- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പാർട്ടിയും സർക്കാരും ഇരയായ നടിക്ക് ഒപ്പം; നീതി ലഭ്യമാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധം; സർക്കാരിനെതിരെ ആക്ഷേപമുണ്ടെങ്കിൽ കോടതിയിൽ നൽകട്ടെ; നടിയുടെ പരാതി ദുരൂഹം; ദിലീപിന് അടുത്ത ബന്ധം കോൺഗ്രസ് നേതാക്കളുമായിട്ട്; ആലുവയിൽ അന്വേഷിച്ചാൽ അറിയാമെന്നും കോടിയേരി ബാലകൃഷ്ണൻ
കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിനിടെ സർക്കാരിനെതിരെ ആരോപണമുയർത്തി അതിജീവിതയായ നടി ഹർജി നൽകിയത് ദുരൂഹമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. അതിന്റെ യുക്തി സംശയകരമാണെന്നും നടി ഉന്നയിച്ച് ആക്ഷേപങ്ങൾക്ക് അടിസ്ഥാനമില്ലെന്നും കോടിയേരി പറഞ്ഞു. നടിയെ ആക്രമിച്ച കേസിൽ, സർക്കാരും പാർട്ടിയും ഇരയ്ക്ക് ഒപ്പമാണെന്നും അതിജീവിതയ്ക്ക് നീതി ലഭ്യമാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും കോടിയേരി പറഞ്ഞു.
അതിജീവിതയ്ക്ക് ആവശ്യമായ എല്ലാ സംരക്ഷണവും സർക്കാരും പാർട്ടിയും നൽകും. കേസുമായി ബന്ധപ്പെട്ട് സർക്കാർ നടപടിയെ എല്ലാവരും പ്രശംസിച്ചതാണ്. നടിയുടെ ഇപ്പോഴത്തെ ഹർജിക്ക് പിന്നിൽ ആരാണ് ഉള്ളതെന്ന് പറയാൻ കഴിയില്ലെന്നും കൊച്ചിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ കോടിയേരി പറഞ്ഞു.
നടിയെ ആക്രമിച്ച കേസിലെ പ്രതിയായ ദിലീപിന് കോൺഗ്രസ് നേതാക്കളുമായിട്ടാണ് അടുത്ത ബന്ധമുള്ളതെന്നും കോടിയേരി ബാലകൃഷ്ണൻ ആരോപിച്ചു. ദിലീപിന് ഏറ്റവും അടുത്തബന്ധം ആരുമായിട്ടാണെന്ന് ആലുവയിലെ ജനങ്ങളോട് ചോദിച്ചാൽ അറിയാമെന്നും കോടിയേരി വ്യക്തമാക്കി. കേസിൽ പഴുത്തടച്ച അന്വേഷണമാണ് നടക്കുന്നതെന്നും കോടിയേരി കൂട്ടിച്ചേർത്തു.
'പ്രതിയായ ഒരാൾക്ക് ഏറ്റവും കൂടുതൽ ബന്ധം ആരുമായിട്ടാണെന്ന് ജനങ്ങൾക്ക് പറഞ്ഞുകൊടുക്കേണ്ട കാര്യമില്ല. ഇക്കാര്യം ആലുവയിൽ അന്വേഷിച്ച് നോക്കിയാൽ അറിയാം. ആലുവ നഗരസഭ ഉദ്ഘാടനത്തിന് ക്ഷണിച്ചത് ആരെയായിരുന്നു. അന്ന് സെൽഫി എടുത്ത ഒരാൾ രാജ്യസഭാ അംഗമായി മാറിയില്ലേ. ഞങ്ങൾ എല്ലാ കാലത്തും ഇരകൾക്കൊപ്പം തന്നെയാണ്. കേസിൽ കൃത്യമായ അന്വേഷണമാണ് നടത്തിയത്. ആ സമയത്ത് കോൺഗ്രസ് പ്രതികരണം എന്തായിരുന്നു. പ്രതികരണം പോലുമില്ല. ഇപ്പോൾ തെരഞ്ഞെടുപ്പ് മുന്നിൽ കൊണ്ടാണ് പ്രശ്നം ഉയർത്തിയത്.''-കോടിയേരി പറഞ്ഞു.
തൃക്കാക്കര ഉപതെരഞ്ഞടുപ്പ് മുൻപിൽ കണ്ടാണ് അതിജീവിതയുടെ പ്രശ്‌നമുയർത്തിപ്പിടിച്ച് കോൺഗ്രസ് നടക്കുന്നത്. അത് അവർക്ക് തന്നെ തിരിച്ചടിയായി മാറും. അതിജീവിത ആവശ്യപ്പെടുന്നയാളെ പബ്ലിക് പ്രോസികൂട്ടറാക്കാമെന്നു പറഞ്ഞ സർക്കാരാണിത്. അവർ പറഞ്ഞാളെയാണ് പ്രോസിക്യൂട്ടറാക്കിയത്. അതിജീവിതയുടെ താത്പര്യത്തിനാണ് സർക്കാർ മുൻഗണന നൽകിയതെന്നും കോടിയേരി പറഞ്ഞു.
ആക്രമണത്തിന് ഇരയായ നടിയുടെ ആവശ്യം പരിഗണിച്ചാണ് വനിതാ ജഡ്ജിയെ വച്ചത്. കേസുമായി ബന്ധപ്പെട്ട് എന്ത് വീഴ്ചയാണ് ഇക്കാര്യത്തിൽ സർക്കാർ ചെയ്തത്. കേസിന്റെ വിചാരണ അന്തിമഘട്ടത്തിലാണ് മറ്റൊരു കേസ് ഉയർന്നുവന്നത്. അതാണ് ഈ കേസിന്റെ ഗതിതന്നെ മാറ്റിയിട്ടുള്ളത്. അല്ലെങ്കിൽ ഇതിനകം റിപ്പോർട്ട് സമർപ്പിക്കുമായിരുന്നെന്നും കോടിയേരി പറഞ്ഞു.
സംസ്ഥാന ചലച്ചിത്രോത്സവത്തിൽ അതിജീവിതയെ പങ്കെടുപ്പിച്ച് മുഖ്യാതിഥിയാക്കിയ സർക്കാരാണ് കേരളത്തിലെ ഗവൺമെന്റ്. അതിജീവിതയ്‌ക്കൊപ്പം നിന്ന സർക്കാരിനെ അവർ അധിക്ഷേപിച്ചത് ശരിയാണോ?. ആ പരിപാടിയിൽ പങ്കെടുപ്പിച്ച് സർക്കാർ നൽകിയ സന്ദേശം അതിജീവിതയ്‌ക്കൊപ്പമാണെന്നതാണ്. അത്തരത്തിൽ ഒരു നിലപാട് സ്വീകരിച്ചവരാണ് എൽഡിഎഫ് സർക്കാർ.
യുഡിഎഫിന്റെ ഇപ്പോഴത്തെ പ്രചാരവേലയ്ക്ക് അൽപായുസേ ഉണ്ടാകു. നടിയുടെ ഹർജി കോടതി പരിഗണിക്കട്ടെ. അഭിഭാഷകന്മാർക്ക് എല്ലാ നേതാക്കന്മാരുമായി ബന്ധമുണ്ടാകും. അവർ ഒരു പാർട്ടിയുടെയും ആളുകളല്ല. അഭിഭാഷകരെ ചോദ്യം ചെയ്യേണ്ട കാര്യം അന്വേഷണസംഘമാണ് തീരുമാനിക്കേണ്ടതെന്നും കോടിയേരി പറഞ്ഞു.
തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് അട്ടിമറി വിജയം നേടും. യുഡിഎഫിന്റെ ശക്തികേന്ദ്രമായ അരുവിക്കരയിൽ കഴിഞ്ഞ തവണ എൽഡിഎഫ് വിജയിച്ചു കയറിയതുപോലെ ഇത്തവണ തൃക്കാക്കരയിലും അട്ടിമറി വിജയം നേടുമെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
തൃക്കാക്കരയിൽ എൽഡിഎഫ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചതോടെ മണ്ഡലത്തിൽ എൽഡിഎഫ് തരംഗമുണ്ടായി. ഡോക്ടർ ജോ ജോസഫിന് അനുകൂലമായ നല്ല പ്രതികരണങ്ങളാണ് ഉണ്ടായത്. ഇതെല്ലാം വോട്ടായി മാറ്റാനുള്ള രാഷ്ട്രീയ പ്രവർത്തനവും സംഘടനാ പ്രവർത്തനവും മണ്ഡലത്തിൽ നടക്കുന്നു. എന്നാൽ എൽഡിഎഫിനെതിരായ അവിശുദ്ധ കൂട്ടുക്കെട്ടുണ്ടാക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നത്.
യുഡിഎഫ് സ്ഥാനാർത്ഥി ബിജെപി ഓഫീസിൽ പോയി കുമ്മനം രാജശേഖരനോട് വോട്ടഭ്യാർത്ഥിച്ചത് കോൺഗ്രസ് നേതൃത്വവും ബിജെപി നേതൃത്വവും കൂട്ടിയാലോചിച്ച് നടത്തിയ പ്രവർത്തനമാണ്. സിപിഎം സെമിനാറിൽ പങ്കെടുത്ത കെ വി തോമസിനെ പുറത്താക്കിയ കോൺഗ്രസ്, ബിജെപി ഓഫീസിൽ പോയി വോട്ടഭ്യർത്ഥിച്ച തൃക്കാക്കര യുഡിഎഫ് സ്ഥാനാർത്ഥിക്കെതിരെ നടപടിയെടുക്കുമോ എന്നും അദ്ദേഹം ചോദിച്ചു.
ഇത് ഒറ്റപ്പെട്ട സംഭവമല്ല. കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് തൃപ്പൂണിത്തുറയിൽ രണ്ട് സീറ്റിൽ ബിജെപി സ്ഥാനാർത്ഥികൾ വിജയിച്ചത്. അതിന്റെ പ്രത്യുപകാരമായി കുറേ വോട്ട് കോൺഗ്രസിന് അനുകൂലമാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ബിജെപിയുമായി മാത്രമല്ല എസ്ഡിപിഐയുമായെയും കൂടെനിർത്തി വിശാല ഇടതുവിരുദ്ധ മുന്നണി ഉണ്ടാക്കാനാണ് ശ്രമിക്കുന്നത്. ഈ നീക്കങ്ങൾ ഒന്നും വിജയിക്കാൻ പോവുന്നില്ല. തൃക്കാക്കരയിലെ വോട്ടർമാർ വിദ്യാസമ്പന്നരും രാഷ്ട്രീയ കാഴ്പാടുള്ളവരുമാണ്. അതുകൊണ്ട് തന്നെ ഇത്തരം നീക്കങ്ങൾ പരാജയപ്പെടുത്തി ഡോ ജോ ജോസഫ് തൃക്കാക്കരയിൽ വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു
വിസ്മയ കേസിലെ കോടതിവിധി പൊലീസിന്റെ തൊപ്പിയിലെ പൊൻതൂവൽ ആണ്. കേസ് നടത്തിപ്പിലെ ജാഗ്രത ആണ് ഇത് കാണിക്കുന്നത്. സ്ത്രീ സുരക്ഷയിൽ ശക്തമായ നടപടി സർക്കാർ സ്വീകരിക്കുന്നു എന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ