കൊച്ചി: നടി പീഡിപ്പിക്കപ്പെട്ട അന്വേഷണത്തിൽ ഗൂഢാലോചനയും പൊലീസ് അന്വേഷിക്കും. നടിയിൽ നിന്ന് സിനിമാ മേഖലയിലെ ശത്രുക്കളെ കുറിച്ച് പൊലീസ് മൊഴിയുടക്കാനാണ് സാധ്യത. ആറു മാസം മുമ്പ് സിനിമാ മേഖലയിൽ നിന്ന് തന്നെ ഒഴിവാക്കിയതിന് പിന്നിൽ സൂപ്പർതാരമാണെന്ന് ദേശീയ ദിനപത്രത്തിന് ആക്രമിക്കപ്പെട്ട നടി മൊഴി നൽകിയിരുന്നു. ഇതേ തുടർന്നാണ് സംഭവവുമായി ബന്ധപ്പെട്ട് ചില നിരീക്ഷണങ്ങൾ സോഷ്യൽ മീഡിയ ഉയർത്തിയത്. എന്നാൽ സിനിമയിലെ സ്വാധീനം ഉപയോഗിച്ച് അന്വേഷണം അട്ടിമറിക്കാനാണ് ശ്രമം നടത്തിയത്. ഇതിനായി മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകൾ പോലും തെറ്റായി വ്യാഖ്യാനിച്ചു. സംഭവത്തിൽ ഗൂഢാലോചനയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞതായി വാർത്തയെത്തി. ഇതിനിടെയാണ് അങ്ങനെയൊന്ന് പറഞ്ഞിട്ടില്ലെന്നും എല്ലാം അന്വേഷിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞത്.

നടി പീഡിപ്പിക്കപ്പെട്ട അന്വേഷണം ആഭ്യന്തര വകുപ്പിനെതിരെ തിരിക്കാൻ പ്രതിപക്ഷം ശ്രമിക്കുന്നുണ്ട്. നടി ആക്രമിക്കപ്പെട്ട് നിമഷങ്ങൾക്ക് അകം ലാലിന്റെ വീട്ടിൽ എംഎൽഎ പിടി തോമസ് എത്തിയിരുന്നു. അദ്ദേഹത്തിന്റെ ഇടപെടലാണ് അന്വേഷണത്തിന് സാഹചര്യമൊരുക്കിയത്. ഇതുമായി ബന്ധപ്പെട്ട് എല്ലാം പിടി തോമസിന് അറിയാം. നടി ആദ്യം മനസ്സ് തുറന്നത് കോൺഗ്രസ് എംഎൽഎയോടാണ്. അതുകൊണ്ട് തന്നെ ഗൂഢാലോചന വാദത്തിലും പിടി തോമസിന് വ്യക്തമായ അറിവുണ്ട്. ഈ സാഹചര്യത്തിൽ നിയമസഭയിൽ പിടി തോമസ്, ഈ വിഷയം ഉയർത്തും. അതുകൊണ്ട് തന്നെ ഗൂഢാലോചനയിൽ അട്ടിമറിയുണ്ടായാൽ കാര്യങ്ങൾ കൈവിട്ടു പോകും. അതുകൊണ്ട് നടിയിൽ നിന്ന് സംശയമുള്ളവരെ കുറിച്ചെല്ലാം പൊലീസ് മൊഴിയെടുക്കും. പൾസർ സുനി ഗൂഢാലോചനയെ കുറിച്ച് മിണ്ടാത്ത സാഹചര്യത്തിലാണ് ഇത്. സിനിമയിലെ കഞ്ചാവിന്റെ ദുരുപയോഗവും അന്വേഷിക്കും.

മാസങ്ങൾക്ക് മുമ്പാണ് നടിയുടേതായി അഭിമുഖം ദേശീയ മാദ്ധ്യമത്തിലെത്തിയത്. ഒരു നടന്റെ കുടുംബപ്രശ്‌നത്തിൽ ഇടപെട്ടതാണ് തന്നെ സിനിമയിൽ നിന്ന് ഒഴിവാക്കാൻ കാരണമെന്നായിരുന്നു നടിയുടെ വിശദീകരണം. ഇത് തിയേറ്റർ ഉടമയായിരുന്ന ലിബർട്ടി ബഷീറും ശരിവച്ചു. സിനിമാ മേഖലയിലെ പലരും ഇതേ അഭിപ്രായക്കാരായിരുന്നു. ഇതേ ഗൂഢാലോചനയുടെ ഇരായാണ് താനെന്ന് സംവിധായകൻ അലി അക്‌ബറും വെളിപ്പെടുത്തി. എന്നാൽ ഈ വിവാദങ്ങൾക്ക് പൊലീസ് തുടക്കത്തിൽ വേണ്ട പരിഗണന നൽകിയില്ല. നടി ശത്രുക്കളെ കുറിച്ച് തുറന്നു പറഞ്ഞാൽ പൊലീസ് അതും അന്വേഷിക്കുമെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ മറുനാടനോട് പറഞ്ഞു. സിനിമയിലെ റിയൽ എസ്റ്റേറ്റ് ഇടപാടുകളും പരിശോധിക്കും.

നടിയുടെ ഡ്രൈവറായി മാർട്ടിനെ നിയോഗിച്ചതിൽ ഇപ്പോഴും സംശയങ്ങൾ ഏറെയാണ്. ഇതുമായി ബന്ധപ്പെട്ട് സിനിമയിലുള്ളവർക്ക് പങ്കുണ്ടെന്ന വാദം സജീവാണ്. ഒരു നടിയുടെ ക്വട്ടേഷനാണ് ഇതെന്ന് പൾസർ സുനി പറഞ്ഞതായി നടി മൊഴി നൽകിയിരുന്നു. എന്നാൽ ഇപ്പോൾ അത്തരത്തിലൊന്നില്ലെന്നാണ് സുനി പറയുന്നത്. ഇത് പൊതു സമൂഹം വിശ്വസിക്കുന്നില്ല. അതിനാൽ സംശയമുള്ളവരുടെ പേരുകൾ നടയിൽ നിന്ന് ശേഖരിച്ച് സുനിയുമായി ബന്ധപ്പെടുത്താൻ കഴിയുമോ എന്ന് പരിശോധിക്കും. പൊലീസിന് സംശയമുള്ളവരെ നിരീക്ഷിക്കുന്നതിനേക്കാൾ നടിയുടെ നിലപാട് മനസ്സിലാക്കി പരിശോധന നടത്താനാണ് തീരുമാനം. നടിയെ ആക്രമിച്ച പൾസർ സുനിക്ക് പിന്നിൽ ഒരു ഗൂഢസംഘം പ്രവർത്തിച്ചിരുന്നു എന്ന നിഗമനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത് എന്നറിയുന്നു. ഇതിന് പിന്നിൽ സിനിമാക്കാരുണ്ടോയെന്നും പരിശോധിക്കും. എത്രയും വേഗം ഇക്കാര്യത്തിൽ നിഗമനങ്ങൾ ഉണ്ടാകണമെന്ന് പൊലീസിനോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.

രാജ്യമറിയുന്ന കുറ്റാന്വേഷകനാണ് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. ജിഷ വധക്കേസിലൂടെയുണ്ടാക്കിയ പേരും പെരുമയുമെല്ലാം നടിയുടെ ആക്രമണത്തിലൂടെ നഷ്ടമായി. കോടതിയിൽ കയറി പ്രതിയെ പിടിക്കേണ്ടി വന്നതും നാണക്കേടായി. പിടിക്കപ്പെട്ട പ്രതികളുടെ മൊഴികളിൽ എല്ലാം വൈരുദ്ധ്യമുണ്ട്. എന്നിട്ടും ഗൂഢാലോചനയിലേക്ക് കാര്യങ്ങളെത്തുന്നില്ല. നടിയുടെ ദൃശ്യങ്ങൾ അടങ്ങിയ ഫോണും കണ്ടെത്താനായില്ല. ഇതെല്ലാം ലോക് നാഥ് ബെഹ്‌റയ്ക്കും തിരിച്ചടിയാണ്. പൊലീസിനുള്ളിലെ ബെഹ്‌റ വിരുദ്ധർ ഇതെല്ലാം വ്യപാകമായി ചർച്ചയാക്കുന്നുമുണ്ട്. ഈ സാഹചര്യത്തിൽ അന്വേഷത്തെ കാര്യക്ഷ്മമാക്കാൻ ഡിജിപി പ്രത്യേക താൽപ്പര്യമെടുക്കുമെന്നാണ് സൂചന. എത്രയും വേഗം ഗൂഢാലോചന കണ്ടെത്തേണ്ട സാഹചര്യം പൊലീസിനും സൃഷ്ടിക്കപ്പെടുന്നു. സിനിമാക്കാരെ വേണ്ട വിധം ചോദ്യം ചെയ്താൽ എല്ലാം നടക്കുമെന്ന വിലയിരുത്തലുമുണ്ട്.

അമ്മയുടെ നേതൃസ്ഥാനത്ത് മമ്മൂട്ടിയും ഇന്നസെന്റുമാണ്. ഇരുവരും സിപിഐ(എം) ബന്ധമുള്ളവരും. ചാലക്കുടി എംപി കൂടിയായ ഇന്നസെന്റ് കേസുമായി ഒരു നടന് ബന്ധമില്ലെന്ന് തുറന്നു പറഞ്ഞിരുന്നു. മമ്മൂട്ടിയും ഇതു തന്നെയാണ് ചെയ്ത്. ഇതിന് പിന്നാലെയാണ് സംഭവത്തിൽ ഗൂഢാലോചനയില്ലെന്ന മുഖ്യമന്ത്രിയുടെ വാക്കുകൾ ചർച്ചയായത്. ഇത് സർക്കാരിന്റെ പ്രതിച്ഛായയെ ബാധിച്ചിട്ടുണ്ട്. നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട വിവാദ പരാമർശത്തിൽ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത് വന്നത് ഇതുകൊണ്ട് കൂടിയാണ്. ഔദ്യോഗിക വിവരത്തിന്റെ അടിസ്ഥാനത്തിലല്ല പ്രതികരിച്ചതെന്നും മാദ്ധ്യമ വാർത്തയുടെ അടിസ്ഥാനത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി. മാദ്ധ്യമങ്ങൾ ഗൂഢാലോചന അന്വേഷിക്കണ്ട എന്നാണ് താൻ ഉദ്ദേശിച്ചതെന്നും പിണറായി വിശദീകരിച്ചു.

കഴിഞ്ഞ ദിവസം ഒരു ചടങ്ങിൽ സംസാരിക്കവെ കേസിൽ ഗൂഢാലോചനയില്ലെന്ന മുഖ്യമന്ത്രി പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ ഈ പ്രസ്താവനയാണു വിവാദമായത്. എന്നാൽ സംഭവത്തിൽ ഗൂഢാലോചനയുണ്ടെന്ന നിലപാടാണു പൊലീസ് കോടതിയിൽ സ്വീകരിച്ചത്. മുഖ്യമന്ത്രിയുടെ പ്രസ്താവനയുടെ പിൻബലത്തിൽ പൾസർ സുനിയെ കസ്റ്റഡിയിൽ വിടരുതെന്നും പ്രതിഭാഗം അഭിഭാഷകർ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇത് പ്രോസിക്യൂഷൻ തള്ളിക്കളയുകയായിരുന്നു. ഇതിന് പന്നാലെ നടിക്കെതിരായ ആക്രമണത്തിൽ ആരെയോ സംരക്ഷിക്കാൻ ശ്രമം നടക്കുന്നുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തിയിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറയാൻ പാടില്ലാത്തതാണു പറഞ്ഞതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഗൂഢാലോചനയുണ്ടെന്നു പൊലീസ് പറയുന്നു, ജനം ഇതിൽ ഏതു വിശ്വസിക്കണമെന്നും ചെന്നിത്തല ചോദിച്ചു. ഈ സാഹചര്യത്തിൽ കോടതിയുടെ നേതൃത്വത്തിലുള്ള അന്വേഷണം വേണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. ബിജെപി ഈ വിഷയത്തിൽ സിബിഐ അന്വേഷണ സാധ്യതയും തേടുന്നുണ്ട്. ഇതോടെയാണ് നിലപാട് കടുപ്പിക്കാൻ പൊലീസിന് മുഖ്യമന്ത്രി നിർദ്ദേശം നൽകിയത്.

സിനിമയിലെ ആരേയും രക്ഷിക്കേണ്ട ആവശ്യം സർക്കാരിനില്ലെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്. അതിനിടെ സമാന രീതിയിൽ നേരത്തേയും പണം തട്ടിയിട്ടുള്ള സിനിമാരംഗവുമായി ബന്ധമുള്ളവരാണിവരെന്നും അന്വേഷണ സംഘത്തിന് സംശയമുണ്ട്. നടിയെ ആക്രമിച്ചശേഷം രക്ഷപ്പെട്ട പൾസർ സുനി ആദ്യമെത്തിയ സുഹൃത്ത് പ്രിയേഷിന്റെ വസതിയിൽ നിന്ന് ഇന്നലെ രണ്ടു സ്മാർട്ട് ഫോൺ, ഐപാഡ്, രണ്ടു മെമ്മറി കാർഡ്, ഒരു പെൻഡ്രൈവ് എന്നിവ അന്വേഷണസംഘം പിടിച്ചെടുത്തു കഴിഞ്ഞു. ഇരുവരും തമ്മിലുള്ള കൂടിക്കാഴ;ചയിൽ നടിയുടെ ദൃശ്യങ്ങളടങ്ങിയ ഫോൺ സുഹൃത്തിന് കൈമാറിയോയെന്നാണ് പൊലീസ് അന്വേഷിക്കുന്നത്. സംഭവത്തിനു മുമ്പും പ്രിയേഷും സുനിയും തമ്മിൽ മൊബൈൽ ഫോണിലൂടെ ദീർഘസമയം സംഭാഷണം നടത്തിയിരുന്നു.

12 വർഷമായി സുനിയുടെ സുഹൃത്തായ പ്രിയേഷ് പുനലൂർ സ്വദേശിയാണ്. ഇയാൾ എട്ടു മാസമായി വാടകയ്ക്ക് താമസിക്കുന്ന എറണാകുളം പൊന്നുരുന്നി ജൂനിയർ ജനതാറോഡിലുള്ള ഇരുനില വീടിന്റെ മുകൾ നിലയിലെത്താൻ സുനി മതിൽ ചാടിക്കടക്കുന്ന സി.സി ടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഈ ദൃശ്യങ്ങൾ സുനിയുടെ മറ്റൊരു സുഹൃത്ത് ഷൈനി മാത്യുവിന്റെ വീടിന്റേതാണെന്ന് ആദ്യഘട്ടത്തിൽ പൊലീസ് സംശയിച്ചിരുന്നു. പൊലീസ് കസ്റ്റഡിയിലുള്ള പ്രിയേഷുമായി തെളിവെടുപ്പിനെത്തിയ പൊലീസിന് ഇയാളുടെ വീടിനു മുന്നിൽ നിന്ന് ഒരു സ്മാർട്ട് ഫോണിന്റെ കവറും ലഭിച്ചു. വാഹന കച്ചവടക്കാരനായ പ്രിയേഷിന്റെ വീടിനു മുന്നിൽ പാർക്ക് ചെയ്തിരുന്ന അഞ്ചിലധികം വാഹനങ്ങളും പൊലീസ് പരിശോധിച്ചു. രക്ഷപ്പെടാനായി പ്രിയേഷിൽ നിന്ന് പണം വാങ്ങാനാണ് വസതിയിലെത്തിയതെന്നാണ് സുനിയുടെ മൊഴി. വാതിൽ തുറക്കാത്തതിനാൽ ഉള്ളിൽ കടക്കാനായില്ലെന്നും ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തി.

മദ്യപിച്ച് പോയതിനാൽ സുനി എത്തിയത് അറിഞ്ഞില്ലെന്ന് പ്രിയേഷും പറഞ്ഞു. എന്നാൽ, 20 മിനിട്ട് പ്രിയേഷിന്റെ വസതിയിൽ എന്തിന് തങ്ങിയെന്നായിരുന്നു സുനിയോട് പൊലീസിന്റെ ചോദ്യം. ആരും കാണാതിരിക്കാൻ അവിടേക്ക് എത്തിയ പെട്ടി ഓട്ടോറിക്ഷ മടക്കി അയച്ചിരുന്നു. അവർ തിരികെ എത്താനാണ് പതുങ്ങിയിരുന്നതെന്നും സുനി പറഞ്ഞു. എന്നാൽ, ഈ മൊഴി പൊലീസ് വിശ്വസിച്ചിട്ടില്ല. പ്രിയേഷിനെ ഇപ്പോഴും വിശദമായി ചോദ്യം ചെയ്യുകയാണ്. കീഴടങ്ങാനായി കോയമ്പത്തൂരിൽ നിന്ന് ബൈക്കിൽ ആദ്യമെത്തിയത് തിരുവനന്തപുരത്തേക്കാണെന്ന് സുനി മൊഴി നൽകി. ഇതു പരാജയപ്പെട്ടതോടെ ബൈക്കിൽ ബുധനാഴ്ച രാത്രി കോലഞ്ചേരിയിലെത്തി. അവിടത്തെ കടത്തിണ്ണയിൽ പതുങ്ങിക്കിടന്ന് നേരം വെളുപ്പിച്ചു.

കീഴടങ്ങാനായി എറണാകുളം മജിസ്‌ട്രേട്ട് കോടതിയിലേക്ക് തിരിച്ച വ്യാഴാഴ്ച രാവിലെ ഒരു കംഫർട്ട് സറ്റേഷനിലെത്തി കുളിച്ച് ഷേവും ചെയ്തു. അന്ന് രാവിലെ വാങ്ങിയ ഷർട്ടും പാന്റ്‌സും ധരിച്ചാണ് കോടതിയിലെത്തിയത്. നടിയുടെ ദൃശ്യങ്ങളടങ്ങിയ ഫോൺ ഓടയിലെറിഞ്ഞെന്ന മുൻ വെളിപ്പെടുത്തൽ സുനി പൊലീസിനു മുന്നിൽ ഇപ്പോഴും ആവർത്തിക്കുകയാണ്. എന്നാൽ ഉന്നതരുടെ സഹായമില്ലെങ്കിൽ ഇതൊന്നും നടക്കില്ലെന്ന നിലപാടിലാണ് പൊലീസ്.