പാർവതി ഒരിക്കലും വിചാരിച്ചു കാണില്ല തന്റെ വായിൽ നിന്നും വന്ന ഒരു വാക്ക് ഇത്രയും വലിയ പ്രശ്‌നമാകുമെന്ന്. ഒരു മാസം നീണ്ട വിവാദങ്ങൾക്കും അധിക്ഷേപങ്ങൾക്കും ഒടുവിൽ കസബ വിഷയത്തിൽ ഒരിക്കൽ കൂടി ഉള്ളു തുറക്കുകയാണ് നടി പാർവതി. ഞാൻ പറഞഞത് സിനിമയിലെ സ്ത്രീ വിരുദ്ധതയെ കുറിച്ചാണ്. മമ്മൂട്ടിയെ അപമാനിച്ചിട്ടില്ല. അദ്ദേഹത്തോട് ബഹുമാനമാണുള്ളത്. ഞാൻ പറഞ്ഞത് എന്തെന്ന് പോലും അറിയാതെയാണ് പലരും വിമർശനവുമായി രംഗത്തുവന്നത്-ദി സ്‌ക്രോളിൽ എഴുതിയ ലേഖനത്തിൽ പാർവതി പറഞ്ഞു.

സാമൂഹിക മാധ്യമങ്ങൾ വഴിയുള്ള ആക്രമണത്തിനെതിരെ പാർവതി ഡി.ജി.പി.ക്ക് പരാതി നൽകുകയും പൊലീസ് രണ്ടുപേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. ഇതിനുശേഷമാണ് വിഷയത്തിൽ തന്റെ നിലപാട് വ്യക്തമാക്കി പാർവതി രംഗത്തുവന്നത്.

പാർവതിയുടെ ലേഖനത്തിൽ നിന്ന്:

'ഞാൻ മമ്മൂട്ടിയെ അപമാനിച്ചിട്ടില്ല. മികച്ചൊരു നടൻ എന്നാണ് ഞാൻ അദ്ദേഹത്തെ വിളിച്ചത്. അങ്ങനെത്തന്നെയാണെന്നാണ് ഞാൻ വിശ്വസിക്കുന്നതും. ഞാൻ അദ്ദേഹത്തെ ബഹുമാനിക്കുന്നു. അദ്ദേഹത്തോട് വ്യക്തിപരമായി ഒരു വിരോധവും എനിക്കില്ല. എന്റെ പ്രസംഗത്തെ പാർവതി മമ്മൂട്ടിക്കെതിരെ എന്നാണ് പലരും തലക്കെട്ടാക്കിയത്. സിനിമയിലെ സ്ത്രീവിരുദ്ധതയെയാണ് ഞാൻ വിമർശിച്ചതെന്ന് റിപ്പോർട്ട് ചെയ്തത് ഒന്നോ രണ്ടോ പേർ മാത്രമാണ്. എന്നെ ആക്രമിച്ചവർ ഈ റിപ്പോർട്ട് പൂർണമായി വായിച്ചിട്ടില്ല. തലക്കെട്ട് മാത്രം വായിച്ച് എനിക്കെതിരെ പടയ്ക്കിറങ്ങുകയായിരുന്നു അവർ. എനിക്കെതിരെ സംസാരിച്ച സിനിമയ്ക്കകത്തുള്ളവർ പോലും ആ വീഡിയോ കണ്ടിട്ടില്ല. കണ്ടിരുന്നെങ്കിൽ ഞാൻ മമ്മൂട്ടിക്കെതിരെ ഒന്നും പറഞ്ഞിട്ടില്ലെന്ന് അവർ തിരിച്ചറിയുമായിരുന്നു.

ഒരു കഥാപാത്രത്തിന് ആരുമാവാം. അവർ ലൈംഗികപീഡനം നടത്തുന്നവരും സ്ത്രീവിരുദ്ധരുമൊക്കെയാവാം. എന്നാൽ, അയാളുടെ സ്ത്രീവിരുദ്ധത ഒരു മോശം കാര്യമായാണോ അതോ നല്ല കാര്യമായാണോ ചിത്രീകരിക്കുന്നത് എന്നാണ് പ്രശ്‌നം. എന്ത് സിനിമാറ്റിക് വ്യാകരണമാണ് ഉപയോഗിക്കുന്നത് എന്നതിനെ ആശ്രയിച്ചാണ് അതിരിക്കുന്നത്. സ്ത്രീവിരുദ്ധനായ ഒരു പുരുഷനെ കാണിച്ച് നിങ്ങൾക്ക് യാഥാർഥ്യത്തെ കാണിക്കാം. എന്നാൽ, അതിനെ ഒരു നല്ല പ്രകൃതമല്ലെന്നും നിങ്ങൾക്ക് കാണിക്കാം.

ഞാൻ സർഗാത്മക സ്വാതന്ത്ര്യം ഹനിക്കുകയാണെന്നാണ് എനിക്കെതിരെ ഉയരുന്ന പ്രധാന വിമർശനം. അതല്ല വാസ്തവം. സ്ത്രീവിരുദ്ധരെയും പരമ്പര കൊലയാളികളെയും ചിത്രീകരിക്കൂ. തെറ്റായ കാര്യങ്ങളെ മഹത്വവത്കരിക്കാതെ തന്നെ സൂപ്പർസ്റ്റാറുകളുടെ ഹീറോയിസം ആഘോഷിക്കൂ.

സിനിമ സിനിമ മാത്രമാണെന്ന് ജനങ്ങൾ പറയും. ആയിരക്കണക്കിന് ആളുകൾ രണ്ടര മണിക്കൂർ ഒരു ഇരുട്ടുമുറിയിൽ ഒന്നിച്ചിരുന്നു ചിരിക്കുകയും കരയുകയും കൈയടിക്കുകയും ഒരു കഥയുമായി താദാത്മ്യം പ്രാപിക്കുകയുമെല്ലാം ചെയ്യുമ്പോൾ സിനിമ ജനങ്ങളുടെ പൊതുബോധത്തെ സ്വാധീനിക്കാൻ കഴിയുന്ന ഒരു രാഷ്ട്രീയ പ്രവർത്തനമാവുന്നു. അതിന്റെ ഉത്തരവാദിത്വം ആ സിനിമയുടെ എഴുത്തുകാരനും സംവിധായകനുമാണ്. ഇതിനെല്ലാം പുറമെ സ്‌ക്രീനിൽ കാണിക്കുന്നതിനെയും പറയുന്നതിനെയും സ്വാധീനിക്കാൻ കഴിയുന്ന ശക്തമായ സാന്നിധ്യമായി ഒരു താരവുമുണ്ട്.

ഈ അവബോധത്തെക്കുറിച്ചാണ് ഞാൻ സംസാരിച്ചത്. എന്റെ എല്ലാ സിനിമകളിലും ഈ ചർച്ചയ്ക്ക് വഴിയൊരുക്കിയിട്ടുണ്ട് ഞാൻ. ഇതിന് എന്റെ ഒരു എഴുത്തുകാരനും സംവിധായകനും ഒരു പ്രശ്‌നമുണ്ടായിട്ടില്ല.

ലൈംഗികതയും സ്ത്രീവിരുദ്ധതയുമെല്ലാം ചിത്രീകരിക്കുകയും അവയെ മഹത്വവത്കരിക്കുകയും ചെയ്യുന്നത് വാണിജ്യപരമായാണെങ്കിൽ അവർക്ക് എന്താണ് പറയാനുള്ളത്. ഇവിടെ വിറ്റഴിക്കപ്പെടുന്നത് എന്താണ്. നിഷോത്മകമായ ഒന്നിനെയാണ് ഇവിടെ നല്ലതെന്ന വ്യാജേന വിറ്റഴിക്കപ്പെടുന്നത്. സ്ത്രീവിരുദ്ധനായ ഒരു വില്ലനെയാണ് കാണിക്കുന്നതെങ്കിൽ നമ്മൾ അയാളെ പിന്തുടരില്ല. കാരണം അയാൾ വില്ലനാണെന്ന് നമുക്കറിയാം. എന്നാൽ, ഒരു നായകന് ആഘോഷത്തോടെയുള്ള ഒരു പശ്ചാത്തല സംഗീതത്തിന്റെ അകമ്പടിയോടെ സ്ലോമോഷൻ നടത്തത്തോടെ ഇതേ സീനുകൾ ലഭിക്കുമ്പോൾ നിങ്ങൾക്ക് അയാളെപ്പോലെയാവാൻ തോന്നും. കാരണം അയാൾ നായകനാണ്.

ഈ പഠനത്തിന് സമയമെടുക്കും. എന്നാൽ, ഒന്നിരുന്ന് തെറ്റായ ആദർശങ്ങൾ എങ്ങനെ നമ്മുടെ സാമൂഹികഘടനയുടെ ഭാഗമാക്കായെന്ന് പരിശോധിക്കുമ്പോൾ നമുക്ക് അറിയാനാവും മനുഷ്യ മനസാക്ഷിയെ കലകൾ എത്രമാത്രം ആഴത്തിൽ സ്വാധീനിക്കുന്നുവെന്ന്.

സാമൂഹിക മാധ്യമങ്ങളുടെ വരവോടെ അസഹിഷ്ണുത എത്രമാത്രം വളർന്നുവെന്ന് ഒന്ന് നോക്കൂ. നമ്മളോട് യോജിക്കാത്ത ഒരാളും ഇന്ന് സ്വീകാര്യമല്ല. പൗരുഷം കുറഞ്ഞവരോട് അസഹിഷ്ണുത പുലർത്തുന്ന കഥാപാത്രങ്ങളെ എന്തിന് സൃഷ്ടിക്കുന്നു. സ്വവർഗാനുരാഗികളെയും ഭിന്നലൈംഗികക്കാരെയും മോശപ്പെട്ട രീതിയിൽ എന്തിന് കൈകാര്യം ചെയ്യുന്നു. ഇവരെ എന്തിന് ഇങ്ങനെ പരിഹാസ കഥാപാത്രങ്ങളാക്കുന്നു. തടിച്ചവരെയും നിറം കുറഞ്ഞവരെയുംവച്ച് ഹാസ്യമുണ്ടാക്കുന്നത് എന്തിനാണ്.

ഇത്തരം അസഹിഷ്ണുതകളോട് എന്തിനാണ് ഇത്ര സഹിഷ്ണുത.

എനിക്ക് അസഹിഷ്ണുതയാണെന്ന് പറഞ്ഞാൽ അതെ. സ്ത്രീകളെയും ഇതര വിഭാഗങ്ങളിൽ പെട്ടവരെയും മോശമായി ചിത്രീകരിക്കുന്നതിനോട് എനിക്ക് അസഹിഷ്ണുത തന്നെയാണ്. ഇത്തരം സീനുകൾ കണ്ടിരിക്കാൻ എനിക്കാവില്ല. ഇതെന്റെ സിനിമാ വ്യവസായമാണ്. ഞാൻ ഇവിടെ ജോലി ചെയ്യുന്ന ആളാണ്. അതുകൊണ്ട് തന്നെ ഇതിനെക്കുറിച്ച് സംസാരിക്കാനുള്ള അവകാശം എനിക്കുണ്ട്. ഇതിനെക്കുറിച്ച് യുക്തിസഹമായ തർക്കത്തിൽ ഏർപ്പടാനുണ്ടെങ്കിൽ അത് കേൾക്കാൻ ഞാൻ തയ്യാറാണ്. ആരോഗ്യപരമായ ചർച്ചകളും സംവാദങ്ങളും വേണം എന്നു മാത്രമാണ് എനിക്ക് നിർബന്ധമുള്ളത്.

സ്ത്രീവിരുദ്ധത കേരളത്തിൽ മാത്രമാണുള്ളതെന്ന് കരുതിയെങ്കിൽ തെറ്റി. ഇത് എല്ലായിടത്തും സംഭവിക്കുന്ന കാര്യമാണെന്ന് വന്നെങ്കിൽ മാത്രമേ ഇതിനൊരു അറുതി ഉണ്ടാവൂ. ഇവിടെ ഇത്രയെങ്കിലും ബഹളമുണ്ടാകുന്നുണ്ടല്ലോ. ഇതുവഴി മാറ്റത്തിനുള്ള വഴിയൊരുക്കാൻ നമുക്കാവും.

ഇതിന് മുൻപും പലരും എന്നെ പോലെ ആക്രമിക്കപ്പെട്ടിട്ടുണ്ട്. അവർ എന്തു പറഞ്ഞു എന്നതിൽ ഉപരി ഒരു സ്ത്രീ സംസാരിച്ചുതുടങ്ങുന്നാണ് അസഹിഷ്ണുതയ്ക്ക് കാരണമാകുന്നത്.

സ്ത്രീവിരുദ്ധ ഇന്ന് നമ്മുടെ ജീവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞതിനാൽ അതൊരു തെറ്റാണെന്നു പോലും തിരിച്ചറിയപ്പെടുന്നില്ല. സ്ത്രീകളെക്കുറിച്ച് പുരുഷന്മാർ മോശം പരാമർശം നടത്തുമ്പോൾ സ്ത്രീകൾ തന്നെ നാണിച്ച് ചിരിക്കുന്നു. സമൂഹത്തിലെ ചെറിയ കൂട്ടങ്ങളിലുണ്ടാകുന്ന ഇത്തരം കാര്യങ്ങളാണ് സിനിമാ തിയ്യേറ്ററിലും കാണുന്നത്. അവിടെ എല്ലാവരും ഇതിന്റെ ഭാഗമാകാൻ നിർബന്ധിതരാവുകയാണ്.

മിണ്ടാതിരിക്കാനും അധിക്ഷേപിക്കപ്പെടാനും വിധിക്കപ്പെട്ടവരാണെന്ന് സ്ത്രീകൾ സ്വയം ചിന്തിക്കുകയാണ്. വിമോചനത്തിൽ നിന്ന് ഏറെ അകലെയാണ് അവർ.

സന്തോഷത്തെക്കുറിച്ചുള്ള അവരുടെ ധാരണയുമായി ചേർന്നു പോകാത്തതിനാൽ ഞാനൊരു സന്തോഷകരമായ ജീവിതമാണ് നയിക്കുന്നത് എന്ന് പല സ്ത്രീകൾക്കും ഉൾക്കൊള്ളാൻ കഴിയുന്നില്ല. ഞാൻ അപൂർണയായ ഒരു വ്യക്തിയാണെന്ന് പലരും ധരിച്ചിരിക്കുകയാണ്.

എന്റെ സിനിമയിലെ വേഷത്തിന്റെയും സിനമയിൽ ഞാൻ ചെയ്ത ലിപ്?ലോക്ക് സീനിനെയുമെല്ലാം വിമർശിക്കുന്നവരുണ്ട്. സിനിമയിൽ ഒരു കാമുകനുമായ ഉഭയസമ്മത പ്രകാരം ചെയ്യുന്ന ഒരു കാര്യം ഒരു സ്ത്രീകക്കെതിരെ ലൈംഗിക അതിക്രമം നടത്തുന്നതിനും സ്ത്രീകളെ ഭീഷണിപ്പെടുത്തുന്നതിനും തുല്ല്യമാകുന്നത് എങ്ങനെ.

അത്തരം ഒരു സീൻ ചെയ്തതിനാൽ എനിക്ക് മറ്റ് വിമർശനങ്ങളൊന്നു നടത്താൻ യോഗ്യതയില്ലെന്നാണ് പലരുടെയും ധാരണ. ഇത് സ്ത്രീകളുടെ വിശുദ്ധിയെന്ന നൂറ്റാണ്ടുകളായി വച്ചു പുലർത്തുന്ന പുരുഷ കേന്ദ്രീകൃതമായ കാഴ്ചപ്പാടിന്റെ സൃഷ്ടിയാണ്. കന്യകാത്വം നഷ്ടപ്പെട്ട, പുരുഷ സ്പർശനമേറ്റ സ്ത്രീ വിശുദ്ധയല്ലെന്നാണ് ധാരണ. അവളുടെ വാക്കിന് പിന്നെ വിലയില്ല. ഞാൻ ചെയ്ത കഥാപാത്രങ്ങളെവച്ചാണ് എന്റെ വ്യക്തിത്വത്തെ വിലയിരുത്തുന്നത്. ഒരു കാര്യം എനിക്ക് ഉറപ്പിച്ചു പറയാം. ഞാൻ ചെയ്ത ഒരു കഥാപാത്രവും സ്ത്രീവിരുദ്ധതയെ നല്ല കാര്യമായി കാണിച്ചിട്ടില്ല. ഒരു സ്ത്രീ ആക്രമിക്കപ്പെടുമ്പോൾ അത് മാനഭംഗത്തിന്റെയും വധഭീഷണിയുടെയുമെല്ലാം ക്രിമിനിൽ തലത്തിൽ എത്തുകയാണ്.


എന്റെ പ്രായവും ഒരു ഘടകമാണ്. കുറച്ചുകൂടി മുതിർന്ന ഒരു സ്ത്രീയാണ് ഇക്കാര്യങ്ങൾ പറയുന്നതെങ്കിൽ ഇതുപോലുള്ള പ്രശ്‌നങ്ങൾ ഉണ്ടാവില്ല. ചെറുപ്പക്കാരിയായ എനിക്ക് എങ്ങനെയാണ് ഇതുപോലെ സംസാരിക്കാൻ കഴിയുന്നത് എന്നാണ് ചിലർ ചോദിക്കുന്നത്. നിങ്ങൾ ഒരു സ്ത്രീയാണെങ്കിൽ നിങ്ങളുടെ ശാരീരിക സവിശേഷതകൾ വച്ചാണ് പിന്നെ വിർമശനം.

എന്നോട് മൗനം അവലംബിക്കാൻ പറയുന്നവരുണ്ട്. പ്രശ്‌നങ്ങൾ താനെ കെട്ടടങ്ങുമെന്നാണ് പലരും പറയുന്നത്. എന്നാൽ, ഇപ്പോൾ ഞാൻ മിണ്ടാതിരുന്നാൽ അടുത്ത തവണയും എനിക്ക് മിണ്ടാതിരിക്കേണ്ടിവരും. അപ്പോൾ ജീവിതകാലം മുഴുവൻ ഞാൻ ഭയന്ന് മിണ്ടാതിരിക്കേണ്ടിവരും. ഞാൻ നിയമം അനുസരിക്കുന്ന, നികുതിയടയ്ക്കുന്ന ഒരു പൗരയാണ്. അതുകൊണ്ടുതന്നെ മറ്റാരെയും പോലെ എനിക്കുമുണ്ട് സംസാരിക്കാനുള്ള അവകാശം.

ഇന്ന് സ്ത്രീകളോടുള്ള പെരുമാറ്റത്തെക്കുറിച്ചും സ്ത്രീകളെ ചിത്രീകരിക്കുന്നതിനെക്കുറിച്ചും ചർച്ച ചെയ്യാൻ വിമൺ ഇൻ സിനിമ കളക്ടീവ് ഉണ്ട്. ഞങ്ങളുടെ ഒരു സഹപ്രവർത്തകയെ തട്ടിക്കൊണ്ടുപോയി മാനഭംഗം ചെയ്യപ്പെട്ടശേഷം ഞങ്ങളുടെ പ്രശ്‌നങ്ങൾ പറയാനും ചർച്ച ചെയ്യാനും ഒരു വേദിയില്ലെന്ന് ഞങ്ങൾ തിരിച്ചറിഞ്ഞു. അതിന് മുൻപ് ഇതൊക്കെ ഒറ്റപ്പെട്ട സംഭവങ്ങളാണെന്നാണ് ഞങ്ങൾ കരുതിയിരുന്നത്. അങ്ങനെയാണ് അതൊക്കെ കൈകാര്യം ചെയ്തിരുന്നതും. ഇനി അതുണ്ടാവില്ല. സ്ത്രീകൾ എന്ന നിലയിൽ തൊഴിലിടത്തെ ഞങ്ങളുടെ അവകാശങ്ങൾ ഞങ്ങൾക്ക് അറിയണം. അതിനെക്കുറിച്ച് ചർച്ചകളും നടക്കണം. അങ്ങനെയാണ് ഡബ്ല്യുസിസി ഉണ്ടായത്.

അസോസിയേഷൻ വഴി ഞങ്ങൾ പുരുഷന്മാരെ ആക്രമിക്കുകയാണെന്നൊരു ധാരണയുണ്ട്. അതുകാരണമാണ് ചിലർ ഫെമിനിസ്റ്റ് എന്ന വാക്ക് ഉപയോഗിച്ച് ഞങ്ങളെ ആക്രമിക്കുന്നത്. അതൊരു മോശം പദമാണെന്നാണ് അവരുടെ ധാരണ. ഞങ്ങൾ ഒന്നിച്ച് പ്രവർത്തിക്കുന്നവരാണെന്ന് ഇവർ കാലാന്തരേണ മനസ്സലാക്കിക്കൊള്ളും.

ഇപ്പോഴത്തെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ സമയമെടുക്കും. തലമുറകളായി നമ്മൾ മറച്ചുവച്ച കാര്യങ്ങൾ പരിഹരിക്കാൻ ഒരു സൈന്യം തന്നെ ഉയർന്നുവരുന്നുണ്ട്. നിയമവും സ്‌നേഹവും ബഹദമാവും വഴി ഇത്തവണ ഇതൊക്കെ പരിഹരിക്കപ്പെടും.

ഇത് പാശ്ചാത്ത്യ നാടുകളിൽ ആരും മോശപ്പെട്ട പദപ്രയോഗങ്ങൾ നടത്താറില്ല. ഒരുപക്ഷേ പത്ത് വർഷം കഴിഞ്ഞാൽ തീന്മേശയിൽ ആരെങ്കിലും ഇത്തരമൊരു തമാശ പറഞ്ഞാൽ ആളുകൾ ചിരിക്കാതിരിക്കും. അതൊന്നും തമാശകളെന്ന് തിരിച്ചറിയുന്ന ദിവസം വരും.'