കൊച്ചി: നടിയെ അക്രമിച്ച കേസ് പുതിയ വഴികളിലേക്ക് കടക്കുമ്പോൾ കഴിഞ്ഞ അഞ്ചുവർഷമായി താൻ അനുഭവിച്ച വേദനയും പ്രതികൾ ശിക്ഷിക്കപ്പെടുന്നത് വരെ പോരാടുമെന്ന ഉറപ്പുമായി നടിയുടെ കുറിപ്പ്.താൻ തെറ്റ് ചെയ്തിട്ടില്ലെങ്കിലും തന്നെ ഒറ്റപ്പെടുത്താനും നിശബ്ദയാക്കാനും ശ്രമങ്ങളുണ്ടായി.അതിനിടിയിൽ തനിക്കൊപ്പം നിന്നവർക്ക് നന്ദിയും നടി കുറിപ്പിൽ രേഖപ്പെടുത്തി.നടി തന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജിലുടെയാണ് കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.

കുറ്റം ചെയ്തത് താൻ അല്ലെങ്കിലും തന്നെ അവഹേളിക്കാനും നിശബ്ദയാക്കാനും ഒറ്റപ്പെടുത്താനും ശ്രമങ്ങൾ ഉണ്ടായിട്ടുണ്ടെന്നും എന്നാൽ അപ്പോഴൊക്കെയും ചിലരൊക്കെ നിശബ്ദത ഭേദിച്ച് തനിക്ക് വേണ്ടി സംസാരിക്കാൻ മുന്നോട്ട് വന്നുവെന്നും നടി പറയുന്നു. കൂടെ നിൽക്കുന്ന എല്ലാവർക്കും ഹൃദയം നന്ദി പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിച്ചത്.

കുറിപ്പിന്റെ പൂർണ്ണ രൂപം

ഈ യാത്ര ഒരിക്കലും എളുപ്പമായിരുന്നില്ല. ഇരയാക്കപ്പെടലിൽ നിന്നും അതിജീവനത്തിലേക്കുള്ള ഈ യാത്ര.

അഞ്ച് വർഷമായി എന്റെ പേരും വ്യക്തിത്വവും എനിക്ക് സംഭവിച്ച അക്രമണത്തിൽ അടിച്ചമർത്തപ്പെട്ടിരിക്കുകയാണ്. കുറ്റം ചെയ്തത് ഞാൻ അല്ലെങ്കിലും എന്നെ അവഹേളിക്കാനും നിശബ്ദയാക്കാനും ഒറ്റപ്പെടുത്താനും ശ്രമങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നാൽ അപ്പോളൊക്കേയും ചിലരൊക്കെ നിശബ്ദത ഭേദിച്ച് മുന്നോട്ട് വന്നു; എനിക്ക് വേണ്ടി സംസാരിക്കാൻ, എന്റെ ശബ്ദം നിലക്കാതിരിക്കാൻ. ഇന്ന് എനിക്ക് വേണ്ടി നിലകൊള്ളുന്ന ഇത്രയും ശബ്ദങ്ങൾ കേൾക്കുമ്പോൾ ഞാൻ തനിച്ചല്ലെന്ന് തിരിച്ചറിയുന്നു.

നീതിപുലരാനും തെറ്റു ചെയ്തവർ ശിക്ഷിക്കപ്പെടാനും ഇങ്ങനെയൊരനുഭവം മറ്റാർക്കും ഉണ്ടാവാതെയിരിക്കാനും ഞാൻ ഈ യാത്ര തുടർന്ന്കൊണ്ടിരിക്കും. കൂടെ നിൽക്കുന്ന എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി.

അതേസമയം നടിയെ ആക്രമിച്ച കേസിൽ സംവിധായകൻ ബാലചന്ദ്രകുമാറിനെ കണ്ടിട്ടുണ്ടെന്ന് കേസിലെ മുഖ്യപ്രതി പൾസർ സുനിയും വെളിപ്പെടുത്തി. കേസിലെ സാക്ഷിയായ ജിൻസനുമായുള്ള സുനിയുടെ ഫോൺ സംഭാഷണം പുറത്തുവന്നു. സംഭാഷണത്തിൽ ബാലചന്ദ്രകുമാറിന്റെ ആരോപണങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങൾ സുനി നിഷേധിക്കുന്നില്ല. സുനിയുടെ സഹതടവുകാരൻ ആയിരുന്നു ജിൻസൻ. ഫോൺ സംഭാഷണത്തെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു.

സംവിധായകൻ ബാലചന്ദ്രകുമാറിനെ മുൻപ് കണ്ടിട്ടുണ്ടെന്ന് സംഭാഷണത്തിനിടെ സുനി പറയുന്നുണ്ട്. ദിലീപിന്റെ വീട്ടിലും ഹോട്ടലിലും വച്ച് ബാലചന്ദ്രകുമാറിനെ മൂന്നിലേറെ തവണ കണ്ടിട്ടുണ്ടെന്നാണ് പൾസർ സുനി ഫോൺ സംഭാഷണത്തിൽ പറയുന്നത്. സുനിയുടെ സഹതടവുകാരൻ ആയിരുന്നു ജിൻസൻ. കേസിലെ മുഖ്യപ്രതിയായ സുനിയെ നിരവധി തവണ കണ്ടിട്ടുണ്ടെന്ന് നേരത്തെ ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയിരുന്നു. പൾസർ സുനിയുമായി ദിലീപിന് അടുത്ത ബന്ധമായിരുന്നെന്നും ഇക്കാര്യം പുറത്തുപറയാതിരിക്കാൻ നടനും ബന്ധുക്കളും നിർബന്ധിച്ചുവെന്നുമായിരുന്നു ബാലചന്ദ്രകുമാറിന്റെ ആരോപണം.

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന ആരോപണത്തിൽ നടൻ ദിലീപിനെതിരെ എടുത്ത പുതിയ കേസിന്റെ എഫ്ഐആർ ഇന്നു ആലുവ മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിക്കും. അന്വേഷണ ഉദ്യോഗസ്ഥൻ ഡിവൈഎസ്‌പി ബൈജു പൗലോസാണ് പുതിയ കേസിലെ പരാതിക്കാരൻ.

ബാലചന്ദ്രകുമാറിന്റെ മൊഴിയെ അടിസ്ഥാനമാക്കി ക്രൈംബ്രാഞ്ച് തിരുവനന്തപുരം യൂണിറ്റാണ് കേസെടുത്തതെങ്കിലും, പിന്നീട് കേസ് അന്വേഷണം എറണാകുളം ക്രൈംബ്രാഞ്ചിനു കൈമാറി. എറണാകുളം ക്രൈംബ്രാഞ്ച് എസ്‌പി മോഹനചന്ദ്രനാണ് കേസിന്റെ അന്വേഷണ ചുമതല. ബൈജു പൗലോസിനെ ലോറിയിടിച്ച് കൊല്ലാൻ ഗൂഢാലോചന നടത്തുന്നത് കേട്ടുവെന്നാണ് ബാലചന്ദ്രകുമാറിന്റെ മൊഴി.