കൊച്ചിയിൽ യുവനടിയെ ആക്രമിച്ച കേസിൽ ദൃശ്യങ്ങൾ പകർത്തിയെന്നു സംശയിക്കുന്ന മെമ്മറി കാർഡ്, കൊച്ചി കാക്കനാട്ടുള്ള 'ലക്ഷ്യ' എന്ന സ്ഥാപനത്തിൽ ഏൽപ്പിച്ചതായി മൊഴി. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റു ചെയ്ത മുഖ്യപ്രതി പൾസർ സുനിയാണ് ഇപ്രകാരം മൊഴി നൽകിയത്. കൂട്ടുപ്രതി വിജീഷാണ് മെമ്മറി കാർഡ് കൈമാറിയതെന്നാണ് സുനി നൽകിയിരിക്കുന്ന മൊഴി. അതിക്രമത്തിന്റെ ദൃശ്യങ്ങൾ ഈ മെമ്മറി കാർഡിൽ ഉണ്ടെന്നാണ് സൂചന. നടി കാവ്യാ മാധവന്റെ ഉടമസ്ഥതയിലുള്ള ഓൺലൈൻ വസ്ത്രവ്യാപാര സ്ഥാപനമാണു 'ലക്ഷ്യ'.

പൊലീസ് ഉദ്യോഗസ്ഥർക്ക് ജയിലിൽവച്ചു നൽകിയ മൊഴിയിലാണ് പൾസർ സുനി നിർണായക വെളിപ്പെടുത്തൽ നടത്തിയത്. എന്നാൽ, ആരെയാണ് മെമ്മറി കാർഡ് ഏൽപ്പിച്ചതെന്ന കാര്യത്തിൽ വ്യക്തതയില്ല. കഴിഞ്ഞ ദിവസം അന്വേഷണ സംഘം 'ലക്ഷ്യ'യിൽ പരിശോധന നടത്തിയത് ഈ മെമ്മറി കാർഡ് തേടിയാണെന്നാണ് സൂചന. പരിശോധനയിൽ മെമ്മറി കാർഡ് കണ്ടെടുക്കാനായിട്ടില്ലെന്നാണ് വിവരം. അതേസമയം, അന്വേഷണം വഴിതെറ്റിക്കുന്നതിന് വേണ്ടിയാണോ ഇത്തരമൊരു മൊഴിയെന്നും പൊലീസ് സംശയിക്കുന്നുണ്ട്.

കൊച്ചി കാക്കനാട്ടുള്ള ലക്ഷ്യയിൽ ശനിയാഴ്ചയാണ് പൊലീസ് പരിശോധന നടത്തിയത്. യുവനടിയെ തട്ടിക്കൊണ്ടുപോയി അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയ കേസിലെ ഗൂഢാലോചന അന്വേഷിക്കുന്ന സംഘത്തിലെ സിഐയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരാണു ഓൺലൈൻ വസ്ത്ര വ്യാപാര സ്ഥാപനമായ 'ലക്ഷ്യ'യുടെ ഓഫിസിൽ പരിശോധന നടത്തിയത്. രാവിലെ 11നു തുടങ്ങിയ പരിശോധന ഉച്ചയ്ക്കു രണ്ടു വരെ നീണ്ടു. പണമിടപാടുകളും കംപ്യൂട്ടറിലെ വിവരങ്ങളും സിസിടിവി ദൃശ്യങ്ങളും ഉൾപ്പെടെ പൊലീസ് പരിശോധിച്ചിരുന്നു.

നടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിന്റെ പേരിൽ നടൻ ദിലീപിനെ ബ്ലാക്‌മെയ്ൽ ചെയ്തു പണം ചോദിച്ചു ജയിലിൽനിന്നു പ്രതി സുനിൽ കുമാർ എഴുതിയ കത്തിൽ 'കാക്കനാട്ടെ ഷോപ്പി'നെക്കുറിച്ച് പരാമർശമുണ്ടായിരുന്നു. ഇതു സംബന്ധിച്ചു സുനിൽ നൽകിയ വിശദമായ മൊഴിയിലാണ് മെമ്മറി കാർഡ് ലക്ഷ്യയിൽ ഏൽപ്പിച്ചെന്ന വെളിപ്പെടുത്തലുള്ളത്.

കുറ്റകൃത്യത്തിനു ശേഷം കാക്കനാട്ടെ കടയിലെത്തിയതായി കത്തിൽ രണ്ടിടത്തു സുനിൽ പരാമർശിക്കുന്നുണ്ട്. ഇതേക്കുറിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണു സ്ഥാപനത്തിൽ പരിശോധന നടത്താൻ തീരുമാനിച്ചത്. നടിയെ ആക്രമിച്ചതിന്റെ പിറ്റേന്ന് ഒളിവിൽപോകും മുൻപാണു പ്രതി കാക്കനാട്ടെ കടയിലെത്തിയതായി മൊഴി നൽകിയത്. അപ്പോൾ ദിലീപ് ആലുവയിലാണെന്നു മറുപടി ലഭിച്ചതായും പറഞ്ഞു. കഴിഞ്ഞ ദിവസം ദിലീപിന്റെ മൊഴി രേഖപ്പെടുത്തിയ അന്വേഷണസംഘം ഇതുസംബന്ധിച്ചും ചില കാര്യങ്ങൾ തിരക്കിയിരുന്നു.