കൊച്ചി: ജീവിതത്തിൽ നേരിടേണ്ടി വന്ന തുറന്നുപറഞ്ഞ് നടി ഇന്ദുലേഖ. ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് തന്റെ വ്യക്തിജീവിതത്തെക്കുറിച്ച് നടി തുറന്നുപറഞ്ഞത്. മലയാള സിനിമാ-സീരിയൽ രംഗത്ത് ഒരുപോലെ സജീവമായ താരത്തിന്റെ അഭിമുഖം ചർച്ചയാകുകയാണ്.

ഭർത്താവിന് സുഖമില്ലാതെ ആശുപത്രിയിൽ കിടന്ന സമയത്ത് വരെ അഭിനയിക്കാൻ പോയിട്ടുണ്ടെന്നും അതിന്റെ പേരിൽ നിരവധി പേരിൽ നിന്നുമേറ്റ വിമർശനങ്ങളെപ്പറ്റിയും ഇന്ദുലേഖ മനസ്സു തുറന്നു. ഭർത്താവ് മരിച്ചൊരു സ്ത്രീ ആണെങ്കിൽ അവർ എന്തൊക്കെ ചെയ്യണം, എങ്ങനെ നടക്കണം എന്നൊക്കെ തീരുമാനിക്കുന്നത് സമൂഹമാണ്. അത് മാറ്റി നിർത്തിയിട്ട് വേണം നമുക്ക് ജീവിച്ച് പോകാൻ.

'എന്റെ ഭർത്താവിന്റെ പേര് ശങ്കരൻ പോറ്റി. ഒരു സിനിമ സംവിധായകനായിരുന്നു അദ്ദേഹം. ഇപ്പോൾ മരിച്ചിട്ട് ആറ് വർഷം കഴിഞ്ഞു. എന്റെ ഭർത്താവിന് കുറച്ച് ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടായി അദ്ദേഹത്തെ ആശുപത്രിയിൽ അഡ്‌മിറ്റ് ചെയ്യേണ്ട സാഹചര്യമുണ്ടായി.

അദ്ദേഹം ആശുപത്രിയായിലായ സമയത്തും ഞാൻ സീരിയലിൽ അഭിനയിക്കുന്നുണ്ടായിരുന്നു. ഒരു ബ്രേക്ക് എടുക്കാനോ ലീവ് എടുക്കാനോ ഉള്ള സാഹചര്യമല്ലായിരുന്നു. ഒരു ദിവസം ആശുപത്രിയിൽ നിന്ന സമയത്ത് ലൊക്കേഷനിൽ നിന്ന് ഫോൺവന്നു. ഷൂട്ടിങ് ഉണ്ടെന്നും ഉടനെയെത്തണമെന്നുമായിരുന്നു. എഴുപതോളം ആൾക്കാർ എന്നെയും കാത്ത് നിൽക്കുന്ന സാഹചര്യമായിരുന്നു.

മുടങ്ങിയാൽ സീരിയൽ ടെലികാസ്റ്റ് ചെയ്യാൻ പറ്റില്ല. പ്രൊഡ്യൂസർക്കും നഷ്ടമുണ്ടാകും. നിർണായകമായൊരു അവസ്ഥയായിരുന്നു. നമ്മുടെ ജീവിതം മാർഗം കൂടി ആയതുകൊണ്ട് വേറെ നിവൃത്തി ഇല്ലായിരുന്നു', ഇന്ദുലേഖ പറഞ്ഞു.

'എന്റെ എല്ലാ സാഹചര്യങ്ങളും അറിയാവുന്നവർ തന്നെ ഭർത്താവ് സുഖമില്ലാതെ കിടക്കുമ്പോൾ അവൾ അഭിനയിക്കാൻ പോകുന്നു എന്നൊക്കെ പറഞ്ഞിട്ടുണ്ട്. ഷൂട്ടിംഗിന് പോയില്ലെങ്കിൽ അവിടുത്തെ കാര്യങ്ങളൊക്കെ പ്രശ്നത്തിലാകും.

ഇപ്പോൾ എനിക്ക് എന്റെ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും വലിയ പിന്തുണയുണ്ട്. എന്റെ ഏറ്റവും വലിയ പിന്തുണ മകളാണ്. വസ്ത്രധാരണത്തിൽ വരെ അവൾ അഭിപ്രായം പറയാറുണ്ട്', ഇന്ദുലേ പറഞ്ഞു.