തൃശൂർ: സിനിമ-സീരിയൽ നടി രേഖ മോഹൻ (45) മരിച്ച നിലയിൽ. തൃശൂർ ശോഭ സിറ്റിയിലെ ഫ്‌ളാറ്റിലാണു നടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.

കൊടകര കാരൂർ സ്വദേശിയായ രേഖയെ രണ്ടു ദിവസം മുമ്പു ഡ്രൈവർ ഫ്‌ളാറ്റിൽ കൊണ്ടുവിട്ടിരുന്നു. പിന്നീടു രണ്ടു ദിവസവും വാതിൽ തുറന്നിരുന്നില്ല.

ഏതെങ്കിലും ഷൂട്ടിങ്ങിനായി പോയതാകും എന്നാണ് അടുത്തുള്ളവർ കരുതിയിരുന്നത്. ഡ്രൈവർ ഇന്നെത്തി വാതിലിൽ മുട്ടി വിളിച്ചപ്പോൾ വാതിൽ തുറന്നില്ല. സംശയം തോന്നിയതിനെ തുടർന്നു പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.

പൊലീസെത്തി വാതിൽ തുറന്നപ്പോൾ നടിയുടെ മൃതദേഹം ഒരു കസേരയിൽ ഇരിക്കുന്ന നിലയിൽ കണ്ടെത്തുകയായിരുന്നു. മലേഷ്യയിലാണ് രേഖയുടെ ഭർത്താവ്. ഇവർക്കു മക്കളില്ല.

ഉദ്യാനപാലകൻ എന്ന ചിത്രത്തിൽ മമ്മൂട്ടിയുടെ സഹോദരിയായി അഭിനയിച്ചിട്ടുണ്ട്. മോഹൻലാലിന്റെ ഒരു യാത്രാമൊഴി, ദിലീപ് നായകനായ നീ വരുവോളം എന്നീ ചിത്രങ്ങളിലും അഭിനയിച്ചു. നിരവധി സീരിയലുകളിലും രേഖ അഭിനയിച്ചിട്ടുണ്ട്.