കൊച്ചി : നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിക്കപ്പെട്ട കേസിൽ ഗൂഢാലോചനയില്ലെന്നും ക്വട്ടേഷൻ ഇല്ലെന്നും പൊലീസ് നിഗമനത്തിൽ എത്തിക്കഴിഞ്ഞു. പൾസർ സുനിയെ ഒന്നാം പ്രതിയാക്കി കുറ്റപത്രം നൽകാനാണ് നീക്കം. അതിലും ചില ആശയക്കുഴപ്പങ്ങൾ പൊലീസിന് മുന്നിലുണ്ട്. തന്നെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച് സെൽഫി ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയെന്നാണ് നടിയുടെ പരാതി. ഈ പരാതി തെളിയിക്കാൻ പൊലീസിന് ഇനിയും കഴിഞ്ഞിട്ടില്ല. സാധാരണ വക്കീലിനെ കൊണ്ട് പോലും പൾസർ സുനിയേയും കൂട്ടാളികളേയും രക്ഷിക്കാവുന്ന തരത്തിലാണ് അന്വേഷണം മുന്നോട്ട് പോകുന്നത്. പീഡന ദൃശ്യങ്ങൾ കണ്ടെടുക്കാനാവാത്തതാണ് ഇതിന് കാരണം.

പൾസർ സുനിയിൽ നിന്ന് പൊലീസിന് സത്യസന്ധമായി വിവരമൊന്നും കിട്ടിയിട്ടില്ല. നിശ്ചയിച്ചുറപ്പിച്ച തിരക്കഥയ്ക്ക് അപ്പുറം ഒരു വിവരവും പൊലീസിനോട് പൾസർ സുനി വെളിപ്പെടുത്തുന്നില്ല. 30 ലക്ഷത്തിന്റെ ഗൂഢാലോചന പോലും മാറ്റി പറഞ്ഞു. ക്വട്ടേഷൻ ഇല്ലെന്നും കൂട്ടിച്ചേർത്തു. ഇതിന് അപ്പുറം പൾസർ സുനിയുമായി ബന്ധപ്പെട്ട് തെളിവ് ശേഖരണം നടന്നില്ല. സൂപ്പർതാരമടക്കം പലർക്ക് നേരേയും സംശയ മുന നീണ്ടു. ഇവരെ കാര്യമായി ചോദ്യം ചെയ്തതുമില്ല. പൾസർ സുനിയെ പോലൊരു ക്രിമിനലിന് സിനിമയിൽ എന്തുകാര്യം എന്നതിൽ അന്വേഷണം നടന്നിരുന്നുവെങ്കിൽ പോലും കുറ്റകൃത്യം തെളിയുമായിരുന്നു. ഒരു സൂപ്പർതാരത്തെ കുറ്റവിമുക്തമാക്കി പത്രസമ്മേളനം നടത്തിയ സിനിമാക്കാരേയും ചോദ്യം ചെയ്തില്ല.

അതിനിടെ ുന്നതിന്റെ ദൃശ്യങ്ങൾ മുഖ്യപ്രതി സുനിൽകുമാർ (പൾസർ സുനി) പലരെയും കാണിച്ചെന്ന സാക്ഷി മൊഴികൾ പൊലീസ് രേഖപ്പെടുത്തി. കുറ്റകൃത്യം നടന്നതിന്റെ പിറ്റേന്നു രാവിലെ സുനിൽകുമാർ സന്ദർശിച്ച അമ്പലപ്പുഴ കാക്കാഴത്തെ സുഹൃത്തിന്റെ മൊഴി അന്വേഷണ സംഘം കോടതി മുൻപാകെ രേഖപ്പെടുത്തും. കുറ്റകൃത്യത്തിന്റെ ദൃശ്യങ്ങൾ ഇതുവരെ പൊലീസിനു കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിൽ സാക്ഷി മൊഴികൾ പ്രോസിക്യൂഷനു ബലം നൽകുമെന്നാണ് പൊലീസിന്റെ വാദം. എന്നാൽ ഈ മൊഴികൾ നിലനിൽക്കില്ലെന്ന് പൊലീസിന് തന്നെ അറിയാം. അതുകൊണ്ടാണ് മജിസ്‌ട്രേട്ടിന് മുമ്പിൽ മൊഴി രേഖപ്പെടുത്തുന്നത്. ഈ മൊഴികളെല്ലാം വിചാരണയിൽ ചോദ്യം ചെയ്യപ്പെടും. പൊലീസിന്റെ സമ്മർദ്ദത്തിൽ നൽകിയ മൊഴിയാണെന്ന് അവർക്ക് അപ്പോൾ പറയാനും കഴിയും. ഈ ദൃശ്യങ്ങൾ തെളിവായി നൽകിയാൽ മാത്രമേ ആരോപണത്തെ തെളിയിക്കാൻ പൊലീസിന് കഴിയൂ.

സുനിൽ മൊബൈൽ ക്യാമറയിൽ പകർത്തിയ ആക്രമണ ദൃശ്യങ്ങൾ ഇയാളുടെ കൂട്ടുപ്രതികളും പിന്നീടു കണ്ടിട്ടുണ്ട്. സുനിയുമായി ബന്ധപ്പെട്ടവരുടെ വീടുകളിൽ നിന്നു പൊലീസ് ഇതുവരെ കസ്റ്റഡിയിലെടുത്ത ഇലക്ട്രോണിക് ഉപകരണങ്ങളിൽ ദൃശ്യങ്ങൾ കണ്ടെത്താൻ കഴിയുമെന്നാണു പൊലീസിന്റെ പ്രതീക്ഷ. പിടിച്ചെടുത്ത പെൻഡ്രൈവുകളും മെമ്മറി കാർഡുകളും പൊലീസിന്റെ കംപ്യൂട്ടറിൽ പരിശോധിക്കാതെയാണു കോടതി വഴി സൈബർ ഫൊറൻസിക്ക് വിഭാഗത്തിനു കൈമാറിയത്. എന്നാൽ ഈ ദൃശ്യങ്ങൾ സൂക്ഷിച്ചിരുന്ന വസ്തുക്കളെല്ലാം നശിപ്പിക്കാൻ അവസരം നൽകിയ ശേഷമാണ് പൾസർ സുനി പൊലീസിന് കീഴടങ്ങിയത്. അതുകൊണ്ട് തന്നെ ഈ ദൃശ്യമെല്ലാം ആർക്കും പിടിച്ചെടുക്കാൻ കഴിയാത്ത അകലത്തിലായിക്കാണുമെന്ന് വിലയിരുത്തുന്നവരുമുണ്ട്.

ഇപ്പോൾ പിടിച്ചെടുത്ത തെളിവുകളിൽ ഒരുതരത്തിലുള്ള തകരാറുകളും സംഭവിക്കാതെ കോടതിയിൽ സമർപ്പിക്കാനാനായിരുന്നു ഈ നടപടി. പ്രതി സുനിലിന്റെ കസ്റ്റഡി കാലാവധി ആറു ദിവസം പിന്നിട്ടെങ്കിലും ആദ്യ ദിവസങ്ങളിലെ മൊഴികളിൽ നിന്നു കാര്യമായ മാറ്റം പിന്നീടുള്ള മൊഴികളിൽ വന്നിട്ടില്ല. കേസിലെ നിർണായക തെളിവായ മൊബൈൽ ഫോണിന്റെ കാര്യത്തിലാണ് ഏക മൊഴിമാറ്റം. ആദ്യം പൊന്നുരുന്നിയിലെ ഓടയിൽ ഫോൺ ഉപേക്ഷിച്ചെന്നു പറഞ്ഞ പ്രതി പിന്നീട് അതു കൊച്ചി കായലിൽ എറിഞ്ഞതായി മൊഴി മാറ്റി. ഇതിന്റെ യാഥാർഥ്യം കണ്ടെത്താൻ പൊലീസിന് ഇതുവരെ സാധിച്ചിട്ടില്ല. ആക്രമണത്തിന് ഇരയായ നടിയുടെ മൊഴിയും മറ്റു സാക്ഷി മൊഴികളും രേഖപ്പെടുത്തി വൈകാതെ കുറ്റപത്രം സമർപ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. അതിനപ്പുറത്തേക്ക് അന്വേഷണം നടക്കില്ല.

നടിയെ തട്ടിക്കൊണ്ടു പോകാനുള്ള പ്രതികളുടെ നീക്കങ്ങൾ നിരീക്ഷണ ക്യാമറകളിൽ കണ്ടെത്തിയ സാഹചര്യത്തിൽ അതിക്രമത്തിന്റെ ദൃശ്യങ്ങൾ ലഭിച്ചില്ലെങ്കിൽ പോലും പഴുതില്ലാതെ കുറ്റപത്രം സമർപ്പിക്കാൻ കഴിയുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ. തെളിവുകൾ ക്രോഡീകരിച്ചു രേഖപ്പെടുത്താൻ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ഇതോടെ വെല്ലുവിളിയും കൂടുകയാണ്. നീക്കങ്ങൾ മാത്രമാണ് സിസിടിവി ക്യാമറയിലുള്ളത്. ഇതിലൂടെ കുറ്റകൃത്യം തെളിയിക്കാൻ കഴിയില്ല. പീഡനവും ദൃശ്യങ്ങൾ രേഖപ്പെടുത്തലും തെളിയിക്കാനായില്ലെങ്കിൽ നടിയെ തട്ടിക്കൊണ്ട് പോകൽ വെറുമൊരു തട്ടിക്കൊണ്ട് പോകൽ മാത്രമായി ഒതുങ്ങും. ഈ കുറ്റം തെളിയിക്കപ്പെട്ടാലും വലിയ ശിക്ഷയൊന്നും പ്രതികൾക്ക് കിട്ടുകയുമില്ല.

നിലവിലെ സാഹചര്യത്തിൽ ശിക്ഷക്കെപ്പെട്ടാലും അത് കടുത്തതാകില്ലെന്ന് പൾസർ സുനിക്ക് അറിയാം. തിരിക്കഥയ്ക്ക് അനുസരിച്ചുള്ള മൊഴിയിൽ സുനി ഉറച്ചു നിൽക്കുന്നതും അതുകൊണ്ടാണെന്ന വിലയിരുത്തൽ സജീവമാണ്.