- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരെ കൂടുതൽ കുറ്റങ്ങൾ ചുമത്തി; തുടരന്വേഷണ റിപ്പോർട്ടിൽ തെളിവ് നശിപ്പിക്കൽ, സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കൽ എന്നീ വകുപ്പുകൾ; അനുബന്ധ കുറ്റപത്രം സമർപ്പിക്കുക വെള്ളിയാഴ്ച; അന്വേഷണം തുടരും
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതി ദിലീപിനെതിരെ തുടരന്വേഷണ റിപ്പോർട്ടിൽ തെളിവു നശിപ്പിക്കൽ ഉൾപ്പെടെ കൂടുതൽ കുറ്റങ്ങൾ ചുമത്തി. തെളിവ് നശിപ്പിക്കൽ, സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കൽ എന്നീ വകുപ്പുകൾ കൂടി അനുബന്ധ കുറ്റപത്രത്തിൽ ചേർക്കും.
ഐപിസി 201 പ്രകാരം കുറ്റകൃത്യത്തിന്റെ തെളിവുകൾ നശിപ്പിച്ചതിനും തെറ്റായ വിവരങ്ങൾ നൽകിയതിനും വകുപ്പുകൾ ചുമത്തി. കേസിൽ തുടരന്വേഷണ റിപ്പോർട്ട് വെള്ളിയാഴ്ച സമർപ്പിക്കുമെന്ന് പ്രോസിക്യൂഷൻ വിചാരണക്കോടതിയിൽ അറിയിച്ചു.
ദിലീപിന്റെ സുഹൃത്തും ആലുവയിലെ ഹോട്ടലുടമയുമായ ശരത് കേസിലെ നിർണായക തെളിവായ ദൃശ്യങ്ങൾ നശിപ്പിക്കാൻ ശ്രമിച്ചുവെന്ന് കണ്ടെത്തിയിരുന്നു. അനുബന്ധ കുറ്റപത്രത്തിൽ ശരതും പ്രതിയാകും. ശരത്തുവഴിയാണ് ദിലീപിലേക്ക് ദൃശ്യങ്ങൾ എത്തിയതെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. നടിയെ ആക്രമിച്ച കേസിൽ പതിനൊന്നാം പ്രതിയാണ് ശരത്ത്. റിപ്പോർട്ട് സമർപ്പിച്ചതിന് ശേഷവും അന്വേഷണം തുടരും.
കേസിൽ വിചാരണക്കോടതി ജഡ്ജിയെ സ്വാധീനിക്കാൻ ശ്രമിച്ചതിന് ബിജെപി നേതാവിന്റെ ശബ്ദസാംപിൾ ക്രൈംബ്രാഞ്ച് പരിശോധിച്ചു. കേസിൽ എട്ടാം പ്രതി ദിലീപും സംഘവും വിചാരണക്കോടതി ജഡ്ജിയെ സ്വാധീനിക്കാൻ ശ്രമിച്ച സംഭവത്തിൽ ഇടനിലക്കാരനായത് ബിജെപി നേതാവെന്നാണ് ക്രൈംബ്രാഞ്ചിന്റെ നിഗമനം. ഇതുമായി ബന്ധപ്പെട്ട് പുറത്തുവന്ന ശബ്ദരേഖ ഉല്ലാസ് ബാബുവിന്റേതാണെന്നാണ് കരുതുന്നത്. ഉല്ലാസ് ബാബുവിന്റെ ശബ്ദ സാംപിൾ കൊച്ചി ചിത്രാജ്ഞലി സ്റ്റുഡിയോയിൽ ശേഖരിച്ചിട്ടുണ്ട്.
വ്യാജ വാട്‌സപ്പ് ഗ്രൂപ്പ് സംബന്ധിച്ചും അന്വേഷണം ആരംഭിച്ചു. മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറിയതിനെ കുറിച്ചും തെളിവ് നശിപ്പിക്കാൻ നടത്തിയ ശ്രമങ്ങൾ സംബന്ധിച്ചും അന്വേഷണം തുടരാനാണ് തീരുമാനം. മുൻ ഡിജിപി ശ്രീലേഖയുടെ വെളിപ്പെടുത്തലിനെ കുറിച്ചും അന്വേഷിക്കും.
അനുബന്ധ കുറ്റപത്രം സമർപ്പിക്കാനുള്ള സമയപരിധി 15ന് അവസാനിച്ചെങ്കിലും അന്വേഷണത്തിന് കൂടുതൽ സമയം ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ, അനുകൂല തീരുമാനം വരാത്തതോടെയാണ് വിചാരണക്കോടതിയിൽ ഉടനടി തുടരന്വേഷണ റിപ്പോർട്ട് സമർപ്പിക്കുന്നത്.
നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങൾ 2017 നവംബറിൽ ദിലീപിന്റെ പക്കലെത്തിയെന്നും കുറ്റപത്രത്തിലുണ്ട്. വിഐപിയെന്ന് സംവിധായകൻ ബാലചന്ദ്രകുമാർ പറഞ്ഞ ശരത്താണ് ഇതുകൊണ്ടുവന്നത്. ഈ ദൃശ്യങ്ങൾ നശിപ്പിക്കുകയോ മനഃപൂർവം മറച്ചുപിടിക്കുകയോ ചെയ്യുന്നുവെന്നാണ് കണ്ടെത്തൽ.
ഇതിനിടെ കേസിലെ മുഖ്യ പ്രതി പൾസർ സുനിയെ മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. തൃശൂർ മാനസികാരോഗ്യ കേന്ദ്രത്തിൽ ഇന്നലെ വൈകിട്ടാണ് സുനിയെ എത്തിച്ചത്. ജാമ്യഹർജി സുപ്രിംകോടതി തള്ളിയതിന് ശേഷമാണ് സുനിയുടെ മാനസികാരോഗ്യസ്ഥിതി മോശമായതെന്നാണ് വിവരം.
മറുനാടന് മലയാളി ബ്യൂറോ