തെലുങ്കു നടി നിഹാരിക കോനിഡേലയുടെ വിവാഹ നിശ്ചയം കഴിഞ്ഞു. . ഹൈദരാബാദ് ട്രിഡന്റ് ഹോട്ടലിൽ വച്ചായിരുന്നു ചടങ്ങുകൾ. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തിയ ചടങ്ങിൽ ഏറ്റവുമടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് പങ്കെടുത്തത്. ചൈതന്യ ജൊന്നല​ഗെഡ്ഡയാണ് വരൻ. ടെക് മഹീന്ദ്രയിലാണ് ചൈതന്യ ജോലി ചെയ്യുന്നത്. ഡിസംബറിലാകും വിവാഹം. ചിരഞ്ജീവി, രാം ചരൺ, അല്ലു അർജുൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കാനെത്തിയിരുന്നു.

തെലുങ്ക് ടെലിവിഷൻ ചാനലിൽ അവതാരകയായാണ് നിഹാരിക കരിയർ തുടങ്ങുന്നത്. ഒക മനസു ആണ് തെലുങ്കിലെ ആദ്യ ചിത്രം. ഒരു നല്ല നാൾ പാത്ത് സൊൽറേൻ, ഹാപ്പി വെഡിങ്ങ്, സൂര്യകാന്തം എന്നീ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. സൈറാ നരസിംഹ റെഡ്ഡിയാണ് വരാനിരിക്കുന്ന ചിത്രം.

നിഹാരിക ബാഹുബലി താരം പ്രഭാസുമായി വിവാഹിതയാവുന്നു എന്ന വാർത്തകൾ പ്രചരിച്ചിരുന്നു. ഇരുവരും പ്രണയത്തിലാണെന്ന് നേരത്തെ ഗോസിപ്പുകൾ വന്നിരുന്നെങ്കിലും ഇക്കാര്യം താരകുടുംബം അംഗീകരിച്ചിരുന്നില്ല. അങ്ങനെയിരിക്കെയാണ് പ്രതിശ്രുത വരന്റെ മുഖം വ്യക്തമാക്കിയുള്ള ചിത്രങ്ങളുമായി നിഹാരിക എത്തിയത്.

ആഴ്ചകൾക്ക് മുൻപായിരുന്നു ചൈതന്യയുടെ ജന്മദിനം. പിറന്നാൾ ദിനത്തിൽ പ്രിയതമന് ആശംസകൾ അറിയിച്ച് നിഹാരിക എത്തിയിരുന്നു. 'ഈയൊരു ചിരിയിൽ മുറി മുഴുവൻ പ്രകാശം നിറയും. ആലിംഗനങ്ങൾ വീട്ടിലെ പോലെയാണെന്ന് തോന്നിപ്പിക്കും. ചൈ നീയാണ് എന്റെ സന്തോഷയിടം. പലരിൽ നിന്നും ആദ്യത്തേത് ഇതാ. എല്ലാത്തിലും ഏറ്റവും മികച്ചത് നിങ്ങൾ അർഹിക്കുന്നു. എന്നുമായിരുന്നു നിഹാരികയുടെ ആശംസ.

നടനും നിർമ്മാതാവുമായ നാ​ഗേന്ദ്ര ബാബുവിന്റെ മകളാണ് നിഹാരിക.തെലുങ്കു നടൻ വരുൺ തേജ് സഹോദരനാണ്. തെലുങ്കു സൂപ്പർതാരങ്ങളായ ചിരഞ്ജീവിയുടെയും പവൻ കല്യാണിന്റെയും അനന്തിരവളാണ് നിഹാരിക. നടന്മാരായ രാം ചരൺ, സായ് ധരം തേജ്, അല്ലു അർജുൻ, അല്ലു സിരിഷ് എന്നിവർ കസിൻ സഹോദരങ്ങളുമാണ്.