കൊച്ചി: ഇന്നലെ മുവാറ്റുപുഴയിൽ ഒരു വസ്ത്രവ്യാപാര സ്ഥാപനം ഉദ്ഘാടനം ചെയ്യാൻ പോയപ്പോൾ ചോദിച്ച പണം കിട്ടാത്തതിനാൽ ചടങ്ങിന് വിസമ്മതിച്ചെന്നും ആളുകൾ തടഞ്ഞു നിർത്തിയതിനെ തുടർന്ന് ഗത്യന്തരമില്ലാതെ പ്രതികരിച്ചുവെന്നും വാർത്തകൾ പുറത്തുവരുന്നതിനിടെ സംഭവത്തോട് പ്രതികരിച്ച് നടി ഭാമ രംഗത്തെത്തി. പ്രചരിക്കുന്ന വാർത്തകർ തീർത്തും അസത്യമാണെന്ന് ഭാമ മറുനാടൻ മലയാളിയോട് പറഞ്ഞു. സംഭവത്തിൽ തന്നെ ചതിച്ചത് ഇവന്റ് മാനേജർ ചമഞ്ഞെത്തിയ വ്യക്തിയാണെന്നാണ് ഭാമ വ്യക്തമാക്കിയത്. ശ്രീജിത്ത് രാജാമണി എന്നയാളാണ് തട്ടിപ്പുകാരനെന്നും നടി പറഞ്ഞു. സംഭവം നടന്നതിന് ശേഷം ഭാമ ആദ്യമായി പ്രതികരിച്ചതും മറുനാടനോടായിരുന്നു..

ഉദ്ഘാടനവുമായി ബന്ധപ്പെട്ട വിവാദങ്ങളെ കുറിച്ച് ഭാമ പ്രതികരിച്ചത് ഇങ്ങനെയാണ്: മൂവാറ്റുപുഴയിലെ രേവതി വെഡ്ഡിങ് സെന്റർ ഉദ്ഘാനം ചെയ്യണം എന്നാവശ്യപ്പെട്ട് നാല് ദിവസം മുമ്പാണ് യൂണിക് മോഡൽ ആൻഡ് ഇവന്റ് കാസ്റ്റിങ് ഡയറക്ടർ എന്ന് പറഞ്ഞുകൊണ്ട് ശ്രീജിത്ത് രാജാമണി എന്നാ ആൾ തന്നെ തന്നെ സമീപിച്ചത്. ആദ്യം ഫോണിലാണ് ഇയാൾ വിളിച്ചത്. ഉദ്ഘാടനത്തിന്റെ കാര്യത്തെ കുറിച്ച് സംസാരിക്കുകയും ചെയ്തു. ഉദ്ഘാടന ചടങ്ങുകൾക്ക് സാധാരണയായി രണ്ടര ലക്ഷം രൂപയാണ് താൻ വാങ്ങുന്നതെന്ന ഫോണിൽ അറിയിക്കുയയും ചെയ്തു.

അപ്പോൾ ഫോൺവച്ച ശേഷം പിന്നീട് തന്നെ വിളിച്ചു വസ്ത്രമുടമയും ഈ തുകക്ക് ഓക്കേ ആണെന്ന് ഇയാൾ അറിയിച്ചു എന്ന് പറയുകയായിരുന്നു. ആദ്യമായിട്ടാണ് ഇയാളുമായി സംസാരിക്കുന്നത്. അഡ്വാൻസ് തുക ഒരു ലക്ഷം പിറ്റേ ദിവസം തന്നെ വേണമെന്ന് ശ്രീജിത്തിനോട് ഞാൻ പറഞ്ഞിരുന്നു. ഇതിന് ഇയാൾ സമ്മതിക്കുകയും ചെയ്തു. അക്കൗണ്ടിൽ പണം ഇടാം എന്നാണ് പറഞ്ഞത്. എന്നാൽ, പിറ്റേ ദിവസം അക്കൗണ്ടിൽ തനിക്ക് ലഭിച്ചത് 15000 രൂപ മാത്രമായിരുന്നു.

പണം കുറഞ്ഞതു കാണിച്ച് ഇയാളെ വിളിച്ചു കാര്യം പറഞ്ഞപ്പോൾ അന്ന് ഉൽഘാടന ദിവസം രാവിലെ മുഴുവൻ തുകയും വാങ്ങി നൽക്കാമെന്നായിരുന്നു മറുപടി നൽകിയത്. തുടർന്ന് ഉൽഘാടന ദിവസം രാവിലെ ഇയാൾ ഉദ്ഘാടനത്തിനായി വിളിക്കാൻ എറണാകുളത്തുള്ള ഫ്‌ലാറ്റിൽ എത്തുകയായിരുന്നു. പ്രതിഫല തുകയെ കുറിച്ച് ചോദിച്ചപ്പോൾ നാളെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യാം എന്ന് പറഞ്ഞു. പക്ഷേ, അപ്പോഴേക്കും ചടങ്ങുകൾ കഴിയില്ലേ, പിന്നെ കിട്ടിയില്ലെങ്കിൽ ആരോട് ചോദിക്കുമെന്നും ചോദിച്ചു. എന്റെ വൈമനസ്യം കണ്ട് പണം അവിടെ ചെന്ന് വാങ്ങിനൽകാമെന്നാണ് ഇയാൾ മറുപടി നൽകിയത്.

അവിടെ തന്നെ കാത്തുനിൽക്കുന്ന ജനപ്രതിനിധികൾ അടക്കമുള്ളവരെ മുഷിപ്പിക്കേണ്ട എന്നും ഞാൻ കരുതി. ഇതോടെയാണ് പണം മുഴുവൻ ലഭിക്കാതിരുന്നിട്ടും മൂവാറ്റുപുഴക്ക് പോകാൻ തീരുമാനിച്ചത്. അവിടെ എത്തിയപ്പോൾ ജനക്കൂട്ടത്തിന്റെ ഇടയ്ക്കു വണ്ടി ഇട്ടു. ബാക്കി പണം വാങ്ങി വാരമെന്നു പറഞ്ഞു ഇയാൾ മുങ്ങുകയാണ്. പിന്നീട് ഇയാളെ ഞാൻ കണ്ടിട്ടില്ല. തുടർന്ന് ആരെയും മുഷിപ്പിക്കാതെ ഉദ്ഘാടനം ചെയ്തു മടങ്ങുകയാണ് ഉണ്ടായത്. താൻ പണത്തെക്കാൾ കൂടുതൽ അവിടെ കാണിച്ചത് ഒരു നന്മ ആയിരുന്നു- ഭാമ പറഞ്ഞു.

ഉദ്ഘാടന ചടങ്ങുകൾ കഴിഞ്ഞു വസ്ത്രമുടമയോട് കാര്യങ്ങൾ ചോദിച്ചപ്പോഴാണ് ചതി അറിയുന്നതെന്നും ഭാമ പറഞ്ഞു. രണ്ടര ലക്ഷം ആവശ്യപെട്ടു എന്നുള്ളത് ഇയാൾ ഉടമയിൽ നിന്ന് മറച്ചു വച്ച് ഒരു ലക്ഷം രൂപയാണ് പ്രതിഫലം എന്നാണ് ഇയാൾ അവർക്ക് കൊടുത്ത വാഗ്ദാനം. ഇതിൽ നിന്നും 50000 രൂപ അഡ്വാൻസ് വാങ്ങിയ ഇയാൾ തനിക്കു ബാങ്ക് വഴി തന്നത് വെറും 15000 രൂപ ആണെന്നും ഭാമ പറയുന്നു. മാത്രമല്ല, തന്നെ കാറിൽ ഇരുത്തി ഉടമയോട് നടി വാക്കു മാറ്റിയെന്നും ഇപ്പോൾ ഉദ്ഘാടനത്തിന് ഒരു ലക്ഷത്തിന് പകരം രണ്ടര ലക്ഷം വേണമെന്ന് അറിയിച്ചതായും സ്ഥാപന ഉടമ പിന്നീട് തന്നോട് വ്യക്തമാക്കിയെന്നും അവർ പറയുന്നു.

താൻ കാര്യങ്ങൾ വിശദീകരിച്ചതോടെ നടന്ന കാര്യങ്ങൾ വസ്ത്രമുടമയ്ക്ക് ബോധ്യമായി. തുടർന്ന് അവർ ഇവന്റ് മാനേജർ പറഞ്ഞ തുക തനിക്കു തന്നാൽ മതിയെന്ന് പറഞ്ഞു. ആ തുക വാങ്ങി താൻ തിരിച്ചു പോകുകയാണ് ഉണ്ടായതെന്നും ഭാമ വ്യക്തമാക്കുന്നു. ശ്രീജിത്ത് രാജാമണിയാണ് തന്നെ ചതിച്ചതെന്നും ഇയാൾ വലിയ തട്ടിപ്പുകാരനാണെന്നും ചൂണ്ടിക്കാട്ടി ഭാമ ഇതേക്കുറിച്ച് ഫേസ്‌ബുക്കിലും പോസ്റ്റിട്ടിട്ടുണ്ട്. ഫോട്ടോ സഹിതമാണ് ഭാമ ഫേസ്‌ബുക്കിൽ കുറിച്ചത്.

സിനിമയെക്കാൾ കൂടുതൽ ഉത്ഘാടനങ്ങളിൽ പങ്കെടുത്ത ആളാണ് താനെന്നു ഭാമ മറുനാടൻ മലയാളിയോട് വ്യക്തമാക്കി. ഇതുവരെ ഒരു രീതിയിലും വിവാദങ്ങൾ തന്റെ കരിയറിൽ തന്നെ ഉണ്ടായിട്ടില്ല. അതിനാൽ തന്നെ അറിയുന്നവർക്ക് സംഭവിച്ചത് എന്താണെന്ന് മനസിലാകുമെന്നും ഭാമ വ്യക്തമാക്കി. ഒപ്പം തനിക്കു പറ്റിയ ചതി വേറെ ആർക്കും പറ്റാതിരിക്കാനാണ് താന്നെ ചതിച്ച് ഒപ്പം വിവാദങ്ങളിലേക്ക് വലിച്ചിഴച്ച ആളുടെ ഫോട്ടോയും ഡീറ്റൈലും താൻ പരസ്യമാക്കിയതെന്നും ഭാമ വ്യക്തമാക്കി.

ലോഹിതദാസിന്റെ നിവേദ്യം സിനിമയിലൂടെ മലയാള സിനിമയിൽ എത്തിയ ഭാമ ഇപ്പോൾ കാനഡയിലും ശ്രദ്ധ കേന്ദ്രികരിച്ചിട്ടുണ്ട്. വി എം വിനുവിന്റെ റഹ്മാൻ ചിത്രമായാ മറുപടി എന്നാ സിനിമയിൽ അഭിനയിക്കാൻ ഒരുങ്ങുകയാണ് ഭാമ. മൂവാറ്റുപുഴയിൽ വച്ച് ഉദ്ഘാടന സമയത്ത് കാറിലത്തെിയ ഭാമ കടയിൽ പ്രവേശിക്കാതെ വാഹനത്തിൽ ഇരുന്നുവെന്നും കൂടുതൽ പ്രതിഫലം ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് മുനിസിപ്പൽ ചെയർപേഴ്‌സൺ ഉഷാ ശശിധരൻ പ്രശ്‌നത്തിൽ ഇടപെട്ട് നടിയെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും തയാറാകാതെ തിരിച്ചു പോകാൻ ഒരുങ്ങി. ഉദ്ഘാടനം വൈകിയതോടെ ചടങ്ങിനെത്തിയ ജനക്കൂട്ടം പ്രശ്‌നത്തിൽ ഇടപെടുകയും നടി സഞ്ചരിച്ച കാറ് തടയുകയും ചെയ്തു എന്നുമാണ് വാർത്തകൾ പ്രചരിച്ചിരുന്ന്.