കൊച്ചി: ആർഭാട ജീവിതത്തിനു പണം കണ്ടെത്താനായി ഏതെങ്കിലും സെലിബ്രിറ്റിയെ തട്ടിക്കൊണ്ടുപോയി ദൃശ്യങ്ങൾ പകർത്താനാണു ലക്ഷ്യമിട്ടതെന്നും അതിൽ യുവനടി വന്നു വീഴുകയായിരുന്നെന്നും കഥയുണ്ടാക്കി തട്ടിക്കൊണ്ട് പോകൽ കേസ് അവസാനിപ്പിക്കാൻ പൊലീസിൽ ധാരണയെന്ന് റിപ്പോർട്ട്.

ഇതിന്റെ ഭാഗമായി സുനിയുടേതെന്ന് പറയുന്ന മൊഴി ചില മാദ്ധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടു. നടി റിമാ കല്ലിങ്കലിനെ മുമ്പ് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചിരുന്നെന്നും എന്നാൽ ശ്രമം പാളിയതായും സുനി പൊലീസിനോടു പറഞ്ഞു. തട്ടിക്കൊണ്ടുപോകൽ വീഡിയോ പകർത്തിയ ശേഷം ബ്ലാക്ക്മെയിൽ ചെയ്ത് പണം തട്ടാനായിരുന്നെന്നും ക്വട്ടേഷനല്ലെന്നും സുനി പൊലീസിനോട് പറഞ്ഞു. ബുധനാഴ്ച കൊച്ചിയിലെത്തിയെന്നും അന്നും കോടതിയിൽ കീഴടങ്ങാൻ ശ്രമം നടത്തിയതായും സുനി പൊലീസിനോട് സമ്മതിച്ചെന്നാണ് റിപ്പോർട്ട്. തട്ടിക്കൊണ്ട് പോയ നടിയെ തെറ്റിധരിപ്പിക്കാനാണ് ക്വട്ടേഷൻ വാദമുയർത്തിയതെന്നും അതിലൊന്നുമില്ലെന്നുമാണ് സുനി പൊലീസിന് നൽകിയ മൊഴി. മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥയാണ് ഇതെല്ലാമെന്ന വാദത്തിന് ശക്തി പകരുന്ന തരത്തിലാണ് കാര്യങ്ങളുടെ പോക്ക്.

എറണാകുളം റേഞ്ച് ഐ.ജി: പി. വിജയൻ, ക്രൈം ബ്രാഞ്ച് ഐ.ജി. ദീനേന്ദ്ര കശ്യപ്, എറണാകുളം റൂറൽ എസ്‌പി: എ.വി. ജോർജ് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ വിശദമായ ചോദ്യംചെയ്‌ലിയലാണ് സുനി ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയതെന്നാണ് പൊലീസ് പറയുന്നത്. നടിയുടെ ഡ്രൈവറായിരുന്ന മാർട്ടിനുമായി ഒരുമാസത്തിലേറെയായി ഗൂഢാലോചന നടത്തിയിരുന്നെന്നും സുനി വെളിപ്പെടുത്തി. കടവന്ത്രയിൽ സ്ഥാപനം നടത്തുന്ന കാമുകി ഷൈനി തോമസിന് ലക്ഷക്കണക്കിനു രൂപ നൽകിയിട്ടുള്ളതായി സുനി സമ്മതിച്ചു. ഒറ്റത്തവണ 10 ലക്ഷം രൂപ വരെ നൽകിയിട്ടുണ്ട്. എന്നാൽ നടിയെ തട്ടിക്കൊണ്ടുപോകൽ ഗൂഢാലോചനയിൽ ഷൈനി തോമസിനു പങ്കുണ്ടോയെന്ന് ഇയാൾ വ്യക്തമാക്കിയിട്ടില്ല.

ഷൈനിയെ പൊലീസ് ഉടൻ കസ്റ്റഡിയിലെടുത്തു കഴിഞ്ഞു. യുവതികളെ ചതിച്ച് നീലച്ചിത്ര നിർമ്മാണം നടത്തിയതായി പൊലീസിന് ബലമായ സംശയമുണ്ട്. ഇവരെ ബ്ലാക്ക്മെയിൽ ചെയ്ത് തട്ടിയെടുത്ത ലക്ഷങ്ങളിൽ ഒരു പങ്കാണ് സുനി, ഷൈനിക്ക് നൽകിയതത്രേ. കേസിലെ ഗൂഢാലോചന ഇവരെ പിടികൂടിയെന്ന് കാട്ടിയ ശേഷം അവസാനിപ്പിക്കും. പിന്നീട് ഇവരെ പ്രതിചേർക്കാതെ കേസ് അവസാനിപ്പിക്കും. ഈ കേസിൽ ഷൈനിക്ക് ബന്ധമില്ലെന്ന് വരുത്തിയാകും ഇത്. നടിയെ ഉപദ്രവിച്ചശേഷം നാളെ കാലത്ത് 10 മണിക്ക് കാണണം എന്നു ഭീഷണിപ്പെടുത്തിയാണ് വിട്ടത്. സെലിബ്രിറ്റിയായതിനാൽ അപമാനവും തൊഴിലിൽ ഉണ്ടാകാവുന്ന പ്രതിസന്ധികളും ഭയന്ന് പൊലീസിനെ സമീപിക്കില്ലെന്നാണു കരുതിയിരുന്നത്.

അഞ്ചുവർഷം മുമ്പ് നടി മേനകാ സുരേഷ്‌കുമാറിനെ തട്ടിക്കൊണ്ടുപോകാൻശ്രമിച്ചപ്പോൾ പോലും പരാതിയുണ്ടാകാതിരുന്നത് പ്രചോദനമായി. മറ്റു പലരേയും ഇതുപോലെ ചതിച്ചു പണമുണ്ടാക്കിയിട്ടുണ്ട്. യുവനടിയുടെ കാര്യത്തിലും അതുതന്നെ സംഭവിക്കുമെന്നാണ് കരുതിയത്.എന്നാൽ, നടൻ ലാലിന്റെ വീട്ടിൽനിന്നു പൊലീസിനെ വിവരമറിയിച്ചതോടെ കാര്യങ്ങൾ കൈവിട്ടുപോയെന്ന് മനസിലായി. പൊലീസ് അന്വേഷണം തുടങ്ങിയതോടെ മുങ്ങുകയായിരുന്നെന്ന് സുനി വ്യക്തമാക്കിയെന്നും പൊലീസ് പറയുന്നു. ഇതോടെ സിനിമയിലെ ഗൂഢാലോചനാ വാദവും അപ്രസക്തമാകുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ.

നടിയുടെ പരാതിയിലെ ചില പരാമർശങ്ങളും കൂട്ടുപ്രതികൾ നൽകിയ മൊഴിയും ഇത് മറ്റാരോ ആസൂത്രണംചെയ്ത ക്വട്ടേഷനാണെന്ന സൂചനയാണ് നൽകുന്നത്. സംഭവശേഷം ഒരു വീടിന്റെ മതിൽചാടി സുനി ഒറ്റയ്ക്ക് പോകുന്നതിന്റെ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. മറ്റ് പ്രതികളെ ഒഴിവാക്കി സുനി ആരെയാണ് കണ്ടതെന്നോ ഇവർ തമ്മിലുള്ള ബന്ധം എന്താണെന്നോ ഇനിയും വ്യക്തമായിട്ടില്ല. ഒരു സുഹൃത്തിനെ കാണാൻ പോയതാണെന്നും ഇയാൾ മദ്യലഹരിയിലായതിനാൽ വിളിച്ചിട്ട് വാതിൽ തുറന്നില്ലെന്നുമാണ് സുനിയുടെ മൊഴി. വാതിൽ തുറക്കാത്ത സുഹൃത്തിന്റെ വീടിനു മുന്നിൽ സുനി ഇരുപത് മിനിറ്റോളം ചെലവിട്ടു എന്ന് വിശ്വസിക്കേണ്ടി വരും. ഗാന്ധിനഗർ ഭാഗത്ത് മറ്റൊരു ഫ്ലാറ്റിലും സംഘമെത്തിയതായി സൂചനയുണ്ട്. ഇതു സംബന്ധിച്ചും പൊലീസ് മൗനംപാലിക്കുകയാണ്.

സുനി മുൻകൂർ ജാമ്യത്തിന് അപേക്ഷനൽകിയ രീതിയും സംശയം ജനിപ്പിക്കുന്നതാണ്. പാസ്പോർട്ടും മൊബൈൽ ഫോണുമടക്കം അഭിഭാഷകന് സുനി കൈമാറിയിരുന്നു. ഇത് മുൻകൂട്ടി തയ്യാറാക്കിയ പദ്ധതിപ്രകാരമാണെന്ന സംശയം പൊലീസിനുണ്ട്. സുനി കീഴടങ്ങാൻ എത്തിയപ്പോഴും അഭിഭാഷകരുടെ പിന്തുണ ഉണ്ടായിരുന്നു. മറ്റാരുടെയെങ്കിലും തുണയില്ലാതെ പൊലീസിനെ വെട്ടിച്ചുള്ള ഓട്ടത്തിനിടയിൽ ഇതെല്ലാം സുനിക്ക് ഏർപ്പാടാക്കാനാവില്ല. നല്ല പരിശീലനം കിട്ടിയ മട്ടിലാണ് സുനി പൊലീസിന്റെ ചോദ്യങ്ങളെ നേരിട്ടത്. സുനിയിലും കൂട്ടുപ്രതിയിലും കേസൊതുങ്ങുന്ന മട്ടിലാണിപ്പോൾ കാര്യങ്ങൾ നീങ്ങുന്നത്.