ്റപത്രം ഈ മാസം 30ന് സമർപ്പിക്കും. തുടരന്വേഷണത്തിനായി ഇനി അന്വേഷണസംഘം സമയം നീട്ടിച്ചോദിക്കില്ല. കോടതിയിൽ നിന്നും നിരന്തരം വിമർശനങ്ങൾ കേൾക്കേണ്ടി കൂടി വരുന്ന പശ്ചാത്തലത്തിലാണ് നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട തുടരന്വേഷണം അവസാനിപ്പിക്കുന്നത്.

കേസിൽ നടിയും ദിലീപിന്റെ ഭാര്യയുമായ കാവ്യാ മാധവനും പ്രതിയാകില്ല. കാവ്യയ്‌ക്കെതിരെ ഗൂഢാലോചനയ്ക്ക് തെളിവില്ലെന്ന് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. ദിലീപിന്റെ അഭിഭാഷകരെയും കേസിൽ നിന്ന് ഒഴിവാക്കും. അഭിഭാഷകരുടെ മൊഴിപോലും എടുക്കാതെയാണ് ക്രൈംബ്രാഞ്ചിന്റെ പിന്മാറ്റം. കേസ് അട്ടിമറിക്കാൻ അഭിഭാഷകർ ഇടപെട്ടതായി അന്വേഷണസംഘം നേരത്തെ ആരോപിച്ചിരുന്നു. ഈ ആരോപണത്തെ ശരിവെക്കുന്ന വിധത്തിലുള്ള ചില ശബ്ദ രേഖകളും പുറത്തുവന്നിരുന്നു. എന്നാൽ, അഡ്വ. രാമൻ പിള്ളയെ പിണക്കേണ്ടെന്ന സിപിഎമ്മിന്റെ രാഷ്ട്രീയ തീരുമാനമാണ് ഇപ്പോഴത്തെ പിന്മാറ്റത്തിന് പിന്നിലെന്നും സൂചനകളുണ്ട്.

നേരത്തെ അഭിഭാഷകരെ ചോദ്യം ചെയ്യണമെന്ന് ഹൈക്കോടതിയിലും ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇത്തരമൊരു നീക്കം അഭിഭാഷക സമൂഹത്തിന്റെയും എതിർപ്പിന് ഇടയാക്കുകയുണ്ടായി. ഈ പശ്ചാത്തലത്തിൽ കൂടിയാണ് കേസ് അന്വേഷണം അവസാനിപ്പിക്കാൻ തീരുമാനം എത്തുന്നത്. പുതിയ അന്വേഷണവുമായി ബന്ധപ്പെട്ട് ഇപ്പോഴത്തെ സാഹചര്യത്തിൽ എന്നാൽ ദിലീപിന്റെ സുഹൃത്ത് ശരത് മാത്രമാണ് അധിക കുറ്റപത്രത്തിൽ പ്രതിയാവുക.

തെളിവ് നശിപ്പിക്കൽ, തെളിവ് ഒളിപ്പിക്കൽ അടക്കമുള്ള കുറ്റം ചുമത്തിയാണ് ശരത്തിനെ അറസ്റ്റ് ചെയ്തത്. തുടർ അന്വേഷണത്തിലെ ആദ്യ അറസ്റ്റാണിത്. കേസിലെ 'വിഐപി' ശരത് ആണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. നടിയെ ആക്രമിച്ച പകർത്തിയ ദൃശ്യങ്ങൾ ദിലീപിന്റെ വീട്ടിലെത്തിച്ചത് ശരത്താണെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്.

ദൃശ്യങ്ങൾ വീട്ടിലെത്തിച്ച ശേഷം അവ നശിപ്പിച്ചത് ശരത്തിന്റെ നേതൃത്വത്തിലാണെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തൽ. സംവിധായകൻ ബാലചന്ദ്രകുമാറിനെ ഒപ്പമിരുത്തിയാണ് ശരത്തിനെ ചോദ്യം ചെയ്തത്. അന്വേഷണത്തിന്റെ ആദ്യ ഘട്ടത്തിൽ ശരത്തിനെ ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ച് നോട്ടീസ് നൽകിയിരുന്നു. ഇതിനു പിന്നാലെ ഇയാൾ ഊട്ടിയിലേക്ക് മുങ്ങി. തുടർന്ന് ശരത്തിന്റെ വീട്ടിൽ റെയ്ഡ് നടത്തി മൊബൈലും പാസ്പോർട്ടുമുൾപ്പെടെ പിടിച്ചെടുത്തിരുന്നു.

അതേ സമയം, ദിലീപ് പ്രതിയായ വധ ഗൂഢാലോചന കേസിൽ നെയ്യാറ്റിൻകര ബിഷപ്പ് ഡോ.വിൻസന്റ് സാമുവൽ അന്വേഷണ സംഘത്തിന് മുന്നിൽ മൊഴി നൽകിയിരുന്നു. തനിക്ക് ജാമ്യം കിട്ടുന്നതിനായി ബിഷപ്പിനെ ഇടപെടുവിച്ചു എന്ന് കാട്ടി ബാലചന്ദ്രകുമാർ 10 ലക്ഷം തട്ടിച്ചുവെന്ന ദിലിപ് ആരോപിച്ചിരുന്നു. കോട്ടയത്ത് ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരായ ബിഷപ്പ് ഇക്കാര്യങ്ങൾ നിഷേധിച്ചു. ബാലചന്ദ്രകുമാറിനെ അറിയാമെന്നും എന്നാൽ ജാമ്യത്തിനായി ഇടപെട്ടിട്ടില്ലെന്നും ബിഷപ്പ് മൊഴി നൽകി. ബാലചന്ദ്രകുമാറിനെ ബിഷപ്പിന് അറിയില്ലെന്നായിരുന്നു നേരത്തെ നെയ്യാറ്റിൻക രൂപത വ്യക്തമാക്കിയത്. ദിലീപിന്റെ ആരോപണം ബാലചന്ദ്രകുമാറും നിഷേധിച്ചിരുന്നു.

അതേസമയം നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ കൊല്ലാൻ ഗൂഢാലോചന നടത്തിയ കേസിൽ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന് ശേഷം ദിലീപ് ഫോണിലെ തെളിവുകൾ നശിപ്പിച്ചതായി പ്രോസിക്യൂഷൻ കോടതിയിലും അറിയിച്ചിരുന്നു. തെളിവുകൾ നശിപ്പിക്കുന്നതിന് വേണ്ടി അഭിഭാഷകർ മുംബൈയിൽ പോയതിന് തെളിവുണ്ടെന്ന് പ്രോസിക്യൂഷൻ കോടതിയിയെ അറിയിച്ചു. മുംബൈ എയർ പോർട്ടിലെ സിസിടിവി ദൃശ്യങ്ങളും വിമാന ടിക്കറ്റും കിട്ടിയിട്ടുണ്ട്.

ദിലീപിന്റെ ഫോൺ മറ്റൊരാളുടെ ഐമാക്കുമായി ബന്ധിപ്പിച്ചതിന് തെളിവുണ്ട്. ഇതെല്ലാം തെളിവുകൾ നശിപ്പിക്കുന്നതിന് വേണ്ടിയായിരുന്നു. ഫോണുകൾ ഹൈക്കോടതിയിൽ ഹാജരാക്കുന്നതിന് തൊട്ടുമുമ്പ് ദിലീപ് വാട്‌സാപ്പ് ചാറ്റുകൾ നശിപ്പിച്ചുവെന്നും അന്വേഷണസംഘം കോടതിയിൽ പറയുകയുണ്ടായി.

സാക്ഷികളെ ദിലീപ് സ്വാധീനിച്ചു എന്നതിന് നേരിട്ടുള്ള തെളിവുകൾ പ്രോസിക്യൂഷൻ ഹാജരാക്കിയിട്ടില്ലന്ന് കഴിഞ്ഞ ദിവസം കോടതി ചൂണ്ടിക്കാണിച്ചിരുന്നു. സാക്ഷികളെ എട്ടാം പ്രതിയായ ദിലീപ് സ്വാധീനിച്ചു എന്നതിന് എന്ത് തെളിവുണ്ടെന്ന് ചോദിച്ച കോടതി പുകമറ സൃഷ്ടിച്ച് കോടതിയുടെ കണ്ണുകെട്ടാൻ ശ്രമിക്കരുതെന്നും പ്രോസിക്യൂഷനോട് ആവശ്യപ്പെട്ടു. ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജിയിലെ വാദങ്ങൾ ബോധ്യപ്പെടുത്തേണ്ട ഉത്തരവാദിത്വ പ്രോസിക്യൂഷനുണ്ടെന്നും കോടതി വ്യക്തമാക്കിയിരുന്നു.

നടിയെ ആക്രമിച്ച കേസിൽ സാക്ഷികളെ സ്വാധീനിച്ചെന്നും തെളിവുകൾ നശിപ്പിച്ചെന്നും അന്വേഷണ ഉദ്യോഗസ്ഥരെവരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്നും ആരോപിച്ചാണ് ദിലീപിന്റെ ജാമ്യം റദ്ദാക്കാൻ പ്രോസിക്യൂഷൻ കോടതിയെ സമീപിച്ചത്. എന്നാൽ പ്രോസിക്യൂഷൻ നിരത്തിയ വാദങ്ങൾക്ക് ആധാരമായ തെളിവുകൾ എവിടെയെന്നായിരുന്നു വിചാരണക്കോടതിയുടെ ചോദ്യം. നിഗമനങ്ങളുടെ അടിസ്ഥാനത്തിൽ പ്രോസിക്യൂഷൻ ആരോപണം ഉന്നയിക്കരുത്.

ശക്തമായ തെളിവുകളാണ് വേണ്ടത്. ഗണേശ് കുമാറിന്റെ സഹായിയായ പ്രദീപ് കോട്ടാത്തല സാക്ഷിയായ വിപിൻ ലാലിനെ സ്വാധീനിക്കാൻ ശ്രമിച്ചത് എട്ടാം പ്രതിയായ ദിലീപിന് വേണ്ടിയാണെന്ന് സ്ഥാപിക്കാൻ പറ്റിയ പുതിയ തെളിവുകളെന്തുണ്ടെന്നും കോടതി ചോദിച്ചിരുന്നു. ദിലീപിന് വേണ്ടിയാണ് പ്രദീപ് കോട്ടാത്തലയുടെ നീക്കങ്ങളെന്നായിരുന്നു പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിരുന്നത്. ആരെങ്കിലും സ്വാധീനിക്കാൻ ശ്രമിച്ചതായി സാക്ഷികളാരും വിചാരണഘട്ടത്തിൽ പറഞ്ഞിട്ടില്ലെന്നും ജസ്റ്റീസ് ഹണി വർഗീസ് മറുപടി നൽകിയിരുന്നു. പൊതുജനാഭിപ്രായം നോക്കിയല്ല തെളിവുകൾ മുൻനിർത്തിയാണ് കോടതി തീരുമാനമെടുക്കുന്നത്. കോടതിയുടെ ചോദ്യങ്ങളോട് എന്തിനാണിത്ര അസ്വസ്തത എന്ന് ചോദിച്ച കോടതി പ്രോസിക്യൂട്ടറോട് സഹതാപമുണ്ടെന്നും പറഞ്ഞിരുന്നു.