- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഒന്നും സംഭവിക്കാൻ പോകുന്നില്ല എന്നുള്ള ആ ധൈര്യമുണ്ടല്ലോ; അതാണ് ഒരു കൂട്ടം വിദ്യാർത്ഥികൾ ഒരുമിച്ചു നിന്ന് തകർത്തെറിയുന്നത്'; തൃശൂർ സ്‌കൂൾ ഓഫ് ഡ്രാമയിലെ അദ്ധ്യാപകനിൽ നിന്നുണ്ടായ ദുരനുഭവം പങ്കുവച്ച് നടി ദിവ്യ ഉഷ ഗോപിനാഥ്
തൃശൂർ: കാലിക്കറ്റ് സർവകലാശാലയ്ക്കു കീഴിലുള്ള തൃശ്ശൂരിലെ സ്‌കൂൾ ഓഫ് ഡ്രാമയിലെ അദ്ധ്യാപകൻ ഡോ.എസ് സുനിൽകുമാറിനെതിരെ ലൈംഗിക അതിക്രമ പരാതിയുമായി ഒരു വിദ്യാർത്ഥി മുന്നോട്ടു വന്നിരുന്നു. നടപടി ഉണ്ടാകത്തതിനെ തുടർന്ന് കടുത്ത പ്രതിഷേധമാണ് സഹപാഠികൾ ഉയർത്തിയത്.
അദ്ധ്യാപകനിൽ നിന്നു നേരിട്ട മാനസിക ശാരീരിക ചൂഷണങ്ങളെക്കുറിച്ച് പൊലീസിൽ ഉൾപ്പെടെ പരാതിപ്പെട്ടെങ്കിലും വേണ്ട നടപടിയുണ്ടായില്ലെന്നാണ് വിദ്യാർത്ഥികളുടെ ആരോപണം. ഈ സാഹചര്യത്തിൽ സഹപാഠിക്ക് ഐകൃദാർഢ്യം പ്രകടിപ്പിച്ച് വിദ്യാർത്ഥികൾ സമരരംഗത്തിറങ്ങിയത്. വിദ്യാർത്ഥികളുടെ പ്രതിഷേധം നടക്കവേ ഇതേ അദ്ധ്യാപകനിൽ നിന്നും തനിക്ക് നേരിട്ട ദുരനുഭവം പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ് നടി ദിവ്യ ഉഷ ഗോപിനാഥ്.
കഴിഞ്ഞ അദ്ധ്യാപക ദിനത്തിൽ ആശംസകൾ അറിയിച്ചുകൊണ്ട് വാട്സ്ആപ്പിൽ സന്ദേശം അയച്ചപ്പോഴായിരുന്നു സുനിൽ കുമാർ മോശമായ രീതിയിൽ തന്നോട് സംസാരിച്ചതെന്ന് ദിവ്യ ഉഷ ഫേസ്‌ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു. വാട്സ്ആപ്പ് ചാറ്റിന്റെ സ്‌ക്രീൻ ഷോട്ട് അടക്കം പങ്കുവച്ചായിരുന്നു ദിവ്യ ഗോപിനാഥിന്റെ കുറിപ്പ്.
അദ്ധ്യാപകനിൽ നിന്നും അതിക്രമം നേരിട്ട പെൺകുട്ടിക്കൊപ്പം നിലകൊള്ളുന്നെന്നും എന്തൊക്കെ വന്നാലും തനിക്ക് ഒന്നും സംഭവിക്കാൻ പോകുന്നില്ലെന്ന ആ അദ്ധ്യാപകന്റെ ധൈര്യമാണ് ഇന്നു ഒരു കൂട്ടം വിദ്യാർത്ഥികൾ ഒരുമിച്ചു നിന്ന് തകർത്തെറിഞ്ഞതെന്നും ദിവ്യ ഫേസ്‌ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു.
ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം
'ഒരു അദ്ധ്യാപക ദിനാശംസകൾ കൊടുത്തതാണ്. അദ്ധ്യാപകനാണല്ലോ വഴികാട്ടി തരണമല്ലോ... എന്റെ റിസേർച്ച് ഗൈഡുമായിരുന്നു. പിന്നെ ഒരു കൊണമുണ്ട് രാവിലത്തെ സോറിക്ക്.. മദ്യപിച്ചിരുന്നു എന്നുള്ള ന്യായീകരണം വന്നിരുന്നു. സ്ഥിരം ലൈസൻസ്.
സത്യം ആരുടെ വശത്താണെന്നും ആരുടെ ഒപ്പം നിൽക്കണമെന്ന് ആരും പ്രത്യേകം ബോധ്യപ്പെടുത്തി തരണമെന്നില്ല എന്ന് വ്യക്തമാക്കാനാണ് ഇത് ഇവിടെ പോസ്റ്റ് ചെയ്യുന്നത്. മനസ്സിലാക്കാലൊക്കെ നേരത്തെ ആക്കിയിട്ടുള്ളതുമാണ്. നിസ്സംശയം എന്നും അവളോടൊപ്പം തന്നെ ഉറച്ചു നിലകൊള്ളും.
NB :- let me c what's going to happen.
ഒന്നും സംഭവിക്കാൻ പോകുന്നില്ല എന്നുള്ള ആ ധൈര്യമുണ്ടല്ലോ. അതാണ് ഇന്നു ഒരു കൂട്ടം വിദ്യാർത്ഥികൾ ഒരുമിച്ചു നിന്ന് തകർത്തെറിയുന്നത്. Solidarity with all of you' , ദിവ്യ ഗോപിനാഥ് ഫേസ്‌ബുക്കിൽ കുറിച്ചു.
സ്‌കൂൾ ഓഫ് ഡ്രാമയിൽ വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയിൽ എസ്. സുനിൽകുമാറിനെ സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. അദ്ധ്യാപകന് ക്യാമ്പസിൽ പ്രവേശിക്കുന്നതിനും വിലക്കിയിട്ടുണ്ട്.
സംഭവത്തിൽ അദ്ധ്യാപകനെതിരെ കേസെടുത്തിട്ടുണ്ട്. സ്‌കൂൾ ഓഫ് ഡ്രാമ ഡീൻ എസ്. സുനിൽകുമാറിനെതിരെ വെസ്റ്റ് പൊലീസ് ബലാൽസംഗ കുറ്റം ചുമത്തി എഫ്.ഐ.ആർ രജിസ്റ്റർ ചെയ്‌തെങ്കിലും അറസ്റ്റ് ഉൾപ്പടെയുള്ള നടപടികൾ ഉണ്ടാകുന്നില്ലെന്ന് വിദ്യാർത്ഥികൾ ആരോപിക്കുന്നു.
ഓറിയന്റേഷൻ ക്ലാസിനിടെ താൽക്കാലിക അദ്ധ്യാപകൻ രാജ വാര്യർ പരാതിക്കാരിയായ കുട്ടിയെ ദേഹോപദ്രവം ഏൽപ്പിച്ചിരുന്നു. ഇതിനെതുടർന്ന് സ്‌കൂൾ ഓഫ് ഡ്രാമ ഗ്രീവൻസ് സെല്ലിൽ പെൺകുട്ടി പരാതി നൽകിയിരുന്നു.
ഇതിനുപിന്നാലെ പെൺകുട്ടിക്ക് ധാർമിക പിന്തുണയുമായി എത്തിയ സുനിൽകുമാർ സൗഹൃദം മുതലെടുത്ത് പീഡനത്തിന് ഇരയാക്കുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. പെൺകുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചതോടെയാണ് പീഡന വിവരം പുറത്തുവന്നത്.
അതേസമയം, ആരോപണവിധേയനായ എസ് സുനിൽകുമാറിനെ അറസ്റ്റ് ചെയ്യുകയും സ്ഥാപനത്തിൽ നിന്ന് പുറത്താക്കുകയും ചെയ്യും വരെ പഠിപ്പുമുടക്കുമെന്ന് വിദ്യാർത്ഥികൾ പറഞ്ഞു. പരാതി നൽകാൻ എത്തിയപ്പോൾ വിദ്യാർത്ഥിനിയോട് സ്റ്റേഷൻ എസ്‌ഐ മോശമായി പെരുമാറിയെന്നും വിദ്യാർത്ഥികൾ ആരോപിക്കുന്നുണ്ട്.