കൊച്ചി: കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായ നടൻ ദിലീപിന്റെ ഭാര്യ കാവ്യ മാധവനെ ചോദ്യം ചെയ്തതിൽ നിന്നു പൊലീസിന് നിർണായക വിവരങ്ങളെന്നാണ് പുറത്തുവരുന്ന സൂചനകൾ. വനിതാ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ അന്വേഷണ ഉദ്യോഗസ്ഥരായ ബിജു പൗലോസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കാവ്യയെ ചോദ്യം ചെയ്തത്.  ചോദ്യം ചെയ്യലിനോട് നടിയും സഹകരിച്ചു എന്നാണ് പുറത്തുവരുന്ന വിവരം. മുമ്പ് ദിലീപിനെ അറസ്റ്റു ചെയ്തതു പോലെ വളരെ സമർത്ഥമായ നീക്കങ്ങളാണ് ഇന്ന് പൊലീസിന്റെ ഭാഗത്തു നിന്നും ഉണ്ടായത്.

ആറ് മണിക്കൂർ നടിയെ ചോദ്യം ചെയ്തുവെന്ന വിവരം മാധ്യമങ്ങൾ പോലും അറിഞ്ഞത് വളരെ വൈകിയാണ്. രാവിലെ 11 മണിക്ക് ദിലീപിന്റെ ആലുവയിലുള്ള തറവാട് വീട്ടിൽ പൊലീസ് എത്തിയത് പ്രത്യേക ചോദ്യാവലി തയ്യാറാക്കിയായിരുന്നു. എന്നാൽ, കാവ്യയെ ചോദ്യം ചെയ്യുന്ന വിവരം മാധ്യമങ്ങൾ ആരുമറിയാതിരിക്കാൻ അന്വേഷണ സംഘം പ്രത്യേകം ശ്രദ്ധിച്ചു. കേസുമായി ബന്ധപ്പെട്ട് ദിലീപും മറ്റ് പ്രതികളും നൽകിയ മൊഴിയെ അടിസ്ഥാനമാക്കിയാണ് പൊലീസ് കാവ്യയെ ചോദ്യം ചെയ്തത്. ദിലീപിന്റെ മുൻഭാര്യ മഞ്ജു വാര്യർ നൽകിയ മൊഴിയെ അടിസ്ഥാനമാക്കിയും ചോദ്യങ്ങളുണ്ടായിരുന്നു എന്നാണ് അറിയുന്നത്. നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയെ കുറിച്ച് അറിവുണ്ടോ എന്നത് അടക്കമുള്ള ചോദ്യങ്ങളും ചോദ്യാവലിയിൽ ഉണ്ടായിരുന്നു.

നടിയെ ആക്രമിച്ച ദൃശ്യങ്ങൾ കാവ്യയുടെ വസ്ത്രവ്യാപാര സ്ഥാപനമായ ലക്ഷ്യയിലെത്തിച്ചെന്ന് സുനിൽകുമാർ മൊഴി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സുനിലിനെ അറിയാമോ എന്നത് അടക്കമുള്ള കാര്യങ്ങൾ പൊലീസ് തിരക്കിയതായാണ് അറിയുന്നത്. ലക്ഷ്യയിൽ നിന്നും പൾസർ സുനിക്ക് രണ്ടരലക്ഷം രൂപ നൽകിയതായും പൊലീസ് കണ്ടെത്തിയിരുന്നു. എന്നാൽ ആ ദിവസങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ ഇല്ലെന്ന മറുപടിയായിരുന്നു പരിശോധനയ്ക്കിടെ സ്ഥാപനത്തിലെ ജീവനക്കാർ അറിയിച്ചത്. ഇക്കാര്യങ്ങളെല്ലാം കാവ്യയിൽ നിന്നും അന്വേഷണ സംഘം വിശദമായി ചോദിച്ചറിഞ്ഞു.

മൊഴിയെടുത്തതിന് ശേഷം പൊലീസ് ഉദ്യോഗസ്ഥർ ആലുവ പൊലീസ് ക്ലബിൽ യോഗം ചേർന്ന് വിലയിരുത്തൽ നടത്തി. കേസിൽ നിർണായക വഴിത്തിരിവാണ് കാവ്യയെ ചോദ്യം ചെയ്തതിലൂടെയുണ്ടായിരിക്കുന്നതെന്നാണ് സൂചന. ചോദ്യം ചെയ്യലിനോട് താരം പൂർണമായും സഹകരിച്ചെന്നാണ് പൊലീസ് വൃത്തങ്ങൾ നൽകുന്ന സൂചന.

നടിയെ ആക്രമിക്കാൻ കാരണം മഞ്ജുവാര്യരുമായുള്ള കുടുംബബന്ധത്തിലുണ്ടായ തകർച്ചയും നടി അതിന് കാരണക്കാരിയായെന്നുള്ള വൈരാഗ്യത്തിലുമാണെന്നാണ് പൊലീസിന്റെ നിഗമനം. അതുകൊണ്ട് തന്നെ വൈരാഗ്യത്തിന് ഇടയാക്കിയ സംഭവങ്ങളെ കുറിച്ചും കാവ്യയിൽ നിന്നും ചോദിച്ചറിഞ്ഞു. ദിലീപിന് കാവ്യവുമായി വിവാഹത്തിന് മുമ്പും ശേഷവുമുള്ള ബന്ധങ്ങളും ദിലീപും നടിയുമായി ഉണ്ടായിരുന്ന ബന്ധങ്ങളെല്ലാം പൊലീസ് ചോദിച്ചറിഞ്ഞിട്ടുണ്ട്. കൂടാതെ ഭൂമിയിടപാട് സംബന്ധിച്ച കാര്യങ്ങളിലും വിശദമായ മൊഴിയെടുത്തു.

നടിയെ അപമാനിക്കുന്ന ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ് അന്വേഷണം ഊർജിതമാക്കുന്നത്. ഈ സാഹചര്യത്തിലാണ് കാവ്യയെയും അമ്മയെയും പൊലീസ് ചോദ്യം ചെയ്തത്. ദിലീപും കാവ്യാമാധവനും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് വിവരങ്ങൾ കൈമാറിയത് ആക്രമിക്കപ്പെട്ട നടിയാണെന്നായിരുന്നു നേരത്തെ മഞ്ജുവാര്യർ നൽകിയ മൊഴി. ഇക്കാര്യം അറിഞ്ഞതോടെ ആ പൊട്ടിപ്പെണ്ണ് പറയുന്നത് വിശ്വസിക്കരുതെന്ന് ' ദിലീപ് പറഞ്ഞതായും അന്വേഷണസംഘത്തിന് നൽകിയ മൊഴിയിൽ മഞ്ജു വ്യക്തമാക്കിയിരുന്നു.

ദിലീപ് അറസ്റ്റിലാകുന്നതിന് മുമ്പ് കൊച്ചിയിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിൽ വച്ചാണ് മഞ്ജുവാര്യരുടെ മൊഴി എ.ഡി.ജി.പി ബി. സന്ധ്യ രേഖപ്പെടുത്തിയത്. ആക്രമിക്കപ്പെട്ട നടിയും താനും അടുത്ത സുഹൃത്തുക്കളാണ്. അതിനാലാണ് ദിലീപും കാവ്യയും തമ്മിലുള്ള ബന്ധം വ്യക്തമായതോടെ അറിയിച്ചത്. 2012 മുതൽ കാവ്യയുമായി ദിലീപ് അടുപ്പത്തിലാണെന്ന് മനസിലായി. പിന്നീട് ദിലീപുമായുള്ള കുടുംബബന്ധം തകർന്നു. നടിയെ ആക്രമിച്ച സംഭവത്തിൽ ദിലീപേട്ടൻ കുറ്റക്കാരനാകരുതേയെന്ന് പ്രതീക്ഷിക്കുന്നതായും മൊഴിയിൽ പറയുന്നു. ഈ സാഹചര്യത്തിലാണ് ദിലീപിന് നടിയോട് പകയക്ക് ഇടയാക്കിയത് കുടുംബബന്ധം തകർത്തതിനാലാണെന്നാണ് പൊലീസ് വിശദീകരിക്കുന്നത്.

ഇതിന് ബലമേകുന്ന സാക്ഷിമൊഴിക്ക് വേണ്ടിയാണ് മുൻഭാര്യയായ മഞ്ജുവാര്യരിൽ നിന്ന് വിവരങ്ങൾ തേടിയത്. മഞ്ജുവിന്റെ മൊഴിയെ അടിസ്ഥാനമാക്കി കാവ്യയിൽ നിന്നും പൊലീസ് കൂടുതൽ വിവരങ്ങൾ ചോദിച്ചറിഞ്ഞു. അതേസമയം അമേരിക്കൻ ഷോയാണ് എല്ലാത്തിനും കാരണം. അന്ന് ദിലീപിനൊപ്പം കാവ്യാ മാധവനും ഉണ്ടായിരുന്നു. വഴിവിട്ട ബന്ധം സിനിമാ മേഖലയിൽ ആകെ പാട്ടായി. മഞ്ജു വാര്യരുടെ സുഹൃത്തുക്കളും എല്ലാം അറിഞ്ഞു. അവർ ആദ്യം മഞ്ജുവിന്റെ ശ്രദ്ധയിൽ ഇതു കൊണ്ടു വന്നുവെങ്കിലും അത് ശരിയാണെന്ന് ബോധ്യപ്പെടുത്താൻ കഴിഞ്ഞില്ല.

ഇതിനിടെയാണ് ആക്രമിക്കപ്പെട്ട നടിയുടെ വരവ്. അമേരിക്കൻ യാത്രയിൽ ദിലീപിനൊപ്പമുണ്ടായിരുന്ന നടി എല്ലാം മഞ്ജുവിനോട് പറഞ്ഞു. തെളിവുകൾ കൈമാറി. ഇതോടെ ഭർത്താവായിരുന്ന ദിലീപിനെ മഞ്ജു ചോദ്യം ചെയ്തു. എനിക്ക് രണ്ട് പേരേയും വേണമെന്നായിരുന്നുവ്രേത ദിലീപിന്റെ മറുപടി. ഈ സാഹചര്യത്തിലേക്ക് കാര്യങ്ങളെത്തിച്ച നടിയേയും ദിലീപിന് തിരിച്ചറിയാൻ പ്രയാസമുണ്ടായിരുന്നില്ല. അങ്ങനെ ഒരുകാലത്ത് തന്റെ അടുത്ത സുഹൃത്തായിരുന്ന നടിയോടുള്ള വിരോധം തുടങ്ങി. വിവാഹ മോചനത്തിലെ വൈരാഗ്യമാണ് നടിയെ ആക്രമിച്ച സംഭവത്തിലേക്ക് നയിച്ചത്.