കോഴിക്കോട്: മുക്കത്ത് പുതുതായി ആരംഭിച്ച ജുവല്ലറിയുടെ ഉദ്ഘാടനത്തിന് എത്തിയ യുവനടിയെ കടന്നുപിടിച്ച സംഭവത്തിൽ മാപ്പുപറച്ചിലുമായി യുവാവ്. സംഭവത്തിൽ പൊലീസ് അറസ്റ്റുചെയ്ത ഗോതമ്പ് റോഡ് ചേലാംകുന്ന് സ്വദേശി മനു അർജുൻ (21) ആണ് മാപ്പ് പറഞ്ഞത്. നടിയെ ഫോണിൽ വിളിച്ചായിരുന്നു മാപ്പുപറച്ചിൽ.

തിങ്കളാഴ്ച വൈകുന്നേരം നാലുമണിയോടെയായിരുന്നു സംഭവം. മുക്കത്ത് പുതുതായി ആരംഭിച്ച സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിന് നോർത്ത് ഇന്ത്യൻ നടിയായിരുന്നു വരേണ്ടിയിരുന്നത്. സമയത്തിന്റെ പ്രശ്നം മൂലം മലയാളത്തിലെ യുവനടി എത്തുകയായിരുന്നു. ഉദ്ഘാടനത്ത് ഒരു നടനും എത്തിയിരുന്നു. തിക്കും തിരക്കിനുമിടയിൽ നടിയെ മനു കടന്നുപിടിക്കുകയായിരുന്നു. ഈ സമയത്ത് ഇയാൾ മദ്യലഹരിയിലായിരുന്നു. സംഭവത്തെ തുടർന്ന് യുവനടിയുടെ പരാതിയിൽ മുക്കം പൊലീസ് മനുവിനെ അറസ്റ്റ് ചെയ്തു. നടിയോട് മാപ്പ് പറഞ്ഞതിനെ തുടർന്ന് മനുവിനെ ജാമ്യം നൽകി വിട്ടയയ്ക്കുകയായിരുന്നു.

ജൂവലറി ഉദ്ഘാടനത്തിന് നടി എത്തിയപ്പോഴായിരുന്നു സംഭവം. ഒരു യുവാവ് ആൾക്കൂട്ടത്തിനിടെ കടന്നു പിടിച്ച് അപമാനിക്കാൻ ശ്രമിക്കുകയായിരുന്നു. ഉദ്ഘാടന ചടങ്ങിൽ മറ്റൊരു നടനും നടിക്കൊപ്പം എത്തിയിരുന്നു. ഇതിനിടെയാണ് നടിക്ക് നേരെ അതിക്രമമുണ്ടായത്. സംഭവത്തിന് ശേഷം ഇയാൾ മുങ്ങി. ഇതേത്തുടർന്ന് നടി മുക്കം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തിൽ ആണ് മനു അറസ്റ്റിലായത്. സ്ഥാപനത്തിന്റെ ഉടമകൾ ആവശ്യമായ സുരക്ഷാസൗകര്യം ഒരുക്കാത്തതാണ് അപമാനശ്രമത്തിന് കാരണമായതെന്ന് ആരോപണവും ഉയർന്നിരുന്നു. ആൾക്കൂട്ടത്തിൽ അപമാനിക്കപ്പെട്ട നടി അസ്വസ്ഥയായി ഇക്കാര്യം സംഘാടകരെ അറിയിച്ചുകയായിരുന്നു.

അടുത്തിടെ ട്രെയിനിൽ വെച്ച് തനിക്കെതിരെ അപമാന ശ്രമം ഉണ്ടായ കാര്യം യുവനടി സനുഷ തുറന്നു പറഞ്ഞിരുന്നു. കണ്ണൂരിൽനിന്നും തിരുവനന്തപുരത്തേക്ക് മാവേലി എക്സ്‌പ്രസിൽ യാത്ര ചെയ്യുമ്പോഴാണ് സനുഷയ്ക്കുനേരെ അതിക്രമം ഉണ്ടായത്. സംഭവത്തിൽ സഹയാത്രികനായ തമിഴ്‌നാട് സ്വദേശി ആന്റോ ബോസിനെ പൊലീസ് പിടികൂടുകയും ചെയ്തു. ഈ സംഭവത്തിന് ശേഷമാണ് അതുപോലെ ഒരു പൊതുസ്ഥലത്തുവച്ച് മറ്റൊരു നടിയെ അപമാനിക്കാൻ ശ്രമം ഉണ്ടായത്.