- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നടിയെ ആക്രമിച്ച കേസിന്റെ വിചാരണയിൽ അടിമുടി പ്രതിസന്ധി; കേസിൽ തടസ്സഹർജിയുമായി ദിലീപ് സുപ്രീംകോടതിയെ സമീപിച്ചതോടെ ഇതുവരെ നടന്നുവന്ന വിചാരണ സ്തംഭിച്ച അവസ്ഥയിൽ; കേസ് പരിഗണിച്ചപ്പോൾ 15ാം തിയ്യതിയിലേക്ക് വിചാരണ മാറ്റി; വിചാരണ മറ്റൊരു കോടതിയിലേക്കു മാറ്റാനുള്ള സർക്കാരിന്റെ ഹർജി സുപ്രീം കോടതിയുടെ പരിഗണനയിലാണെന്ന് പ്രോസിക്യൂഷൻ
കൊച്ചി: കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ വിചാരണാ നടപടികളിൽ പ്രതിസന്ധി. വിചാരണാ കോടതി മാറ്റണമെന്ന ആവശ്യവുമായി സർക്കാർ സുപ്രീംകോടതിയെ സമീപിച്ചതും ഇതിന് തടസ്സഹർജിയുമായി ദിലീപും കോടതിയിൽ പോയതോടെ ശരിക്കും പ്രതിസന്ധിയാണ് ഉടലെടുത്തിരിക്കുന്നത്. കേസിന്റെ വിചാരണ ഈമാസം 15ലേക്കു മാറ്റിയിരിക്കയാണ് വിചാരണാ കോടതി.
ഇന്നലെ കേസ് പരിഗണിച്ചപ്പോൾ വിചാരണ മറ്റൊരു കോടതിയിലേക്കു മാറ്റാനുള്ള സർക്കാരിന്റെ ഹർജി സുപ്രീം കോടതിയുടെ പരിഗണനയിലാണെന്നു പ്രോസിക്യൂഷൻ ബോധിപ്പിച്ചു. ഹർജി സുപ്രീം കോടതി 11നു പരിഗണിക്കുമെന്നും പ്രോസിക്യൂഷൻ ബോധിപ്പിച്ചു. എന്നാൽ, ഇക്കാര്യത്തിൽ പ്രതിഭാഗം സംശയം ഉന്നയിച്ചെങ്കിലും വിചാരണക്കോടതി കേസ് പരിഗണിച്ചില്ല. നടൻ ദിലീപ് ഉൾപ്പെടെ 10 പ്രതികളാണു വിചാരണ നേരിടുന്നത്.
കേസിൽ സർക്കാരിനെതിരെ തടസ ഹർജിയുമായാണ് നടൻ കോടതിയിലെത്തിയിരിക്കുന്നത്. തന്റെ ഭാഗം കേൾക്കാതെ ഉത്തരവ് ഇറക്കരുതെന്നാണ് ദിലീപിന്റെ ഹർജിയിലെ ആവശ്യം. കേസിൽ വിചാരണകോടതിയിൽ അവിശ്വാസം പ്രകടിപ്പിച്ച് കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ട് ഇരയായ നടിയും സംസ്ഥാന സർക്കാരും ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ ഹൈക്കോടതി ഈ ആവശ്യം തള്ളിക്കളഞ്ഞു.
വിചാരണ കോടതിയുമായി വിയോജിപ്പുണ്ടായിരുന്ന സ്പെഷ്യൽ പ്രോസിക്യൂട്ടർ എ.സുരേശൻ ഇതിനിടെ സ്ഥാനം രാജിവെച്ചിരുന്നു. സർക്കാരിന്റെയും നടിയുടെയും ആവശ്യം ഹൈക്കോടതി തള്ളിയതിനെ തുടർന്നാണ് സംസ്ഥാന സർക്കാർ ഇതേ ആവശ്യവുമായി സുപ്രിംകോടതിയെ സമീപിച്ചത്. ഈ ഹർജിക്കുള്ള തടസ ഹർജിയാണ് ദിലീപ് സമർപ്പിച്ചത്. വിചാരണകോടതി പക്ഷപാതപരമായി പെരുമാറുന്നു എന്ന് കാണിച്ചായിരുന്നു ആക്രമണത്തിന് ഇരയായ നടിയും സർക്കാരും മുൻപ് ഹൈക്കോടതിയെ സമർപ്പിച്ചത്.
പ്രോസിക്യൂട്ടർക്ക് കോടതിയിൽ വിശ്വാസം നഷ്ടമായ സ്ഥിതിക്ക് കോടതി മാറണമെന്ന് ഇരയായ നടി ആവശ്യപ്പെട്ടു. ഇരയുടെ വിസ്താരം പൂർത്തിയായ സ്ഥിതിക്ക് പുരുഷ ജഡ്ജിയായാലും മതിയെന്ന ആവശ്യവും ഉന്നയിച്ചിരുന്നു. എന്നാൽ ഈ വാദമെല്ലാം ഹൈക്കോടതി തള്ളി. കോടതിമാറ്റം തെറ്റായ കീഴ്വഴക്കം സൃഷ്ടിക്കുമെന്നും പ്രോസിക്യൂഷനും കോടതിയും യോജിച്ചുപോകണമെന്നും ആവശ്യപ്പെട്ടാണ് ഈ ഹർജികൾ ഹൈക്കോടതി തള്ളിയത്.
നിലവിലുള്ള ജഡ്ജിയുടെ അടുത്ത് നിന്ന് കേസ് മാറ്റാൻ ആവശ്യമായ കാരണങ്ങൾ ബോധിപ്പിക്കാനായിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വിചാരണക്കോടതി മാറ്റണമെന്ന ഹർജി ഹൈക്കോടതി തള്ളിയത്. അപ്പീൽ പോകാൻ ഒരാഴ്ചത്തേക്ക് വിചാരണ നടപടികളിൽ സ്റ്റേ വേണമെന്ന സർക്കാർ ആവശ്യം ഹൈക്കോടതി നിരസിച്ചു. വിചാരണക്കോടതിയിൽ നിന്ന് നീതി ലഭിക്കില്ലെന്ന് ചൂണ്ടിക്കാട്ടി പ്രോസിക്യൂഷനും നടിയും സമർപ്പിച്ച ഹർജികളിലാണ് കോടതി വിധി പറഞ്ഞത്. ഇരയെ അപമാനിക്കുന്ന ചോദ്യങ്ങൾ പ്രതിഭാഗത്തു നിന്ന് ഉണ്ടായിട്ടും കോടതി ഇടപെട്ടിട്ടില്ലെന്നും സാക്ഷികളുടെ മൊഴി രേഖപ്പെടുത്തണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം അവഗണിച്ചെന്നും ഹർജിയിൽ പറഞ്ഞിരുന്നു.
വിചാരണക്കോടതി ജഡ്ജിക്കെതിരെ ഇരയും പ്രോസിക്യൂഷനും പരാതി ഉന്നയിച്ചിരുന്നു. ജഡ്ജി പ്രതിക്ക് അനുകൂലമാണെന്ന് പറയാൻ എന്താണ് കാരണമെന്ന് കോടതി വാദത്തിനിടെ നടിയോട് ആരാഞ്ഞിരുന്നു. കോടതിയുടെ ഭാഗത്ത് തെറ്റായ നടപടികൾ ഉണ്ടായപ്പോൾ എന്തുകൊണ്ട് ഹൈക്കോടതിയെ സമീപിച്ചില്ലെന്നും കോടതി ചോദിച്ചിരുന്നു. എല്ലാത്തിനും എതിർപ്പ് രേഖപ്പെടുത്തേണ്ടെന്ന് തോന്നിയെന്നും എന്നാൽ അത് തെറ്റായിപ്പോയെന്ന് പിന്നീട് മനസിലായെന്നും നടിയുടെ അഭിഭാഷകൻ ബോധിപ്പിക്കുകയായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ