കൊച്ചി: ചലച്ചിത്ര താരം ഭാവനയുടെ അച്ഛൻ തൃശൂർ ചന്ദ്രകാന്തത്തിൽ ബാലചന്ദ്രൻ (59) അന്തരിച്ചു. രക്തസമ്മർദ്ദം കൂടിയതിനെ തുടർന്ന് ഇന്നു വെളുപ്പിന് അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മരണ സമയത്ത് ഭാവന ഉൾപ്പടെയുള്ള കുടുംബാംഗങ്ങൾ അടുത്തുണ്ടായിരുന്നു. സംസ്‌ക്കാരം വ്യാഴാഴ്ച വൈകിട്ട് മൂന്നിന് പാറമേക്കാവ് ശാന്തിഘട്ടത്തിൽ നടക്കും.

മലയാള ചലച്ചിത്ര രംഗത്ത് അസിസ്റ്റന്റ് ഛായാഗ്രാഹകനായി അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. മികച്ച ഫോട്ടോഗ്രാഫർ കൂടിയായിരുന്നു ബാലചന്ദ്രൻ. ഭാവന അഭിനയരംഗത്ത് എത്തിയശേഷവും അദ്ദേഹം ഫോട്ടോഗ്രഫി തുടർന്നു. പുഷ്പലതയാണ് ഭാര്യ. ഭാവനയെക്കൂടാതെ ജയദേവൻ എന്നൊരു മകൻ കൂടിയുണ്ട്. പുതുമുഖങ്ങളെ വച്ച് കമൽ സംവിധാനം ചെയ്ത നമ്മൾ എന്ന ചിത്രത്തിലൂടെയാണ് ഭാവന സിനിമയിൽ എത്തുന്നത്. ഭാവനയുടെ അച്ഛന്റെ സുഹൃത്തുക്കൾ വഴിയാണ് അവർ സിനിമയിൽ എത്തുന്നത്.