- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൾസർ സുനി ജയിലിൽ നിന്ന് ദിലീപിനയച്ച കത്തിനെക്കുറിച്ചും സംഭാഷണം; സാക്ഷി മൊഴി അട്ടിമറിച്ചതിന്റെ കൂടുതൽ ശബ്ദരേഖകൾ; വിദേശത്തുള്ള പ്രമുഖ നടിയുമായി ദിലീപിന്റെ ചാറ്റുകളും വീണ്ടെടുത്തു; പുതിയ തെളിവുകളുടെ പിൻബലത്തിൽ കാവ്യ മാധവനെ ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ച്
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ സാക്ഷി മൊഴികൾ അട്ടിമറിച്ചതിന്റെ കൂടുതൽ തെളിവുകളും പുറത്ത്. പ്രോസിക്യൂഷൻ സാക്ഷിയിരുന്ന ദിലീസിന്റെ സഹോദരൻ അനൂപുമായി അഭിഭാഷകൻ ബി രാമൻപിള്ള നടത്തിയ സംഭാഷണമാണ് അന്വേഷണ സംഘം ഹൈക്കോടതിയിൽ സമർപ്പിച്ചത്. ജയിലിൽ നിന്ന് പൾസർ സുനി ദിലീപിനയച്ച കത്തിനെക്കുറിച്ച് എങ്ങനെ മൊഴി നൽകണമെന്നാണ് ബി രാമൻപിള്ള പ്രോസിക്യൂഷൻ സാക്ഷിയെ പഠിപ്പിക്കുന്നത്.
നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനി പണം ആവശ്യപ്പെട്ട് ദിലീപിനയച്ച കത്താണ് ഗൂഢാലോചനയിൽ ദിലീപിനെതിരായ പ്രധാന തെളിവുകളിൽ ഒന്ന്. ഈ കത്തിനെക്കുറിച്ച് പൊലീസ് നടത്തിയ കണ്ടെത്തലുകൾ എങ്ങനെ മാറ്റിപ്പറയണമെന്ന് സീനിയർ അഭിഭാഷകനായ ബി രാമൻപിള്ള ദിലീപിന്റെ സഹോദരൻ അനൂപിനെ പഠിപ്പിക്കുന്നതിന്റെ ശബ്ദരേഖയാണ് തെളിവായി ലഭിച്ചത്.
മൊബൈൽ ഫോണിൽ നിന്നും നശിപ്പിച്ചു കളയണമെന്ന് അഭിഭാഷകർ നിർദ്ദേശിച്ചുവെന്ന് കരുതുന്ന 10 ഡിജിറ്റൽ ഫയലുകൾ സായ്ശങ്കർ വീണ്ടെടുത്ത് ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു. നടിയെ ആക്രമിച്ച കേസിലും അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ച കേസിലും അന്വേഷണം വേഗത്തിലാക്കാനുള്ള നീക്കത്തിലാണ് ക്രൈംബ്രാഞ്ച്. പുതിയ തെളിവുകളുടെ അടിസ്ഥാനത്തിൽ കാവ്യ മാധവനെ അന്വേഷണസംഘം ഉടൻ ചോദ്യം ചെയ്തേക്കും.
കേസിൽ ആദ്യഘട്ട കുറ്റപത്രം നൽകിയത് 2017 ഏപ്രിൽ 17 നായിരുന്നു. ഏപ്രിൽ 10 നാണ് ജയിലിൽ വെച്ച് സുനിൽ ദിലീപിന് കത്ത് എഴുതിയത്. ഈ കത്ത് ദിലീപിന് കൈമാറാൻ സുനിയുടെ ആവശ്യപ്രകാരം വിഷണു ദിലീപിന്റെ വിട്ടിലെത്തിയിരുന്നു. പിന്നീട് ദിലിപിന്റെ മാനേജർ അപ്പുണിയെ കണ്ട് ഇക്കാര്യം പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട കണ്ടെത്തലുകൾ എങ്ങനെ തിരുത്തണമെന്ന് സംഭാഷണത്തിലുണ്ട്. മൊഴി പഠിപ്പിക്കുന്നതിനിടെ അനൂപ് മൊബൈൽ ഫോണിൽ ഇത് റെക്കോഡ് ചെയ്യുകയായിരുന്നു. ശബ്ദരേഖയിൽ ദിലീപിന്റെ മുൻ ഭാര്യ മഞ്ജു വാര്യരെയും സംവിധായകൻ ശ്രീകുമാർ മേനോനെയും പറ്റിയും പരാമർശമുണ്ട്.
അനൂപിന്റെ ഫോൺ പരിശോധനയിൽ ലഭിച്ച ഈ തെളിവ് ക്രൈംബ്രാഞ്ച് സംഘം ഹൈക്കോടതിയിൽ കൈമാറി. കേസിൽ അഭിഭാഷകൻ ചട്ടം ലംഘിച്ച് എങ്ങനെ ഇടപെട്ടു എന്നതിന്റെ തെളിവായാണ് ഓഡിയോ കൈമാറിയത്. ഇതിനിടെ നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ സഹോദരി ഭർത്താവിനെതിരായ മാധ്യമവാർത്തകൾക്കുള്ള വിലക്ക് സംബന്ധിച്ച് ഹൈക്കോടതി ഉത്തരവ് പുറത്ത് വന്നു. കേസിലെ എതിർ കക്ഷിയായ ഒരു സ്വകാര്യ ചാനലിന് മാത്രമാണ് വാർത്ത പ്രസിദ്ധീകരിക്കുന്നതിന് താൽക്കാലിക വിലക്കേർപ്പെടുത്തിയത്.
സായ്ശങ്കർ വീണ്ടെടുത്തത് നിർണായക ഫയലുകൾ
സൈബർ ഫൊറൻസിക് വിഭാഗം ശ്രമിച്ചിട്ടും വീണ്ടെടുക്കാൻ കഴിയാതിരുന്ന ഫയലുകളാണ്, അവ മായ്ച്ചു കളഞ്ഞ സായ്ശങ്കർ തന്നെ വീണ്ടെടുത്തത് നൽകിയത്. അന്വേഷണ സംഘവുമായി അടുപ്പമുള്ള ഒരു വ്യക്തിയുമായുള്ള നടൻ ദിലീപിന്റെ ചാറ്റ് വീണ്ടെടുത്ത ഫയലുകളിൽ ഉൾപ്പെടുന്നുണ്ടെന്നാണ് സൂചന. ചാറ്റുകളിലൊന്ന് ദിലീപും ഫൊറൻസിക് ഉദ്യോഗസ്ഥയും തമ്മിലുള്ളതാണെന്നും റിപ്പോർട്ടുകളുണ്ട്.
വിദേശ നമ്പറുകളുമായുള്ള നടൻ ദിലീപിന്റെ ചാറ്റുകളാണ് വീണ്ടെടുത്തതിലേറെയും. നേരത്തെ ദിലീപ് നീക്കിയ 12 ചാറ്റുകളുടെ ബാക്കിയാണ് ഇവയെന്നാണ് സൂചന. ദുബായിൽ സൂപ്പർ മാർക്കറ്റ് നടത്തുന്ന മലപ്പുറം സ്വദേശി, ദുബായിൽ സാമൂഹിക പ്രവർത്തകനായ തൃശൂർ സ്വദേശി, വിദേശത്തുള്ള പ്രമുഖ മലയാള നടി, കാവ്യാ മാധവൻ, സഹോദരി ഭർത്താവ് സുരാജ് തുടങ്ങിയവ വീണ്ടെടുത്തവയിലുണ്ടെന്നാണ് സൂചന.
ദിലീപിന് ശത്രുക്കൾ ഉണ്ടെന്ന് കോടതിയിൽ മൊഴി നൽകണമെന്ന് അഭിഭാഷകൻ അനൂപിനോട് ആവശ്യപ്പെടുന്നു. ശ്രീകുമാർ മേനോനും ലിബർട്ടി ബഷീറും ശത്രുവാണെന്ന് പറയണം. ശ്രീകുമാർ മേനോനും മഞ്ജു വാര്യരും തമ്മിൽ അടുപ്പമുണ്ടെന്ന് പറയണം. നൃത്തപരിപാടികളുടെ പേരിൽ മഞ്ജുവും ദിലീപും തമ്മിൽ വഴക്ക് പതിവായിരുന്നു. ഗുരുവായൂരിൽ നടന്ന ഡാൻസ് പ്രോഗ്രാമിന്റെ പേരിൽ വീട്ടിൽ വഴക്കുണ്ടായെന്ന് പറയണമെന്നും അഭിഭാഷകൻ ആവശ്യപ്പെടുന്നു.
മഞ്ജു വാര്യർ മദ്യപിക്കാറുണ്ടെന്ന് മൊഴി നൽകണമെന്ന് അഭിഭാഷകൻ അനൂപിനോട് പറയുന്നു. മഞ്ജു പലവട്ടം മദ്യപിച്ച് വീട്ടിൽ വന്നിട്ടുണ്ടെന്ന് പറയണം. ഇക്കാര്യം ചേട്ടനോട് പറഞ്ഞപ്പോൾ, നോക്കാം എന്ന് ചേട്ടൻ പറഞ്ഞു എന്ന് കോടതിയിൽ മൊഴി നൽകണം. ദിലീപ് കഴിഞ്ഞ പത്തുവർഷമായി മദ്യപിക്കാറില്ലെന്നും പറയണം. നടി ആക്രമിക്കപ്പെട്ട ദിവസം ദിലീപ് ആശുപത്രിയിൽ അഡ്‌മിറ്റ് ആയിരുന്നു എന്ന് കോടതിയിൽ പറയണമെന്നും അഭിഭാഷകൻ അനൂപിനോട് ആവശ്യപ്പെടുന്നുണ്ട്.
സംഭവം നടന്ന ദിവസം ദിലീപിന് പനിയും തൊണ്ടവേദനയും ചുമയും ഉണ്ടായിരുന്നു. ദിലീപ് ആശുപത്രിയിൽ അഡ്‌മിറ്റ് ആയിരുന്നു. പറ്റുമ്പോഴെല്ലാം ദിലീപിനെ ആശുപത്രിയിൽ പോയി കാണുമായിരുന്നു എന്നും പറയണം. കൂടുതലായി ഇനി എന്തെങ്കിലും ചോദിച്ചാൽ ചോദ്യം മനസിലായില്ലെന്ന് പറഞ്ഞാൽ മതിയെന്നും ബാക്കിയൊന്നും മൈൻഡ് ചെയ്യേണ്ടെന്നും അഭിഭാഷകൻ അനൂപിനോട് പറയുന്നുണ്ട്. നടിയെ ആക്രമിച്ച കേസിൽ അനൂപിനെയും സഹോദരി ഭർത്താവ് സുരാജിനെയും ക്രൈംബ്രാഞ്ച് ഇന്നലെ ചോദ്യം ചെയ്തിരുന്നു.
മറുനാടന് മലയാളി ബ്യൂറോ