- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പത്മസരോവരം വീട്ടിൽവെച്ച് ചോദ്യം ചെയ്യണമെന്ന് കാവ്യ; വീട്ടിൽ വെച്ച് വേണ്ടെന്ന് ക്രൈംബ്രാഞ്ചും; നിയമോപദേശം തേടി അന്വേഷണസംഘം; അനൂപിനെയും സുരാജിനെയും നാളെ ചോദ്യം ചെയ്യും; നോട്ടീസ് നൽകി; നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണം നിർണായക ഘട്ടത്തിലേക്ക്
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതി നടൻ ദിലീപിന്റെ ഭാര്യ കാവ്യാ മാധവനെ ക്രൈംബ്രാഞ്ച് ബുധനാഴ്ച ചോദ്യം ചെയ്‌തേക്കില്ലെന്ന് സൂചന. ആലുവയിലെ വീട്ടിൽ വെച്ച് കാവ്യയെ ചോദ്യം ചെയ്യേണ്ടെന്നാണ് ക്രൈംബ്രാഞ്ചിന്റെ നിലവിലെ തീരുമാനം. തുടർ നടപടികളുടെ കാര്യത്തിൽ അന്വേഷണസംഘം നിയമോപദേശം തേടി.
കാവ്യാ മാധവനെ ചോദ്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് തീരുമാനമെടുക്കാൻ ക്രൈംബ്രാഞ്ച് സംഘം യോഗം ചേർന്നിരുന്നു. എഡിജിപിയുടെ നേതൃത്വത്തിൽ ആലുവ പൊലീസ് ക്ലബ്ബിലാണ് യോഗം നടന്നത്.
പത്മസരോവരം വീട്ടിൽവെച്ച് ചോദ്യം ചെയ്യണമെന്നാണ് കാവ്യയുടെ നിലപാട്. കാവ്യയോട് തിങ്കളാഴ്ച ചോദ്യംചെയ്യലിനു ഹാജരാകാൻ ക്രൈംബ്രാഞ്ച് നിർദ്ദേശിച്ചിരുന്നെങ്കിലും അസൗകര്യം അറിയിച്ച് അവർ അന്വേഷണ സംഘത്തിന് സന്ദേശം അയച്ചിരുന്നു. അന്ന് ആലുവ പൊലീസ് ക്ലബ്ബിൽവച്ച് ചോദ്യംചെയ്യാനാണ് അന്വേഷണസംഘം നിശ്ചയിച്ചിരുന്നത്.
ചോദ്യംചെയ്യൽ ബുധനാഴ്ച ദിലീപിന്റെ ആലുവയിലെ പത്മസരോവരം വീട്ടിലേക്കു മാറ്റാൻ കഴിയുമോയെന്ന് കാവ്യയുടെ സന്ദേശത്തിൽ ചോദിച്ചിരുന്നു. എന്നാൽ, ഈ ആവശ്യം തള്ളിയിരുന്നു. അതേസമയം ദിലീപിന്റെ സഹോദരൻ അനൂപിനേയും സഹോദരി ഭർത്താവ് സുരാജിനേയും ബുധനാഴ്ച ചോദ്യം ചെയ്യും. ഇതിനായി ഇരുവർക്കും ക്രൈംബ്രാഞ്ച് നോട്ടീസ് നൽകി.
അതേ സമയം നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ ജാമ്യം റദ്ദാക്കാൻ ക്രൈംബ്രാഞ്ച് നീക്കം തുടങ്ങി. കേസ് അട്ടിമറിക്കാൻ ശ്രമിച്ച ദിലീപിനെ വീണ്ടും ജയിലിലടയ്ക്കണമെന്നാവശ്യപ്പെട്ട് അന്വേഷണസംഘം കൊച്ചിയിലെ വിചാരണക്കോടതിൽ ഹർജി നൽകി.
കേസിനെ സ്വാധീനിക്കാനോ അട്ടിമറിക്കാനോ യാതൊരു കാരണവശാലും ശ്രമിക്കരുതെന്ന വ്യവസ്ഥയോടെയായിരുന്നു 2017ൽ ഹൈക്കോടതി ദിലീപിന് ജാമ്യം നൽകിയത്. ഇത് ലംഘിക്കപ്പെട്ടെന്ന് പ്രോസിക്യൂഷന് ബോധ്യപ്പെട്ടാൽ വിചാരണക്കോടതിയെ സമീപിക്കാമെന്നും വ്യക്തമാക്കിയിരുന്നു. വിസ്താരം അട്ടിമറിക്കാനും അന്വേഷണ ഉദ്യോഗസ്ഥരെത്തന്നെ അപായപ്പെടുത്താനും ദിലീപിന്റെ ഭാഗത്ത് നിന്ന് കരുതിക്കൂട്ടിയുള്ള ഇടപെടൽ ഉണ്ടായി എന്ന് ആരോപിച്ചാണ് അന്വേഷണസംഘം ഇപ്പോൾ കൊച്ചിയിലെ വിചാരണക്കോടതിയെ സമീപിച്ചത്.
കേസിലെ സാക്ഷികളെ സ്വാധീനിച്ചെന്നും വിസ്താരനടപടികൾ അട്ടിമറിക്കാൻ ശ്രമിച്ചെന്നുമാണ് ആരോപണം. തുടരന്വേഷണവും നടക്കുന്നതിനാലും വിസ്താരം ഇനിയും ശേഷിക്കുന്നതിനാലും ജാമ്യം റദ്ദാക്കി ദിലീപിനെ ജയിലിൽ അടയ്ക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. വധഗൂഢാലോചനാക്കേസുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് ശേഖരിച്ച തെളിവുകളുടെ കൂടി പശ്ചാത്തലത്തിലാണ് ഈ നീക്കം. ഇതുവഴി തുടരന്വേഷണത്തിൽ ബാഹ്യഇടപെടലുകൾ കുറയ്ക്കാമെന്നും ദിലിപ് ക്യാമ്പിനെ സമ്മർദത്തിൽ ആക്കാമെന്നുമാണ് പ്രോസിക്യൂഷൻ കണക്കുകൂട്ടന്നത്.
കോടതി രേഖകൾ ചോർന്നെന്ന പ്രതിഭാഗം ആരോപണത്തിൽ അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈ എസ് പി ബൈജു പൗലോസ് വിചാരണ കോടതിയിൽ ഹാജരായി വിശദീകരണം നൽകി. സായി ശങ്കറിൽ നിന്ന് വാങ്ങിയ ലാപ്‌ടോപ് അടക്കമുള്ള ഡിജിറ്റൽ ഉപകരണങ്ങൾ അടിയന്തരമായി ഹാജരാക്കാൻ ദിലീപിന്റെ അഭിഭാഷകരോട് വധഗൂഢാലോചനാക്കേസിലെ അന്വേഷണ സംഘം ആവശ്യപ്പെട്ടിട്ടുണ്ട്.
നടിയെ പീഡിപ്പിച്ച കേസിനു മുൻപ് അതിജീവിത, നടൻ ദിലീപ്, നടി മഞ്ജു വാരിയർ എന്നിവർക്കിടയിൽ ഏതെങ്കിലും സാമ്പത്തിക, റിയൽ എസ്റ്റേറ്റ് ബിസിനസുകൾ നടത്തിയിട്ടുണ്ടോയെന്ന് അന്വേഷണ സംഘം പരിശോധിച്ചിരുന്നു. തുടരന്വേഷണത്തിൽ ഇത്തരത്തിലുള്ള ചില സൂചനകൾ അന്വേഷണ സംഘത്തിനു ലഭിച്ച സാഹചര്യത്തിലായിരുന്നു ഇത്. ഇത്തരം വിവരങ്ങളുടെ അടിസ്ഥാനത്തിൽ കാവ്യയുടെ ചോദ്യംചെയ്യൽ പൂർത്തിയാകുന്നതോടെ തുടരന്വേഷണത്തിന്റെ നിർണായക ഘട്ടം പൂർത്തിയാകും.
മറുനാടന് മലയാളി ബ്യൂറോ