- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അവൾ എന്റേതാണ്.. ലോകം എന്തും പറയട്ടെ, ഞാൻ പറഞ്ഞ ഒരു വാക്കിൽ കേറി പിടിച്ചു അതു ഷെയർ ചെയ്തു സമയം കളയരുത്; നമ്മളെ വിട്ടു പോയ കുഞ്ഞുങ്ങൾക്കും കുടുംബങ്ങൾക്കും വേണ്ടി പ്രാർത്ഥിക്കൂ; സ്റ്റാർ മാജിക്ക് പരിപാടിയിലെ സ്ത്രീ വിരുദ്ധ പരാമർശങ്ങൾ വിവാദമായപ്പോൾ വിമർശകരെ തള്ളി നടി മുക്ത
കൊച്ചി: ഫ്ളവേഴ്സ് ചാനലിലെ സ്റ്റാർ മാജിക്ക് പരിപാടിയിൽ നടത്തിയ പരാമർശങ്ങൾ സ്ത്രീവിരുദ്ധവമാണെന്ന് ആരോപിച്ചു സൈബർ ഇടത്തിൽ വിമർശനം ഉയരുമ്പോൾ അതിനെ തള്ളിപ്പറഞ്ഞ് നടി മുക്ത രംഗത്ത്. വിവാദ പരാമർശങ്ങളുടെ പേരിൽ മുക്തക്കെതിരെ വനിതാ കമ്മീഷനും ബാലാവകാശ കമ്മീഷനും മറുപടി നൽകിയത് കൂടാതെ വാർത്താ വിതരണ മന്ത്രാലയത്തിനും പരാതി നൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് വിമർശനം തള്ളി മുക്ത രംഗത്തുവന്നത്.
മുക്തയുടെ പരാമർശത്തെ വിമർശിച്ച് സമൂഹമാധ്യമങ്ങളിൽ നിരവധി കമന്റുകൾ വന്നിരുന്നു.താരത്തിന്റെ് ഔദ്യോഗിക പേജിലും ഇത്തരം കമന്റുകൾ വ്യാപകമായതോടെയാണ് പ്രതികരണവുമായി മുക്ത രംഗത്തെത്തിയത്. അവൾ എന്റേതാണ്. ലോകം എന്തും പറയട്ടെ,ഞാൻ പറഞ്ഞ ഒരു വാക്കിൽ കേറി പിടിച്ചു അതു ഷെയർ ചെയ്തു സമയം കളയാതെ,ഒരുപാടു പേർ നമ്മളെ വിട്ടു പോയി, പിഞ്ചു കുഞ്ഞുങ്ങൾ അടക്കം,അവർക്കും ആ കുടുംബങ്ങൾക്കും വേണ്ടി പ്രാർത്ഥിക്കുവെന്ന് മുക്ത ഇൻസ്റ്റാഗ്രാമിൽ പ്രതികരിച്ചു.
അഞ്ചു വയസുകാരി കിയാരയ്ക്കൊപ്പം മുക്ത സ്വകാര്യ ചാനലിലെ പരിപാടിയിൽ പങ്കെടുക്കവെ മകളെ എന്തൊക്കെ ജോലികളാണ് വീട്ടിൽ പഠിപ്പിച്ചിരിക്കുന്നത് എന്ന അവതാരകയുടെ ചോദ്യത്തിന് മുക്ത നൽകിയ ഉത്തരമാണ് വിവാദമായത് 'അവളെ എല്ലാം പഠിപ്പിച്ചിട്ടുണ്ട്. കുക്കിങ്, ക്ലീനിങ് എല്ലാം പഠിപ്പിച്ചിട്ടുണ്ട്. എന്നു മുക്ത മറുപടി പറഞ്ഞു. 'ഇതെന്താ ബാലവേലയാണോ' എന്നായി പരിപാടിയിലുണ്ടായിരുന്ന ബിനു അടിമാലിയുടെ സംശയം. 'അല്ല, പെൺകുട്ടികൾ ഇതെല്ലാം ചെയ്തു പഠിക്കണം ചേട്ടാ, ആർടിസ്റ്റൊക്കെ കല്ല്യാണം കഴിയുന്നതു വരെയേ ഉള്ളൂ. അതു കഴിഞ്ഞ് നമ്മൾ വീട്ടമ്മ ആയി. നമ്മൾ ജോലി ചെയ്തു തന്നെ പഠിക്കണം. ഇവൾ വേറെ വീട്ടിൽ കേറി ചെല്ലാനുള്ളല്ലേ' എന്നായിരുന്നു മുക്തയുടെ മറുപടി. ഇതാണ് വിവാദമായത്.
അഡ്വ. ഷഹീൻ, എഴുത്തുകാരിയായ തനുജ ഭട്ടതിരി, അഡ്വക്കേറ്റ് കുക്കു ദേവകി, സുജാത വർമ്മ, ലീനു ആനന്ദൻ, എ.കെ. വിനോദ് തുടങ്ങിയവരാണ് പരിപാടിക്കെതിരെ പരാതി അയച്ചിരിക്കുന്നത്. കല്യാണം കഴിയുന്നത് വരെയാണ് ആർട്ടിസ്റ്റെന്നും അതുകഴിഞ്ഞാൽ നമ്മൾ വീട്ടമ്മയാണെന്നും മുക്ത പറഞ്ഞിരുന്നു. മകളും വേറെ വീട്ടിൽ കയറി ചെല്ലേണ്ടതാണെന്നും ജോലി ചെയ്ത് പഠിക്കണമെന്നും മുക്ത പറയുന്നു. ഇതിനെതിരെയാണ് പരാതി. പെൺകുട്ടികൾ വിദ്യാഭ്യാസം ചെയ്തിട്ടും കാര്യമില്ലെന്നും അവൾ മറ്റൊരു വീട്ടിൽ പോയി വീട്ടുവേല ചെയ്യേണ്ടവളാണെന്നുമുള്ള പരാമർശം ബാലവകാശ നിഷേധവും സ്ത്രീ വിരുദ്ധവും സ്ത്രീകളെ സാമൂഹികമായി അപമാനിക്കുന്നതുമാണെന്നും പരാതിയിൽ പറയുന്നു.
ഇതിൽ അന്വേഷണം നടത്തി ഇത്തരം പരിപാടികൾ പ്രക്ഷേപണം ചെയ്യുന്നത് തടയാനും നിലവിൽ യൂട്യൂബ് വഴി പ്രചരിപ്പിക്കുന്ന പരിപാടി പിൻവലിക്കുന്നതിനും വേണ്ട നടപടികൾ കൈക്കൊള്ളണമെന്ന് ഇവർ തുറന്ന കത്തിലൂടെ ആവശ്യപ്പെട്ടു. നേരത്തെ ബോഡി ഷെയിമിംഗും വംശീയ അധിക്ഷേപവും തമാശയെന്ന മട്ടിൽ അവതരിപ്പിക്കുന്നുവെന്ന വിമർശനങ്ങളും സ്റ്റാർ മാജികിനെതിരെ ഉയർന്നിരുന്നു.
കത്തിന്റെ പൂർണരൂപം
ഇതിൽ താഴെ കൊടുത്തിട്ടുള്ള യു ട്യൂബ് ലിങ്ക് ഫ്ളവേർഴ്സ് ചാനലിൽ പ്രക്ഷേപണം ചെയ്യുന്ന സ്റ്റാർ മാജിക്ക് എന്ന ഒരു പരിപാടിയുടെതാണ്. പ്രസ്തുത പരിപാടിയിൽ ഒരു ചെറിയ പെൺകുട്ടിയുടെ സാനിദ്ധ്യത്തിൽ അവളുടെ അമ്മ അവളെക്കൊണ്ട് ചെയ്യിപ്പിക്കുന്ന ചില കാര്യങ്ങൾ പറയുന്നുണ്ട്. ആ പെൺകുട്ടിയെ വീട്ടു ജോലികളായ ക്ലിനിങ്ങ് കുക്കിംങ്ങ് തുടങ്ങിയ ജോലികൾ ചെയ്യിപ്പിക്കുമെന്നും അത് പെൺകുട്ടിയായതിനാലും മറ്റൊരു വീട്ടിൽ കയറിച്ചെല്ലേണ്ടവളായതിനാലുമാണ് എന്നാണ് പറയുന്നത്.
ലക്ഷക്കണക്കിനാളുകൾ കാണുന്ന ഒരു പരിപാടിയിലാണ് തികച്ചും ബാലവിരുദ്ധവും സ്ത്രീ വിരുദ്ധവുമായ ഉള്ളടക്കമടങ്ങുന്ന ഭാഗം തനിക്ക് ചുറ്റും എന്താണ് നടക്കുന്നതെന്നറിയാൻ പോലും ശേഷിയില്ലാത്ത ഒരു ബാലികയെയും ഉൾപ്പെടുത്തികൊണ്ട് പ്രക്ഷേപണം ചെയ്തിരിക്കുന്നതും യുട്യൂബിൽ അപ്ലോഡ് ചെയ്തിരിക്കുന്നതും.
സാമൂഹികമായി പിന്നോക്കം നിൽക്കുന്ന സ്ത്രീ സമൂഹത്തിന്റെ സാമൂഹികവും വിദ്യാഭ്യാസപരവുമായ മുന്നേറ്റത്തിനും , അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയർത്താനും നമ്മുടെ വാർഷിക ബജറ്റുകളിൽ കോടിക്കണക്കിന് തുക വിലയിരുത്തി പ്രത്യേക പരിപാടികൾ ആസൂത്രണം ചെയ്ത് നടത്തി വരവെയാണ് അതിനെയെല്ലാം തുരങ്കം വെക്കുന്ന രീതിയിൽ സമൂഹത്തിൽ തെറ്റായ സന്ദേശം പ്രചരിപ്പിക്കുന്ന ഇത്തരം പരിപാടികൾ പ്രക്ഷേപണം ചെയ്യുന്നത്.
പെൺകുട്ടികൾ വിദ്യാഭ്യാസം ചെയ്തിട്ടും കാര്യമില്ലെന്നും അവൾ മറ്റൊരു വീട്ടിൽ പോയി വീട്ടുവേല ചെയ്യേണ്ടവളാണെന്നുമുള്ള പരിപാടിയുടെ ഉള്ളടക്കം ഗുതുതരമായ ബാലവകാശ നിഷേധവും സ്ത്രീ വിരുദ്ധവും സ്ത്രീകളെ സാമൂഹികമായി അപമാനിക്കുന്നതുമാണ്. ആയതിനാൽ പ്രസ്തുത കാര്യത്തിൽ വേണ്ട അന്വേഷണം നടത്തി ഇത്തരം പരിപാടികൾ പ്രക്ഷേപണം ചെയ്യുന്നത് തടയാനും നിലവിൽ യുട്യൂബ് വഴി പ്രചരിപ്പിക്കുന്ന പരിപാടി പിൻവലിക്കുന്നതിനും വേണ്ട നടപടികൾ കൈക്കൊള്ളണമെന്ന് വിനീതമായി അപേക്ഷിക്കുന്നു.
മറുനാടന് മലയാളി ബ്യൂറോ