മുംബൈ: എന്റെ മക്കൾ വരും. അവർ എന്നെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോകും. മരിക്കുന്നതിന് മുമ്പ് വരെ ഗീതാ കപൂർ അങ്ങനെ തന്നെയാണ് വിശ്വസിച്ചിരുന്നത്. ആ ആഗ്രഹം എല്ലാവരോടും അവർ പങ്കുവയ്ക്കുകയും ചെയ്യുമായിരുന്നു. മക്കളെ കാണണമെന്ന തീവ്രമായ ആഗ്രഹം മനസ്സിൽ സൂക്ഷിച്ചിരുന്നതിനാൽ വൃദ്ധ സദനത്തിന്റെ ചുമരുകൾക്കുള്ളിൽ കഴിഞ്ഞിരുന്ന നാളുകളിൽ അവർക്ക് സന്തോഷിക്കാനും കഴിഞ്ഞിരുന്നില്ല. എന്നാൽ അവസാനമായി ഒരിക്കൽ കൂടി മക്കളെ കാണണമെന്ന ആഗ്രഹം ബാക്കി വെച്ച് മുൻകാല ബോളിവുഡ് നടി ഗീതാ കപൂർ (57) യാത്രയായി. കഴിഞ്ഞ ശനിയാഴ്ച രാവിലെയായിരുന്നു അന്ത്യാഭിലാഷം ബാക്കി വെച്ച് ഗീത ലോകത്തോട് വിടപറഞ്ഞത്.

ഒരുകാലത്ത് ബോളിവുഡിലെ തിരക്കുള്ള നടിമാരിലൊരാളായിരുന്നു ഗീത. പക്കീസയും റസിയാ സുൽത്താനയും പോലെ പ്രേക്ഷക പ്രീതി നേടിയ നിരവധി സിനിമകളിൽ അവർ നായികയായി തിളങ്ങി. ഉറ്റവരും ഉടയവരും ചുറ്റുമുണ്ടായിട്ടും ഒടുവിൽ അവസനാ കാലത്ത് ആരോരുമില്ലാതെ വൃദ്ധ സദനത്തിൽ കിടന്നായിരുന്നു ഗീതയുടെ മരണം.

മക്കൾ ഉപേക്ഷിച്ചതിനെ തുടർന്നു കഴിഞ്ഞ ഒരു വർഷമായി വൃദ്ധസദനത്തിൽ കഴിയുകയായിരുന്നു ഗീത കപൂർ. നൂറോളം ബോളിവുഡ് ചിത്രങ്ങളിലൂടെ നിറസാന്നിധ്യമായ ഇവരെ കഴിഞ്ഞവർഷം ഏപ്രിലിൽ മകൻ രാജ ഗൊരെഗാവിലെ എസ്ആർവി ആശുപത്രിയിൽ ഉപേക്ഷിച്ചു കടന്നുകളയുകയായിരുന്നു.

സമ്പന്നതയ്ക്ക് നടുവിൽ ജീവിച്ച ഗീതയുടെ മകൻ രാജ കോറിയോഗ്രഫറാണ്, മകൾ പൂജ എയർഹോസ്റ്റസും. എന്നാൽ അവസാന കാലമായപ്പോഴേക്കും ഇരുവർക്കും പെറ്റുവളർത്തിയ അമ്മയെ വേണ്ട. മകൻ ആശുപത്രിയിൽ ഉപേക്ഷിച്ചു കടന്നതോടെ ഒരു മാസം ആശുപത്രിയിൽ കിടന്ന ഗീതയുടെ ചികിൽസച്ചെലവ് നിർമ്മാതാക്കളായ അശോക് പണ്ഡിറ്റ്, രമേശ് തൗറാനി എന്നിവരാണു വഹിച്ചത്. ഇവർ തന്നെയാണ് നടിയുടെ മരണ വിവരം ട്വിറ്ററിലൂടെ പുറം ലോകത്തെ അറിയിച്ചതും.

വൃദ്ധസദനത്തിൽ കഴിഞ്ഞ ഓരോ ദിനവും മകൻ വരുമെന്നും തന്നെ കൂട്ടിക്കൊണ്ടുപോകുമെന്നുമുള്ള പ്രതീക്ഷയിലായിരുന്നു അവർ എന്ന് അശോക് പണ്ഡിറ്റ് പറഞ്ഞു. കഴിഞ്ഞ ഒരു വർഷത്തിനിടെ മക്കളോ ബന്ധുക്കളോ കാണാൻ എത്തിയില്ല. മൃതദേഹം ബന്ധുക്കളെ കാത്ത് രണ്ടു ദിവസം ജുഹുവിലെ കൂപ്പർ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിക്കാനാണ് തീരുമാനം.

അന്ത്യ കർമ്മം ചെയ്യാൻ മക്കളെത്തുന്നതും കാത്ത്
അമ്മയുടെ അന്ത്യ കർമ്മങ്ങൾ ചെയ്യാനെങ്കിലും മക്കൾ എത്തുമായിരിക്കും എന്ന പ്രതീക്ഷയാണ് ഇവർക്ക്. ആരുമെത്തിയില്ലെങ്കിൽ നാളെ മൃതദേഹം സംസ്‌കാരം നടത്തുമെന്നും അറിയിച്ചു. 2017 മെയിലാണ് മകൻ രാജ ഗീതാ കപൂറിനെ ആശുപത്രിയിൽ ഉപേക്ഷിച്ച് കടന്നു കളയുന്നത്. ഗീതയുടെ എടിഎമ്മിൽ നിന്നും പണം മുഴുവൻ പിൻവലിച്ച ശേഷമായിരുന്നു അത്. പിന്നീട് ആ അമ്മ മകനെ കണ്ടിട്ടില്ല. എയർ ഹോസ്റ്റസായ മകളേയും അവർ കണ്ടിട്ടില്ല.

ആരോരുമില്ലാതെ ഏതോ സ്ത്രീ ആശുപത്രിയിലുണ്ടെന്ന വിവരത്തെത്തുടർന്നായിരുന്നു സംവിധായകൻ അശോക് പണ്ഡിറ്റും രമേഷ് ദൗരാനിയും എസ്.ആർ.വി. ആശുപത്രിയിലെത്തിയത്. സ്ഥലത്തെത്തിയപ്പോഴാണ് മുന്നിലുള്ളത് ഗീതയാണെന്ന് തിരിച്ചറിഞ്ഞത്. ആശുപത്രിയിൽ ചെലവായ ഒന്നരലക്ഷം രൂപയുടെ ബിൽ അവരടച്ചു.

ആശുപത്രിയിൽനിന്ന് മക്കളുടെ അടുത്തെത്തിക്കാൻ ഒരു ശ്രമം നടത്തി. പെറ്റമ്മയെ ഒരുനോക്കുപോലും കാണാൻ താത്പര്യമില്ലാതിരുന്ന രാജ വീടുമാറി. ഫോൺവിളിച്ചിട്ടും കിട്ടിയില്ല. ഇരുവരുടെയും പരാതിയിൽ പൊലീസ് കേസെടുത്തെങ്കിലും ആ മകനെയും മകളെയും അവർക്ക് കണ്ടെത്താനായില്ല. തുടർന്ന് അന്ധേരിക്കടുത്ത് വിലെപാർലെയിൽ ജീവൻ ആശ എന്ന വൃദ്ധസദനത്തിലേക്ക് മാറ്റുകയായിരുന്നു.

ദിവസങ്ങളോളം പട്ടിണിക്കിട്ടും തല്ലിച്ചതച്ചും മകന്റെ ക്രൂരത
മകൻ എപ്പോഴും അടിക്കുമായിരുന്നെന്നും പട്ടിണിക്കുടുന്നത് പതിവായിരുന്നെന്നും ഗീത അന്ന് മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. സ്ത്രീകളുമായി കൂത്താടി നടന്നിരുന്ന മകന്റ ജീവിതത്തെ താൻ ചോദ്യം ചെയ്തിരുന്നെന്നും അത് മകന് ഇഷ്ടമല്ലായിരുന്നെന്നും ഗീത പറഞ്ഞു. നാലു ദിവസത്തിലൊരിക്കലായിരുന്നു മകൻ ഗീതയ്ക്ക ഭക്ഷണം കൊടുത്തിരുന്നത്.

ചിലപ്പോഴൊക്കെ ദിവസങ്ങളോളം മുറിയിൽ പൂട്ടിയിട്ടിരുന്നതായും നടി പറയുന്നു. എന്നിരുന്നാലും താൻ വൃദ്ധസദനത്തിൽ പോകാൻ തയ്യാറായിരുന്നില്ല. ഇതോടെയാണ് തന്നെ കരുതി കൂട്ടി ആശുപത്രിയിൽ പ്രവേശിച്ച മകൻ അവസരം നോക്കി മുങ്ങുകയായിരുന്നെന്നാണ് ഗീത അന്ന് മാധ്യമങ്ങളോട് പറഞ്ഞത്.

കമൽ അംരോഹി സംവിധാനംചെയ്ത 'പക്കീസ' എന്ന സിനിമയിലൂടെയാണ് ഗീതാ കപൂർ ബോളിവുഡിന്റെ മുൻനിരയിലെത്തുന്നത്. രാജ്കുമാറിന്റെ രണ്ടാംഭാര്യയുടെ വേഷത്തിലായിരുന്നു ഇതിൽ. 'റസിയ സുൽത്താനി'ലെ ഗീതയുടെ വേഷവും പ്രശസ്തമാണ്. നൂറോളം സിനിമകളിൽ അഭിനയിച്ചു. സംവിധായകൻ അശോക് പണ്ഡിറ്റാണ് സമൂഹമാധ്യമങ്ങളിലൂടെ ഗീതയുടെ മരണവിവരം സ്ഥിരീകരിച്ചത്. അമ്മയെ തിരിഞ്ഞുനോക്കാത്ത മക്കളാണെങ്കിലും അവർക്കായി മൃതദേഹം രണ്ടുദിവസം വിലെപാർലെയിലെ കൂപ്പർ ആശുപത്രിയിൽ സൂക്ഷിക്കും. എന്നിട്ടും വന്നില്ലെങ്കിൽ ശവസംസ്‌കാരം നടത്തുമെന്ന് പണ്ഡിറ്റ് അറിയിച്ചു.